വിയറ്റ്നാമില്‍ ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി പോയ ബോട്ട് മറിഞ്ഞു; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, അപകടസമയത്ത് ബോട്ടിൽ 32യാത്രക്കാർ, തിരച്ചിൽ തുടരുന്നു
ഫൂ ക്വോക്ക്: വിയറ്റ്നാമിലെ ഏറ്റവും വലിയ ദ്വീപായ ഫൂ ക്വോക്കിന് സമീപം ഇന്ത്യന്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച സ്പീഡ് ബോട്ട് മറിഞ്ഞ് വന്‍ ദുരന്തം. അപകടത്തില്‍ 15 പേര്‍ മരിച്ചതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മരണസംഖ്യ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിയറ്റ്നാം അധികൃതരോ ഇന്ത്യന്‍ എംബസിയോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
മിന്‍ ഹുയ് ഫൂ ക്വോക്ക് ട്രേഡിംഗ് ടൂറിസം കമ്പനി സര്‍വീസ് നടത്തിയിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. മേ റൂട്ട് എന്‍ഗോയ് ദ്വീപില്‍ നിന്ന് അന്‍ തോയ് തുറമുഖത്തേക്ക് മടങ്ങുന്നതിനിടെ യാത്ര തിരിച്ച് ഏകദേശം 400 മീറ്റര്‍ പിന്നിട്ടപ്പോള്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ബോട്ട് തലകീഴായി മറിയുകയായിരുന്നു.
അപകടസമയത്ത് ബോട്ടില്‍ 32 യാത്രക്കാരും മൂന്ന് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഭൂരിഭാഗവും ഇന്ത്യന്‍ വിനോദസഞ്ചാരികളായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ കാറ്റും കടല്‍ക്ഷോഭവുമാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിന് പിന്നാലെ വിയറ്റ്നാം സൈന്യം, പൊലീസ്, സിവില്‍ രക്ഷാസേന എന്നിവയുടെ നേതൃത്വത്തില്‍ വിപുലമായ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളികളും നാട്ടുകാരും തിരച്ചിലില്‍ പങ്കാളികളായി. ഇതുവരെ 23 പേരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചതായാണ് ലഭിക്കുന്ന വിവരം. ഇവര്‍ക്ക് അന്‍ തോയ് തുറമുഖത്ത് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
സംഭവത്തെ തുടര്‍ന്ന് വിയറ്റ്നാമിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. ദുരന്തബാധിതരുടെ ബന്ധുക്കളെ സഹായിക്കുന്നതിനായി ഹോ ചി മിന്‍ സിറ്റിയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലും ഹനോയിയിലെ ഇന്ത്യന്‍ എംബസിയിലും അടിയന്തര കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്ലൈന്‍ നമ്പറുകളും പ്രവര്‍ത്തനം തുടങ്ങി. അപകടത്തിന്റെ കാരണം, മരണസംഖ്യ, കാണാതായവരുടെ വിവരങ്ങള്‍ എന്നിവ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
A major tragedy occurred near Phu Quoc, Vietnam's largest island, after a speedboat carrying Indian tourists capsized.International media reports say 15 people died in the accident. However, Vietnamese authorities and the Indian Embassy have not officially confirmed the details, including the death toll.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."