ഇന്ത്യയ്‌ക്കെതിരേ യു.എസിന്റെയും ബ്രിട്ടന്റെയും പിന്തുണ തേടി നവാസ് ശരീഫ്
ന്യൂയോര്‍ക്ക്: കശ്മിര്‍ വിഷയത്തില്‍ പിന്തുണ തേടി പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശരീഫ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയുമായും ചര്‍ച്ച നടത്തി. യു.എന്‍ സമ്മേളനത്തിനെത്തിയ ശരീഫ് തിങ്കളാഴ്ച രാത്രിയാണ് ഇരു നേതാക്കളെയും കണ്ടതെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
കശ്മിരിലെ ജനങ്ങള്‍ക്കു സ്വതന്ത്ര തീരുമാനം എടുക്കാനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ഇതിനായി യു.എന്‍ രക്ഷാ സമിതിയില്‍ പ്രമേയം കൊണ്ടുവരണമെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് പാക് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കശ്മിര്‍ വിഷയത്തില്‍ ഇന്ത്യക്കുമേല്‍ അന്താരാഷ്ട്ര സമ്മര്‍ദം ചെലുത്തണമെന്നു ശരീഫ് ജോണ്‍ കെറിയോട് പറഞ്ഞു. മുന്‍ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്‍ ഇക്കാര്യത്തില്‍ എടുത്ത നിലപാടും ശരീഫ് ഓര്‍മിപ്പിച്ചുവെന്ന് പാക് പത്രം ദി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇന്ത്യയുമായുള്ള വിഷയത്തില്‍ ഇരു രാജ്യങ്ങളും എന്തെങ്കിലും നിലപാടെടുത്തില്ല. അതേസമയം, തീവ്രവാദത്തെ അമര്‍ച്ച ചെയ്യാനുള്ള പാക് നീക്കത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. യു.എന്നിലെ അഞ്ചു സ്ഥിരാംഗങ്ങളെ സന്ദര്‍ശിച്ചു ഇന്ത്യക്കുമേല്‍ സമ്മര്‍ദമുണ്ടാക്കുകയാണ് പാക് നീക്കം. ഇറാന്‍ പ്രസിഡന്റ്, ജപ്പാന്‍, ന്യൂസിലന്റ്, നേപ്പാള്‍, റുമാനിയ പ്രധാനമന്ത്രിമാര്‍, യു.എന്‍ സെക്രട്ടറി ജനറല്‍ എന്നിവരുമായും ശരീഫ് ചര്‍ച്ച നടത്തി.
അതിനിടെ, പാകിസ്താനില്‍ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരുമായി പാക് സേനാമേധാവി റഹീല്‍ ശരീഫ് റാവല്‍പിണ്ടിയില്‍ കൂടിക്കാഴ്ച നടത്തി. ഉറി സംഭവത്തെ തുടര്‍ന്നുള്ള സുരക്ഷാകാര്യമാണ് യോഗത്തില്‍ ചര്‍ച്ച ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."