ശൈഖുല്‍ ജാമിഅ ഇനി ഓര്‍മ; പ്രിയ ഗുരുനാഥനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍
തിരൂര്‍ക്കാട് (മലപ്പുറം): കഴിഞ്ഞ ദിവസം വഫാത്തായ ഇസ്‌ലാമിക പണ്ഡിതനും സമസ്ത കേരള ജംഇയ്യതുല്‍ ഉമല ജനറല്‍ സെക്രട്ടറിയുമായ ശൈഖുല്‍ ജാമിഅ പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാരെ (81) തിരൂര്‍ക്കാട് മഹല്ല് ജുമാമസ്ജിദില്‍ ഖബറടക്കി. ഇന്ന് രാവിലെ പത്തിമണിക്കായിരുന്നു ഖബറടക്കം. പള്ളിയില്‍ വെച്ച് നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് കേരള ജംഇയ്യതുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്‌രി തങ്ങള്‍ നേതൃത്വം നല്‍കി.
പ്രിയ ഗുരുനാഥനെ അവസാനമായി കാണാന്‍ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജനബാഹുല്യം കാരണം 70 തവണയായാണ് മയ്യിത്ത് നിസ്‌ക്കാരം നടത്തിയത്. ആദ്യത്തെ നിസ്‌ക്കാരത്തിന് സാദിഖലി തങ്ങളാണ് നേതൃത്വം നല്‍കിയത്. വാര്‍ധക്യ സഹജ അസുഖങ്ങളാല്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ഇന്നലെ ഉച്ചയോടെയാണ് വിടപറഞ്ഞത്.
2016 ല്‍ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്്‌ലിയാരുടെ വിയോഗത്തോടെയായിരുന്നു സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. സുന്നി മഹല്ല് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റും 2003 മുതല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമാണ്. സമസ്ത മുശാവറ അംഗമായി 1986 ല്‍ തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1992ല്‍ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി. 2010ല്‍ സമസ്ത ജോ. സെക്രട്ടറിയുമായി. 2009 മുതല്‍ സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് വൈസ് പ്രസിഡന്റ് ആണ്. 2013 മുതല്‍ കാസര്‍കോട് ഖാസിയാണ്.
സംഘടനാ നേതൃസ്ഥാനത്ത് സുന്നി ആദര്‍ശ വിശുദ്ധിയില്‍ നിലപാടുകള്‍ പ്രഖ്യാപിക്കുമ്പോഴും പ്രവര്‍ത്തകരോടും പൊതുവേദികളിലും ലാളിത്വത്തിന്റെ എളിമയായിരുന്നു അദ്ദേഹത്തെ പ്രവര്‍ത്തകരിലേക്കും ജനങ്ങളിലേക്കും അടുപ്പിച്ചത്. ഇന്ത്യക്കകത്തും പുറത്തും നിരവധി വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചും ഇന്ത്യന്‍ മുസ്്‌ലിംകളെ പ്രതിനിധീകരിച്ച് നിരവധി രാജ്യങ്ങളിലെ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്ത ഇന്ത്യയിലെ ഏക പണ്ഡിതനാണ് അദ്ദേഹം. വിദേശരാജ്യങ്ങളിലെ പണ്ഡിതന്മാരുമായും ഭരണകര്‍ത്താക്കളുമായും അദ്ദേഹം സൗഹൃദം കാത്തു സൂക്ഷിച്ചിരുന്നു. പത്ത് വര്‍ഷം സമസ്തയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് ഒരുനൂറ്റാണ്ടിന്റെ ചരിത്ര സമ്മേളനത്തിലേക്ക് സമസ്തയുടെ മൂവര്‍ണക്കൊടി കൈമാറിയാണ് പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാര്‍ വിടവാങ്ങുന്നത്.
മലപ്പുറം ഇരുമ്പുഴി തെക്കുംമുറിയില്‍ തിരൂര്‍ക്കാട് കുന്നത്ത് മൂസഹാജി- മാടമ്പി ഇയ്യാത്തുട്ടി ദമ്പതികളുടെ മകനായി 1945ലാണ് ജനിച്ചത്. പ്രാഥമിക മതപഠനം പിതാമഹനായിരുന്ന കുന്നത്ത് ആലി ഹാജിയുടെ ഓത്തുപുരയിലും ഭൗതിക വിദ്യാഭ്യാസം തിരൂര്‍ക്കാട് മാപ്പിള സ്‌കൂളിലുമായിരുന്നു. ഏഴാം വയസില്‍ ഇരുമ്പുഴി തെക്കുംമുറിയില്‍ ദര്‍സില്‍ പഠനം ആരംഭിച്ചു. നാല് വര്‍ഷത്തിനു ശേഷം പുത്തനങ്ങാടി ജുമാമസ്ജിദിലെയും പിന്നീട് അരിപ്ര ദര്‍സിലും തുടര്‍ന്ന് പടിഞ്ഞാറ്റുമുറിയിലെ ദര്‍സിലുമായി പഠനം പൂര്‍ത്തിയാക്കി. 1964ല്‍ ജാമിഅ നൂരിയ്യയില്‍ ചേര്‍ന്ന അദ്ദേഹം നാല് വര്‍ഷം അവിടെ പഠനം നടത്തി. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍, താഴെക്കോട് കുഞ്ഞലവി മുസ്‌ലിയാര്‍, പെരിന്തല്‍മണ്ണ സൈതാലി മുസ്‌ലിയാര്‍, വളപുരം കെ.ടി മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍ (കായി) മുസ്‌ലിയാര്‍, പെരുമ്പലം ബാപ്പുട്ടി മുസ്‌ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുനാഥന്മാര്‍.
