എ.സി വര്‍ക്കി നീരയെ പൊന്നാക്കിയ കര്‍ഷക നേതാവ്
കല്‍പ്പറ്റ: വിടവാങ്ങിയത് നീരയെ പൊന്നാക്കിയ കര്‍ഷക നേതാവ്. യൗവനാരംഭത്തില്‍ കല്ലും മുള്ളും നിറഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളിലേക്ക് നടന്നടുക്കുമ്പോള്‍ ഒന്നുമായിരുന്നില്ല നടവയല്‍ ആനിക്കല്‍ ചാക്കോ-റോസമ്മ ദമ്പതികളുടെ മൂത്തമകന്‍ വര്‍ക്കി.
പത്താം ക്ലാസില്‍ പഠനം നിര്‍ത്തി തയ്യല്‍ പഠിക്കാന്‍ പോയ വര്‍ക്കിക്ക് ആ വിദ്യ കരഗതമാക്കാനായില്ല. ക്ലാസിലെ പിഴവുകളില്‍ ഒന്നിന് കരണത്ത് ആഞ്ഞടിച്ചാണ് ആശാന്‍ ശിഷ്യനെ ശിക്ഷിച്ചത്. അതോടെ സൂചിയും നൂലും മാറ്റിവച്ച് വര്‍ക്കി തപാല്‍ വകുപ്പില്‍ ഇഡി മെയില്‍ കാരിയറായി. ഈ തൊഴിലും പച്ചപിടിച്ചില്ല. പിന്നീടാണ് പൊതുപ്രവര്‍ത്തനത്തിലേക്കിറങ്ങിയത്.
സമൂഹിക സേവനത്തിനു യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, കോണ്‍ഗ്രസ് (എസ്) ഒക്കെയായെങ്കിലും വര്‍ക്കിയുടെ മനസിലെ നീറ്റല്‍ അടങ്ങിയില്ല. കാര്‍ഷികത്തകര്‍ച്ചയുടെ ആഘാതം മരക്കൊമ്പുകളിലും വിഷക്കുപ്പികളിലും കൃഷിക്കാര്‍ ഇറക്കിവയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ കരള്‍ പിടഞ്ഞു. ആ പിടച്ചിലില്‍നിന്നു പിറവിയെടുത്ത ഫാര്‍മേഴ്‌സ് റിലീഫ് ഫോറം എ തീപ്പൊരി പ്രസ്ഥാനം ഒന്നുമല്ലാതായിരുന്ന വര്‍ക്കിയെ എല്ലാമാക്കി. ദുരിതസാഗരത്തില്‍ മൂക്കോളം മുങ്ങിയ ആയിരക്കണക്കിനു കര്‍ഷകരുടെ മിത്രവും ധനകാര്യസ്ഥാപനങ്ങളുടെ പ്രഖ്യാപിത ശത്രുവുമായി അദ്ദേഹം മാറി.
നടവയല്‍ എന്ന കുഗ്രാമത്തില്‍ രൂപമെടുത്ത് വയനാട്ടിലാകെയും കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാര്‍ഷിക മേഖലകളിലും വേരോടിയ എഫ്.ആര്‍.എഫ് എ ന്ന കര്‍ഷക പ്രസ്ഥാനത്തിന്റെ പിതാവായാണ് 62കാരനായ വര്‍ക്കി അറിയപ്പെടുന്നത്. കര്‍ഷക സമരമുഖങ്ങളില്‍ സജീവമായിരിക്കെ, മൂന്നു വര്‍ഷം മുമ്പ് വര്‍ക്കിയെ രോഗം തളര്‍ത്തി. തുടര്‍ന്നു ചികില്‍സക്ക് വര്‍ക്കിയ കിടപ്പുദീനക്കാരന്‍ എന്ന അവസ്ഥയില്‍ നിന്നു മോചിപ്പിക്കാനായെങ്കിലും ആരോഗ്യം വീണ്ടെടുത്തു കൊടുക്കാനായില്ല.
