ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തിയെന്ന് ഇറാൻ സൈന്യം; വ്യോമാക്രമണം തകർത്തതായി ബഹ്‌റൈൻ
മനാമ: ഗൾഫ് മേഖലയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് മിഡിൽ ഈസ്റ്റിൽ കടുത്ത സൈനിക നീക്കങ്ങൾ. ഇറാന്റെ ഭാഗത്തുനിന്നുണ്ടായ നിരവധി വ്യോമാക്രമണങ്ങളെ തങ്ങളുടെ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ബഹ്‌റൈൻ സായുധ സേന അവകാശപ്പെട്ടു.
അതിരാവിലെ ബഹ്‌റൈൻ സൈന്യം പുറത്തുവിട്ട പ്രസ്താവന പ്രകാരം, തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനം ഇറാന്റെ വ്യോമാക്രമണങ്ങളെ കൃത്യമായി നേരിടുകയും അവയെ ആകാശത്തുവെച്ച് തന്നെ തടഞ്ഞ് നശിപ്പിക്കുകയും ചെയ്തെന്ന് വ്യക്തമാക്കി. ഗൾഫ് മേഖലയിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് തങ്ങൾ വൻതോതിൽ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ സൈന്യം അവകാശപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ബഹ്‌റൈന്റെ പ്രതികരണം.
ഗൾഫിലെ യുഎസ് തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ്റെ ഡ്രോൺ പട
ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ എന്നീ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെയും തന്ത്രപ്രധാന കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് തങ്ങൾ ഡ്രോൺ ആക്രമണം നടത്തിയതെന്ന് ഇറാൻ സൈന്യം വെളിപ്പെടുത്തി. ആക്രമണത്തിനായി വലിയ തോതിൽ വ്യത്യസ്ത തരം അത്യാധുനിക ഡ്രോണുകൾ ഉപയോഗിച്ചതായി ഇറാൻ അവകാശപ്പെടുന്നു.
കുവൈത്തിലെ യുഎസ് പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനത്തെയും ഖത്തറിലെ യുഎസ് സൈന്യത്തിന്റെ മുന്നറിയിപ്പ് ഉപഗ്രഹ ആന്റിന സൈറ്റിനെയും ബഹ്‌റൈനിൽ നിലയുറപ്പിച്ചിരിക്കുന്ന യുഎസ് സൈന്യത്തിന്റെ പ്രധാന ഇന്ധന സംഭരണ ടാങ്കുകകളെയും ലക്ഷ്യമിട്ടതായി ഇറാൻ വെളിപ്പെടുത്തി.
'അമേരിക്കൻ പ്രസിഡന്റിന്റെ വിഡ്ഢിത്തങ്ങൾക്ക് വഴങ്ങില്ല'; മുന്നറിയിപ്പുമായി ഇറാൻ
ആക്രമണത്തിന് പിന്നാലെ കടുത്ത ഭാഷയിലാണ് ഇറാൻ സൈന്യം യുഎസിനെതിരെ പ്രസ്താവന ഇറക്കിയിരിക്കുന്നത്. അമേരിക്കൻ ഐക്യനാടുകളുടെ വിഡ്ഢിയായ പ്രസിഡന്റിന്റെ ലക്ഷ്യങ്ങളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാൻ ഇറാന്റെ സായുധ സേന ഒരു സാഹചര്യത്തിലും അനുവദിക്കില്ലെന്ന് അവർ മുന്നറിയിപ്പ് നൽകി. അന്തിമ വിജയം കൈവരിക്കുന്നത് വരെ വിപ്ലവത്തിന്റെ ഉന്നതമായ ആദർശങ്ങൾ സംരക്ഷിക്കാൻ തങ്ങൾ പോരാടുമെന്നും ഇറാൻ സൈന്യം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
മേഖലയിൽ യുഎസ് താവളങ്ങൾക്ക് നേരെ നേരിട്ടുള്ള ആക്രമണത്തിന് ഇറാൻ മുതിർന്നതോടെ ഗൾഫ് രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും അതീവ ജാഗ്രതയിലാണ്. വ്യോമാക്രമണം തടഞ്ഞതായി ബഹ്‌റൈൻ വ്യക്തമാക്കിയെങ്കിലും, ഖത്തർ, കുവൈത്ത് എന്നിവിടങ്ങളിലെ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Iran has claimed responsibility for a drone attack targeting US military bases in the Gulf, while Bahrain says its air defense systems successfully intercepted the aerial threat amid escalating regional tensions.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."