16 ാം വയസില്‍ തിരൂര്‍ക്കാട് മഹല്ല് പള്ളി ഖത്തീബായും 20 ാം വയസ്സില്‍ മഹല്ല് ഖാസിയായും നിയമിക്കപ്പെട്ട അദ്ദേഹം ഇളംപ്രായത്തില്‍ തന്നെ നേതൃപാടവം തെളിയിച്ച പണ്ഡിതനായിരുന്നു. 1968ല്‍ പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിക് കോളജില്‍നിന്ന് ഫൈസി ബിരുദം നേടിയ ശേഷം മീനാര്‍കുഴി ദര്‍സിലാണ് ആദ്യ സേവനം. 1978ല്‍ ചെമ്മങ്കടവ് ദര്‍സിലേക്കും പിന്നീട് 1979ല്‍ പട്ടിക്കാട് ജാമിഅ നൂരിയയില്‍ ശംസുല്‍ ഉലമയുടെ ഒഴിവിലേക്കും അധ്യാപകനായെത്തി. 2003 മുതല്‍ അവിടെ പ്രിന്‍സിപ്പലായി. 1970ല്‍ സമസ്ത പെരിന്തല്‍മണ്ണ താലൂക്ക് സെക്രട്ടറിയായും 1976ല്‍ സമസ്ത മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റുമായി. 1978 മുതല്‍ ജാമിഅ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഓസ്ഫോജനയുടെ ജനറല്‍ സെക്രട്ടറിയാണ്.
മുസ്്‌ലിം വേള്‍ഡ് ലീഗിലെ ഇസ്്‌ലാമിക് ഫിഖ്ഹ് കൗണ്‍സില്‍ മെമ്പറായിരുന്നു. 1978ല്‍ കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിയില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ഇംഗ്ലിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജസ് യൂനിവേഴ്സിറ്റി (ഇഫ്ളു)യുടെ സിലബസ് രൂപീകരണ കമ്മിറ്റിയിലും അംഗമായിരുന്നു. 2008ല്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പകരക്കാരനായി അസ്ഹര്‍ പൂര്‍വവിദ്യാര്‍ഥി സംഗമത്തില്‍ സംബന്ധിച്ചു. 2011ല്‍ ലിബിയയില്‍ പ്രസിഡന്റ് മുഅമ്മര്‍ ഗദ്ദാഫിയുടെ നേതൃത്വത്തില്‍ നടന്ന അന്താരാഷ്ട്ര സൂഫീ സമ്മേളനത്തിലും 2012ല്‍ മൊറോക്കോയില്‍ നടന്ന സൂഫി സമ്മേളനത്തിലും തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ ആഫ്രിക്കന്‍ രാജ്യമായ സെനഗലില്‍ നടന്ന സമ്മേളനങ്ങളിലും തസവ്വുഫ് സംബന്ധമായ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
2003 മുതല്‍ 2006 വരെ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനായിരുന്നു. 2006 മുതല്‍ 2009 വരെ കേന്ദ്ര ഹജ്ജ് കമ്മിറ്റി വൈസ് ചെയര്‍മാനായും പ്രവര്‍ത്തിച്ചു. എസ്.വൈ.എസ് ജനറല്‍ സെക്രട്ടറിയായി 1992 മുതല്‍ 2016 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ സംസ്ഥാന മുസ്്‌ലിം ഓര്‍ഫനേജ് കോര്‍ഡിനേഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റായി. അല്‍ മുഅല്ലിം, അല്‍ നൂര്‍ മാസികകള്‍, സുന്നി അഫ്കാര്‍ ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പുണ്യഭൂമിയിലേക്ക്, മുസ്്‌ലിം ലോകം 1421, 1423, 1425 (ഇയര്‍ബുക്ക്), ദിഖ്‌റുകള്‍, ഇസ്്‌ലാമിക മുന്നേറ്റം ആഗോള തലത്തില്‍, ഫലസ്തീനില്‍ ജൂതര്‍ക്ക് എന്തവകാശം, അറബിക് - ഇംഗ്ലിഷ് ഡിക്ഷണറി എന്നിവ കൃതികളാണ്.
ഭാര്യമാര്‍: ഫാത്തിമ, നഫീസ.
മക്കള്‍: മൂസ ഫൈസി, അബൂബക്കര്‍ ഫൈസി, ഖദീജ, സൈനബ, മൈമൂന, മറിയം, ഹഫ്സ. മരുമക്കള്‍: അബ്ദുസലാം ഫൈസി ഒളവട്ടൂര്‍, സലാം ദാരിമി പയ്യനാട്, അബ്ദുറഹ്‌മാന്‍ ദാരിമി കുമരംപുത്തൂര്‍, ലിയാഉദ്ധീന്‍ ഫൈസി മേല്‍മുറി, ഹബീബുല്ല ഫൈസി പള്ളിപ്പുറം, സകിയ്യ ചാപ്പനങ്ങാടി. സഹോദരങ്ങള്‍: അബൂബക്കര്‍ ഫൈസി, ഫാത്തിമ, ഖദീജ, ആമിന, ആയിഷ, പരേതരായ മമ്മദ് ഫൈസി, ഇബ്രാഹിം ഫൈസി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."