ഇന്റര്‍നെറ്റ് വഴി ഉത്തേജക എണ്ണ; നഷ്ടമായത് ലക്ഷങ്ങള്‍
ത്രസിപ്പിക്കുന്ന സൗന്ദര്യം. ആരെയും മയക്കുന്ന വാക്ചാതുര്യം. മുംബൈക്കാരി ജോസ്‌ന സുദീപ് അലുവാലിയ എങ്ങനെ തട്ടിപ്പിന്റെ ലോകത്തു കടന്നുപറ്റിയെന്ന് ഇന്നും അജ്ഞാതം. ഇരുപത്തൊന്നുകാരി വെളുത്തസുന്ദരിയും ഫ്രാങ്ക് ഒബന്യായ ചുക്‌വയെന്ന മുപ്പത്തിരണ്ടുകാരന്‍ കറുകറുപ്പന്‍ നൈജീരിയക്കാരനും മുംബൈയില്‍വച്ചുള്ള പരിചയപ്പെടലിലാണ് ഒന്നിച്ചത്.
ആദ്യം കടുത്ത പ്രണയം. പിന്നീടു തട്ടിപ്പിന്റെ മേഖലയില്‍ പരിണയം. ഇന്റര്‍നെറ്റ് വഴി എങ്ങനെ തട്ടിപ്പു നടത്താമെന്നു ജോസ്‌നയെ ഫ്രാങ്ക് പഠിപ്പിക്കുകയും അതിനു ഏറ്റവും പറ്റിയതു മലയാളിതന്നെയെന്നു ബോധ്യപ്പെടുത്തുകയും ചെയ്തു.
തട്ടിപ്പിന്റെ വലയില്‍ വീഴാനുള്ള യോഗം തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയും റബര്‍വ്യാപാരിയുമായ അനില്‍കുമാറിനായിരുന്നു. പലര്‍ക്കും നെറ്റ് വഴി മെയില്‍ അയച്ച കൂട്ടത്തില്‍ അനില്‍കുമാറിനും കിട്ടി ഒരു മെയില്‍. ഡോ. ഫ്രാങ്ക്മൂറിന്റെ ഉടമസ്ഥതയിലുള്ള 'പെറ്റ് ആഗ്രോ ഫാം' എന്ന നൈജീരിയന്‍ കമ്പനിയിലെ ജീവനക്കാരനെന്ന വ്യാജേന ഫ്രാങ്ക് ഒബന്യായ അയച്ച മെയിലാണ് അനില്‍കുമാറിനു ലഭിച്ചത്.
കായികതാരങ്ങള്‍ക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്ന കുതിരകള്‍ക്കും ഉത്തേജകമായി ഉപയോഗിക്കുന്ന 'വീറ്റോ സാറ്റോ' ഓയില്‍ കയറ്റുമതിയുടെ പേരില്‍ ഒരു ബിസിനസ് സാധ്യത ഓര്‍മപ്പെടുത്തിയായിരുന്നു സന്ദേശം. കമ്പനിക്കുവേണ്ടി ഇന്ത്യയില്‍നിന്ന് എണ്ണ കയറ്റിയയച്ചിരുന്ന ഏജന്റ് അടുത്തിടെ മരിച്ചെന്നും താല്‍പ്പര്യമുണ്ടെങ്കില്‍ ഏജന്‍സിയെടുത്തു കോടിക്കണക്കിനു രൂപ ലാഭം കൊയ്യാമെന്നുമായിരുന്നു വാഗ്ദാനം. പാവം 'മലയാളി'. ആകാശത്തുകൂടി പോകുന്ന ഗന്ധര്‍വന്റെ കാലിലും ചാടിപ്പിടിക്കാനുള്ള അവന്റെ മോഹം ഉയിരെടുത്തു.
അനില്‍കുമാറും വീണുവെന്നു സാരം. മെയിലിലേയ്ക്ക് അനുകൂലപ്രതികരണമയച്ചയുടനെ അനില്‍കുമാറിനു തുടരെത്തുടരെ സന്ദേശങ്ങള്‍ വന്നുതുടങ്ങി. ബന്ധപ്പെടാനുള്ള ഫോണ്‍നമ്പരും അയച്ചുകിട്ടി. മുംബൈക്കാരി ജോസ്‌ന അനില്‍കുമാറുമായി ഫോണില്‍ കിന്നാരം തുടങ്ങി. തട്ടിപ്പിന്റെ സൂത്രധാരന്‍ ഫ്രാങ്ക് ഗൗരവത്തോടെ ബിസിനസ് കാര്യങ്ങള്‍ സംസാരിച്ചു.