ഇതോടെ എഫ്.ആര്‍.എഫിന്റെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ വര്‍ക്കി നടവയലിലെ വീട്ടില്‍ വിശ്രമ ജീവിതത്തിലായിരുന്നു. കാര്‍ഷിക കടാശ്വാസ പദ്ധതിയും തെങ്ങ് ചെത്തി നീര ഉല്‍പാദിപ്പിച്ചു വില്‍ക്കാന്‍ കര്‍ഷക കൂട്ടായ്മകള്‍ക്കുള്ള അവകാശവും ഒരുകാലത്ത് എഫ്.ആര്‍.എഫിന്റെയും വര്‍ക്കിയുടെയും സ്വപ്നങ്ങളായിരുന്നു. ഇതു യാഥാര്‍ഥ്യമാക്കാന്‍ തെല്ലൊന്നുമല്ല വര്‍ക്കി പരിശ്രമിച്ചത്. 1992ല്‍ നടവയല്‍ ആസ്ഥാനമായി പ്രവര്‍ത്തമാരംഭിച്ചതാണ് ഫാര്‍മേഴ്‌സ് റീലീഫ് ഫോറം. പേര് സൂചിപ്പിക്കുന്നതു പോലെ, കടക്കെണിയിലകപ്പെട്ട് ജപ്തി ഭീഷണിയിലും ആത്മഹത്യാ മുനമ്പിലുമായ കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സംഘടനയുടെ രൂപീകരണം.
ബാങ്ക് വായ്പകള്‍ അടച്ചുപുതുക്കുന്നതില്‍ സഹായിക്കുന്നതിനായി 1994ല്‍ ആവിഷ്‌കരിച്ച പ്രാദേശിക വായ്പാ നിധിയാണ് (ലോക്കല്‍ ലോണ്‍ ഫണ്ട്) കര്‍ഷകരെ ഫാര്‍മേഴ്‌സ് റിലീഫ് ഫോറത്തിലേക്ക് കൂട്ടത്തോടെ ആകര്‍ഷിച്ചത്. ലോണ്‍ ഫണ്ടാണ് ഫോറത്തിന്റെ പ്രവര്‍ത്തനം ഇതര ജില്ലകളിലേക്ക് വ്യാപിക്കുന്നതിനു വഴിയൊരുക്കിയതും. ആയിരക്കണക്കിനു കര്‍ഷകരാണ് നിധി ഉപയോഗപ്പെടുത്തി വായ്പ അടച്ചുപുതുക്കി ജപ്തി നടപടികളില്‍ നിന്നു ഒഴിവായത്. 1999 ഡിസംബറിലായിരുന്നു നീര ഉല്‍പാദന അവകാശത്തിനായുള്ള സമരം. ഈ സമരത്തിനു നേതൃത്വം നല്‍കിയ വര്‍ക്കി അബ്കാരി നിയമ ലംഘനത്തിന് 28 ദിവസമാണ് റിമാന്‍ഡില്‍ കഴിഞ്ഞത്. സമരത്തില്‍ വര്‍ക്കിക്കു പിന്നില്‍ അണിനിരവര്‍ക്കും അനുഭവിക്കേണ്ടിവന്നു ജയില്‍വാസം. ജപ്തി പ്രതിരോധ പ്രക്ഷോപത്തിന്റെ ഭാഗമായി എഫ്.ആര്‍.എഫ് വയനാട് കലക്ടറേറ്റ് പടിക്കല്‍ ആഴ്ചകള്‍ നീണ്ട സമരമാണ് നടത്തിയത്. 2006 നവംബര്‍ ഒന്നിന് ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹം ഡിസംബര്‍ ഒന്നിനു നിരാഹാര സമരമാക്കി. സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 2007 ജനുവരി 26നാണ് ഈ പ്രക്ഷോപം ഒത്തുതീര്‍ന്നത്.
വാഴവറ്റ തെറ്റിത്താനം ജോര്‍ജ്-കാതറിന്‍ ദമ്പതികളുടെ മകള്‍ ഗ്രേസിയാണ് വര്‍ക്കിയുടെ ഭാര്യ. ജയ്‌സണ്‍, അജയ്, റോസ്‌ലിന്‍ ജോര്‍ജ്. മരുമകള്‍: ജിന്‍സി എനിനവര്‍ അടങ്ങുന്നതാണ് കുടുംബം. കാര്‍ഷിക ബജറ്റെ തന്റെ സ്വപ്നം പൂവണിയിക്കാനായില്ലെങ്കിലും കര്‍ഷകരെ ഒരു കുടക്കീഴില്‍ അണിനിരത്തി തങ്ങളുടെ ആവശ്യങ്ങളുടെ ഭൂരിഭാഗവും നേടിയെടുപ്പിക്കാന്‍ ഈ തളരാത്ത പേരാളിക്ക് സാധിച്ചു. കര്‍ഷക ചരിത്രത്തിലും വയനാടിന്റെ വരുംകാല ചരിത്രത്തിലും എ.സി വര്‍ക്കിയുടെ പേര് തങ്കലിപികളാല്‍ എഴുതപ്പെടുമെന്നത് തീര്‍ച്ചയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."