നാദിര്‍ഷാക്ക് കണ്ണീരോടെ വിട
കരുനാഗപ്പള്ളി: കഴിഞ്ഞദിവസം പുത്തന്‍തെരുവിലുണ്ടായ വാഹന അപകടത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകനും ഐ.എന്‍.ടി.യു.സി സംസ്ഥാന സെക്രട്ടറിയുമായ എം.ആര്‍ നാദിര്‍ഷയുടെ ഖബറടക്കം നടത്തി.
വെള്ളിയാഴ്ച രാത്രി മുതല്‍ നാദിര്‍ഷായുടെ മൃതദേഹം സൂക്ഷിച്ചിരുന്ന കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലേക്ക് വന്‍ ജനപ്രവാഹമായിരുന്നു. ശനിയാഴ്ച രാവിലെ ആയിരങ്ങള്‍ പങ്കെടുത്ത വിലാപയാത്രയോടെയാണ് മൃതദേഹം കൊണ്ടുപോയത്. കരുനാഗപ്പള്ളി കോണ്‍ഗ്രസ് ഭവന്‍, വവ്വാക്കാവ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചു. കോണ്‍ഗ്രസിന്റെയും ഐ.എന്‍.ടി.യു.സിയുടേയും ആഹ്വാനപ്രകാരം ഉച്ചയ്ക്ക് 12വരെ കരുനാഗപ്പള്ളി നിയോജകമണ്ഡലത്തില്‍ ഹര്‍ത്താല്‍ ആചരിച്ചു.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.സി.രാജന്‍, പി.ജര്‍മിയാസ്, പി.രാമഭദ്രന്‍, എ.കെ.ഹഫീസ്, തൊടിയൂര്‍ രാമചന്ദ്രന്‍, എന്‍.അഴകേശന്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. തയ്യല്‍ തൊഴിലാളി കോണ്‍ഗ്രസ് മേഖലയെ പ്രതിനിധാനം ചെയ്ത് സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും നൂറുകണക്കിന് തയ്യല്‍ തൊഴിലാളികള്‍ കൂട്ടത്തോടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. വവ്വാക്കാവ് ജുമാമസ്ജിദില്‍ നടന്ന ഖബറടക്കത്തിനു ശേഷം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുശോചനയോഗം ചേര്‍ന്നു.
മണ്ഡലം പ്രസിഡന്റ് അശോകന്‍ കുറുങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു. ആര്‍. രാമചന്ദ്രന്‍ എം.എല്‍.എ, ഷാനിമോള്‍ ഉസ്മാന്‍, സി.ആര്‍.മഹേഷ്, ഇസ്മയില്‍ കെ.എസ്.പുരം, ചിറ്റുമൂല നാസര്‍, എം.അന്‍സാര്‍, മുനമ്പത്ത് വഹാബ്, കെ.എസ്.പുരം സുധീര്‍, അഡ്വ: എം.ഇബ്രാഹിംകുട്ടി, ഷംസ്, എ.എ.അസീസ്, അലാവുദ്ദീന്‍, ആദിനാട് മജീദ്, ഷിബു ബഷീര്‍, ചവറ ഹരീഷ്‌കുമാര്‍, പെരുമാനൂര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."