അനില്‍കുമാര്‍ റബര്‍പോലെ വളയുന്നതുകണ്ട് ആദ്യവെടിപൊട്ടി. കമ്പനിക്ക് 90 ലിറ്റര്‍ എണ്ണ ഉടന്‍ വേണമെന്നും ഇന്ത്യയില്‍നിന്ന് അയയ്ക്കുന്ന എണ്ണയുടെ ഗുണനിലവാരം സാമ്പിള്‍ വാങ്ങി ഉറപ്പിക്കണമെന്നും സന്ദേശംവന്നു. പിറകേ ഫോണ്‍കോളും. നൈജീരിയയില്‍നിന്നു സാമ്പിള്‍ പരിശോധിക്കാന്‍ പ്രതിനിധി നേരിട്ടുവരുമെന്നു ഫ്രാങ്ക് അനില്‍കുമാറിനെ അറിയിച്ചു. കൂടാതെ ഇന്ത്യയില്‍ ഈ എണ്ണ ഉല്‍പാദിപ്പിക്കുന്ന കമ്പനിയുടെ ഫോണ്‍ നമ്പരും കൊടുത്തു. ഇന്ത്യന്‍ നമ്പരുകളില്‍ ബന്ധപ്പെട്ട അനില്‍കുമാറിനെ ജോസ്‌ന സമര്‍ഥമായി കൈകാര്യം ചെയ്തതാണു പിന്നത്തെ വിശേഷം.
മുംബൈയിലെ എണ്ണയുല്‍പ്പാദക കമ്പനിയുടെ ഉടമസ്ഥ ലക്ഷ്മികുമാര്‍ എന്ന വ്യാജപേരിലാണു പിന്നീട് ജോസ്‌ന അനിലുമായി ബന്ധപ്പെട്ടത്. സാമ്പിള്‍ അയച്ചുകൊടുക്കാന്‍ 10 ലക്ഷം രൂപ ജോസ്‌നയെന്ന ലക്ഷ്മികുമാര്‍ അനില്‍കുമാറിനോട് ആവശ്യപ്പെട്ടു. സംശയമൊന്നും തോന്നാത്തതിനാല്‍ 10 ലക്ഷം ഉടനെ അക്കൗണ്ടില്‍ ഇട്ടുകൊടുത്തു. ദോഷം പറയരുതല്ലോ മുംബൈ 'എണ്ണക്കമ്പനി' ഉത്തേജകയെണ്ണ ചെന്നൈയില്‍ എത്തിച്ചുകൊടുത്തു. അനില്‍കുമാര്‍ അവിടെയെത്തി എണ്ണയുമായി വീട്ടിലേക്കുപോന്നു.
അധികം വൈകാതെ സാക്ഷാല്‍ ഫ്രാങ്ക് ഒബന്യായതന്നെ സാമ്പിള്‍ പരിശോധിക്കാനായി അനില്‍കുമാറിന്റെ വീട്ടിലെത്തി. വളരെസൗഹൃദമായ ഇടപെടലില്‍ ബിസിനസിന്റെ മേന്മയെക്കുറിച്ചു വര്‍ണിച്ച ഫ്രാങ്ക് 4.5 ലിറ്റര്‍ കയറ്റുമതിക്ക് 29,000 ഡോളര്‍ ലാഭമാണു വാഗ്ദാനം ചെയ്തത്. മനക്കോട്ടകെട്ടി മയങ്ങിനിന്ന അനില്‍കുമാര്‍ മേലുംകീഴും നോക്കാതെ 90 ലിറ്റര്‍ വാങ്ങാന്‍ തീരുമാനിച്ചു.
എണ്ണയുടെ 50 ശതമാനം വിലയായ 1.56 കോടി രൂപ മുന്‍കൂര്‍ നല്‍കണമെന്ന് ഈ സമയം മുംബൈയിലെ 'എണ്ണക്കമ്പനി'യില്‍നിന്നു ജോസ്‌നയെന്ന ലക്ഷ്മികുമാര്‍ അനില്‍കുമാറിനെ അറിയിച്ചു.
