ഇറാൻ്റെ മിസൈലുകളും ഡ്രോണുകളും വെടിവെച്ചിട്ട് കുവൈത്ത്; തകർന്നുവീണ അവശിഷ്ടങ്ങൾ പതിച്ച് ഒരാൾക്ക് പരുക്ക്
കുവൈത്ത് സിറ്റി: ഗൾഫ് മേഖലയിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ, തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചെത്തിയ മിസൈലുകളും ഡ്രോണുകളും കൂട്ടത്തോടെ വെടിവെച്ചിട്ടതായി കുവൈത്ത് സായുധ സേന.
ഇന്ന് പുലർച്ചെ കുവൈത്ത് വ്യോമാതിർത്തിയിൽ വൻതോതിലുള്ള വിദേശ മിസൈൽ-ഡ്രോൺ സാന്നിധ്യം കണ്ടെത്തിയതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ ജനവാസ മേഖലകളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടെത്തിയ 3 ബാലിസ്റ്റിക് മിസൈലുകളും 1 ക്രൂയിസ് മിസൈലും 10 ഡ്രോണുകളും കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനം ആകാശത്തുവെച്ച് തന്നെ തകർത്തു.
വ്യോമപ്രതിരോധ സേന മിസൈലുകളും ഡ്രോണുകളും ആകാശത്തുവെച്ച് വെടിവെച്ചിട്ടതിനെ തുടർന്ന് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇവയുടെ അവശിഷ്ടങ്ങൾ തകർന്നുവീണു. രാജ്യത്തുടനീളമുള്ള നിരവധി ജനവാസ മേഖലകളിൽ ഈ അവശിഷ്ടങ്ങൾ പതിച്ചതായും, ഇതിനിടയിൽ പെട്ട് ഒരാൾക്ക് പരുക്കേറ്റതായും സിവിൽ ഡിഫൻസ് അതോറിറ്റി അറിയിച്ചു.
പരുക്കേറ്റ വ്യക്തിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന് ആവശ്യമായ അടിയന്തിര വൈദ്യസഹായം ലഭ്യമാക്കുന്നുണ്ടെന്നും നിലവിൽ ആരോഗ്യനില തൃപ്തികരമാണെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തുറസ്സായ സ്ഥലങ്ങളിൽ ഇറങ്ങരുതെന്നും അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
Kuwait's air defense systems intercepted Iranian missiles and drones, but falling debris injured one person, prompting heightened security measures amid escalating regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."