ഗൾഫിലെ സ്‌കൂളുകളിൽ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് പകരം പ്രത്യേക വിലയിരുത്തൽ: സുപ്രിംകോടതി സി.ബി.എസ്.ഇയുടെ പ്രതികരണം തേടി
ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം കാരണം ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ പന്ത്രണ്ടാം പരീക്ഷക്ക് പകരം നടപ്പിലാക്കിയ പ്രത്യേക വിലയിരുത്തൽ പദ്ധതിക്കെതിരേ ഗൾഫിലെ വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ സുപ്രിംകോടതി നോട്ടിസയച്ചു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ ബോർഡ് പരീക്ഷകളാണ് സി.ബി.എസ്.ഇ റദ്ദാക്കിയിരുന്നത്. ബോർഡ് പരീക്ഷാ മാർക്കിന് പകരം വിദ്യാർഥികളുടെ അന്തിമ സ്‌കോറുകൾ, പാദവാർഷിക പരീക്ഷാ മാർക്ക്, അർധവാർഷിക പരീക്ഷാ മാർക്ക്, പ്രീ-ബോർഡ് പരീക്ഷാ മാർക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഫലം നിശ്ചയിച്ചത്.
ഈ രീതി മൂലം യഥാർഥ ബോർഡ് പരീക്ഷകളിൽ നേടിയതിനേക്കാൾ കുറഞ്ഞ മാർക്കാണ് ലഭിച്ചതെന്നാരോപിച്ചാണ് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചത്. ചില വിദ്യാർഥികൾക്ക് വിദേശ വിദ്യാർഥികളുടെ നേരിട്ടുള്ള പ്രവേശനം, ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ തൊഴിലാളികളുടെ കുട്ടികൾ എന്നീ വിഭാഗങ്ങളിൽ കോളജ് പ്രവേശനത്തിന് യോഗ്യത നഷ്ടപ്പെട്ടു. ഇവ രണ്ടിനും കുറഞ്ഞത് 75ശതമാനം മാർക്ക് ആവശ്യമാണ്. ജെ.ഇ.ഇ മെയിനിന് യോഗ്യത നേടിയ ചില വിദ്യാർഥികൾക്ക് 75 ശതമാനം മാർക്ക് എന്ന യോഗ്യത നേടാത്തതിനാൽ പ്രവേശനം ലഭിച്ചില്ല. മികച്ച അക്കാദമിക് റെക്കോർഡ് ഉണ്ടായിരുന്നിട്ടും ചില വിദ്യാർഥികളെ പരാജയപ്പെടുത്തിയതായും ഹരജിയിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."