ഫ്രാങ്കും ജോസ്‌നയും സമര്‍ഥമായി വിരിച്ച വലയില്‍ കുടുങ്ങിയ അനില്‍കുമാര്‍ ഉള്ളതൊക്കെ നുള്ളിപ്പെറുക്കിയും കടംവാങ്ങിയും 75 ലക്ഷത്തോളംരൂപ നല്‍കി എണ്ണയ്ക്ക് ഓര്‍ഡര്‍ കൊടുത്തു. ജോസ്‌നയുടെ ആവശ്യപ്രകാരം മുംബൈയിലെ രണ്ടു സ്വകാര്യബാങ്കുകളുടെ പത്ത് അക്കൗണ്ടുകളിലായാണു പണം ഇട്ടുകൊടുത്തത്. പണം കിട്ടിയപ്പോള്‍ ജോസ്‌നയുടെ മട്ടുമാറി. മുഴുവന്‍ പണവും തന്നാലേ എണ്ണ നല്‍കൂവെന്നു പറഞ്ഞു. അടച്ചതുകയ്ക്കുള്ള എണ്ണ നല്‍കിയാല്‍ മതിയെന്നു പറഞ്ഞിട്ടും യുവതി വഴങ്ങിയില്ല.
അപ്പോഴാണു വൈകിയുദിക്കുന്ന മലയാളിയുടെ ബുദ്ധി അനില്‍കുമാറിനും തോന്നിയത്. പെരുമാറ്റത്തിലെ പൊരുത്തക്കേടില്‍ സംശയംതോന്നിയ അനില്‍കുമാര്‍ കൈവശമുള്ള ഓയില്‍ വിദഗ്ധപരിശോധന നടത്തി. അപ്പോഴല്ലേ സംഗതിയുടെ ഗുട്ടന്‍സ് പുറത്തായത്. എണ്ണ വെറും മൃഗക്കൊഴുപ്പായിരുന്നു. പിന്നെ ഓട്ടമായി. ഡി.ജി.പിക്കു പരാതി നല്‍കി. ഡി.ജി.പി അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചു. പ്രതികളെത്തേടി മുംബൈയിലെ എണ്ണക്കമ്പനിയില്‍ എത്തിയ പൊലിസ് കമ്പനി പൂട്ടിക്കിടക്കുന്നതാണു കണ്ടത്. തുടര്‍ന്നു കാമാട്ടിപ്പുര, ഗോരേഗാവ്, ബാന്ദ്ര എന്നിവിടങ്ങളില്‍ ഊര്‍ജിത അന്വേഷണം തുടങ്ങി. സഞ്ചരിക്കുന്ന സൈബര്‍ ട്രാക്കിന്റെ സഹായവുമുണ്ടായിരുന്നു.
ഏറെദിവസത്തെ അന്വേഷണത്തിനൊടുവില്‍ ജൂഹു പൊലിസ്‌സ്‌റ്റേഷന്‍ അതിര്‍ത്തിയിലെ ലോഡ്ജില്‍നിന്നു ഫ്രാങ്ക് ഒബന്യായയെയും ജോസ്‌നയെയും പിടികൂടി. രണ്ടുമാസം ഗര്‍ഭിണിയായിരുന്നു ജോസ്‌ന. തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയവേ കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തുവന്നു.
ഓണ്‍ലൈന്‍ ലോട്ടറി അടിച്ചതായും ഫോണ്‍നമ്പരിനു സമ്മാനം ലഭിച്ചതായും ഡോ. ഫ്രാങ്കോമൂര്‍ എന്നയാളുടെ പേരില്‍ വ്യാജ അന്താരാഷ്ട്ര എസ്.എം.എസ്. അയച്ച് ഇവര്‍ ഇതിനുമുമ്പും തട്ടിപ്പുനടത്തിയിരുന്നു. സമ്മാനത്തുക ലഭിച്ചതായി സന്ദേശമയച്ചു പണം തട്ടിയെടുത്തു പിടിയിലായ നൈജീരിയന്‍സംഘത്തിന്റെ കഥ മാധ്യമങ്ങളില്‍ വന്നതു ശ്രദ്ധിക്കാതെയാണു പുതിയ തട്ടിപ്പുസംഘത്തിന്റെ പിടിയില്‍ മലയാളി വീണത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."