ബ്ലാസ്റ്റേഴ്‌സ് നാളെ തിരിച്ചെത്തും
ആലപ്പുഴ: വിനോദസഞ്ചാര കേന്ദ്രമായ തായ്‌ലന്റില്‍ നടത്തിയ കഠിന പരിശീലനത്തിലൂടെ നേടിയ പോരാട്ടവീര്യവുമായി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ തിരിച്ചെത്തും. ഇന്ത്യന്‍ സൂപ്പര്‍ ഫുട്‌ബോളില്‍ ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ടാണ് തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്കില്‍ നിന്നും ബ്ലാസ്റ്റേഴ്‌സ് സ്വന്തം മണ്ണില്‍ തിരിച്ചെത്തുന്നത്. വിദേശ മണ്ണില്‍ നേടിയ വിജയത്തിന്റെ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. പരിശീലനത്തിന്റെ ഭാഗമായി ബാങ്കോക്കിലെ ക്ലബുകളുമായി നടത്തിയ സൗഹൃദ പോരാട്ടത്തില്‍ രണ്ടു വിജയവും ഒരു സമനിലയും ടീം സ്വന്തമാക്കി. പട്ടായ യുനൈറ്റഡുമായി ഇന്നലെ നടന്ന സൗഹൃദ പോരാട്ടത്തില്‍ 1-0 ന് ബ്ലാസ്റ്റേഴ്‌സ് ജയിച്ചു.
മൈക്കല്‍ ചോപ്രയാണ് 25 ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. പ്രീ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി മൈക്കല്‍ ചോപ്രയുടെ രണ്ടാം ഗോള്‍ നേട്ടമാണിത്. ആദ്യ പരീശീലന മത്സരത്തില്‍ ബിഗ് ബാങ് ചുല യുനൈറ്റഡിനെ ബ്ലാസ്റ്റേഴ്‌സ് 2-1 ന് കൊമ്പുകുത്തിച്ചിരുന്നു. ഈ മത്സരത്തിലും ചോപ്ര ഗോള്‍ നേടിയിരുന്നു. ഗ്രഹാം സ്റ്റാക്ക്, ആരോണ്‍ ഹ്യൂസ്, സെഡ്രിക് ഹെങ്ബര്‍ട്ട്, സന്ദേശ് ജിങ്കാന്‍, അസ്‌റഖ് മെഹ്മത്, ഹോസു, പ്രശാന്ത്, ഇഷ്ഫാഖ്, ഫാറൂഖ് ചൗധരി, ഹോകിപ്, മൈക്കില്‍ ചോപ്ര എന്നിവരാണ് പട്ടായ യുണൈറ്റഡിനെതിരായ ആദ്യ ഇലവനില്‍ പന്തുതട്ടിയത്. സൗഹൃദ പോരാട്ടത്തില്‍ കാഡിയോ ബോറിസ്, മുഹമ്മദ് റാഫി, മുനീര്‍ അന്‍സാരി, പ്രധിക് ചൗധരി എന്നിവരെ പകരക്കാരായി ഇറക്കിയും മുഖ്യപരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പരീക്ഷണം നടത്തി.
തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുനൈറ്റഡുമായുള്ള രണ്ടാം പരിശീലന മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചിരുന്നു. തായ്‌ലന്റ് പര്യടനം പൂര്‍ത്തിയാക്കി നാളെ തിരികെയെത്തുന്ന ബ്ലാസ്റ്റേഴ്‌സ് ഹോം സിറ്റിയായ കൊച്ചിയിലാവും അവസാന ഘട്ട പരിശീലനം നടത്തുക. ബ്ലാസ്റ്റേഴ്‌സിനൊപ്പം ഇതുവരെ ചേരാത്ത താരങ്ങള്‍ കൊച്ചിയില്‍ എത്തും. ബെല്‍ഫോര്‍ട്ട്, നസോണ്‍, സി.കെ വീനീത്, റിനോ ആന്റോ, മെഹ്താബ് ഹുസൈന്‍, ഗുര്‍വീന്ദര്‍ സിങ്, കാദിയോ ബോറിസ് എന്നിവരാണ് കൊച്ചിയില്‍ ടീമിനൊപ്പം ചേരുന്നത്. ഇതിനിടെ കൊല്‍ക്കത്ത ഫുട്‌ബോള്‍ ലീഗ് മത്സരത്തിനിടെ ഈസ്റ്റ് ബംഗാള്‍ താരം മുഹമ്മദ് റഫീഖിന് പരുക്കേറ്റത് ബ്ലാസ്‌റ്റേഴ്‌സിന് തുടക്കത്തില്‍ നിരാശ സമ്മാനിക്കുന്നതാണ്.
മുഹമ്മദ് റഫീഖിന് കാല്‍മുട്ടിനാണ് പരുക്കേറ്റത്. റഫീഖിനെ ഇന്ന് സ്‌കാനിങിന് വിധേയമാക്കും. ആദ്യ ഐ.എസ്.എല്‍ ഫൈനലില്‍ അത്‌ലറ്റികോ ഡി. കൊല്‍ക്കത്തയ്ക്കായി റഫീഖ് അവസാന നിമിഷത്തില്‍ നേടിയ ഗോളായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ കിരീട മോഹം തകര്‍ത്തത്. അത്‌ലറ്റിക്കോയെ ചാംപ്യനാക്കിയ റഫീഖിനെ മൂന്നാം പതിപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടീമില്‍ എത്തിച്ചു.
വിദേശ പരിശീലനത്തിന് പോയ ടീമുകളെല്ലാം തന്നെ ഇന്ത്യയിലേക്കുള്ള മടക്കത്തിനുള്ള തിരക്കിലാണ്. വിദേശ പരിശീലനം നല്‍കുന്ന ആത്മിശ്വാസവുമായാണ് എട്ടു ടീമുകളും ഇത്തവണ ഐ.എസ്.എല്‍ മൂന്നാം പതിപ്പില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത്. വിദേശ പരിശീലനം പൂര്‍ത്തിയാക്കി ഡല്‍ഹി, പൂനെ ടീമുകള്‍ മടങ്ങിയെത്തി.
മറ്റു ടീമുകളും അടുത്ത ദിവസങ്ങളിലായി തങ്ങളുടെ ഹോം സിറ്റികളിലേക്ക് തിരിച്ചെത്തും. എല്ലാ ടീമുകളും തദ്ദേശീയ ക്ലബ്ബുകളുമായി മൂന്നും അതിലേറെയും മത്സരങ്ങളില്‍ കളിച്ചാണ് വിദേശ പരിശീലനം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."