മുഖം മിനുക്കി... കരുത്തോടെ മഞ്ഞപ്പട
അടി തെറ്റിയാല്‍ ആനയും വീഴും... പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ രണ്ടാം സീസണില്‍ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാരായ ബ്ലാസ്റ്റേഴ്‌സിന്റെ പ്രകടനം. പ്രഥമ സീസണില്‍ കൊമ്പു കുലുക്കി വമ്പുക്കാട്ടിയ ടീം അവസാന നിമിഷം സംഭവിച്ച പിഴവില്‍ കിരീടം അത് ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് അടിയറ വച്ചെങ്കിലും തലയുയര്‍ത്തി തന്നെയായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ മടക്കം. എന്നാല്‍ ഐ.എസ്.എല്‍ രണ്ടാം പതിപ്പില്‍ സാമ്പത്തിക പ്രതിസന്ധിയിലായ കേരള ബ്ലാസ്റ്റേഴ്‌സ് പണം ഇറക്കി മികച്ച താരങ്ങളെ വല വീശി പിടിക്കുന്ന കളത്തില്‍ പിന്നിലായി പോയി. പുല്‍മൈതാനത്ത് തന്ത്രങ്ങളെല്ലാം പിഴച്ച് എതിരാളികള്‍ തീര്‍ത്ത വാരിക്കുഴിയില്‍ വീണ കൊമ്പന്റെ അവസ്ഥയില്‍ അവസാന സ്ഥാനക്കാരായി തല കുനിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് കളിക്കളം വിട്ടത്.
രണ്ടാം പതിപ്പില്‍ നോര്‍ത്ത്ഈസ്റ്റിനെതിരെ 3- 1 ന്റെ ഗംഭീര വിജയവുമായാണ് തുടങ്ങിയത്. ആ കളി മികവ് പിന്നീട് പുറത്തെടുക്കാന്‍ ബ്ലാസ്റ്റേഴ്‌സിനായില്ല. തൊട്ടടുത്ത പോരില്‍ മുംബൈ സിറ്റി എഫ്.സിയോട് ഗോള്‍രഹിത സമനില. പിന്നീട് തുടരെ തുടരെ തോല്‍വികള്‍. താരങ്ങളെ മാറി മാറി കളത്തിലിറക്കി പരീക്ഷണങ്ങളേറെ നടത്തിയിട്ടും പീറ്റര്‍ ടെയ്‌ലറര്‍ക്ക് വിജയ ടീമിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടരെ തോല്‍വികളില്‍ ബ്ലാസ്റ്റേഴ്‌സിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി. ഒടുവില്‍ മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറെ പുറത്താക്കി മാനേജ്‌മെന്റ് ആശ്വാസം കണ്ടു. സഹ പരിശീലകന്‍ ട്രെവര്‍ മോര്‍ഗന്‍ പകരക്കാരനായി. ബ്ലാസ്റ്റേഴ്‌സ് ഗ്രാസ്‌റൂട്ട് അക്കാദമി തലവന്‍ ടെറി ഫെലാന്‍ മുഖ്യ പരിശീലകനായി എത്തി. ഒത്തിണക്കമില്ലാത്ത ടീമിന് പരാജയത്തില്‍ നിന്നു തിരിച്ചുവരവ് അസാധ്യമായി. ഏഴു വീതം ഹോം എവേ മത്സരങ്ങളില്‍ നിന്നായി 27 ഗോളുകളാണ് ബ്ലാസ്റ്റേഴ്‌സ് വലയില്‍ എതിരാളികള്‍ നിറച്ചത്. 22 ഗോളുകള്‍ കൊമ്പന്‍മാര്‍ തിരിച്ചടിക്കുകയും ചെയ്തു. കളിയുടെ അവസാന 15 മിനുട്ടിലെ തളര്‍ച്ചയും പതര്‍ച്ചയുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ പതനത്തിനു കഴിഞ്ഞ സീസണില്‍ വഴിയൊരുക്കിയത്.
സൂപ്പര്‍ ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ബ്ലാസ്റ്റേഴ്‌സ് മൂന്നാം പതിപ്പില്‍ തിരിച്ചു വരവിനുള്ള കഠിനമായ തയ്യാറെടുപ്പിലാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ നേതൃത്വത്തില്‍ പുതിയ ഉടമകളും മുഖ്യ പരിശീലകനും മാര്‍ക്വീ താരവും വിദേശ സ്വദേശ താര നിരയും എത്തി. തിരുവനന്തപുരത്തു തുടങ്ങിയ പ്രീ സീസണ്‍ ക്യാംപ് തായ്‌ലന്‍ഡിലെ ബാങ്കോക്കും പിന്നിട്ട് കൊല്‍ക്കത്തയിലെത്തി നില്‍ക്കുന്നു. ബാങ്കോക്കില്‍ മൂന്നു സൗഹൃദ പോരാട്ടത്തില്‍ രണ്ട് വിജയവും ഒരു സമനിലയുമായി ആത്മവിശ്വാസം കൊടുമുടിയേറ്റിയാണ് തിരിച്ചെത്തിയിരിക്കുന്നത്.
ലക്ഷ്യം ആക്രമണം
ഇംഗ്ലീഷ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ ടീമിനെ ഒരുക്കുന്നത് ആക്രമണ ഫുട്‌ബോള്‍ കളിക്കാനാണ്. അതിനുള്ള സ്‌ക്വാഡിനെ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. ഐ.എസ്.എല്‍ പ്രഥമ സീസണില്‍ ടീമില്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാനാവാതെ മടങ്ങിയ താരമാണ് മൈക്കല്‍ ചോപ്ര. ശരീര ഭാരം കുറച്ച് പരുക്കില്‍ നിന്നു മോചിതനായാണ് ചോപ്രയുടെ മടങ്ങി വരവ്. പ്രീ സീസണിലെ മൂന്ന് കളിയില്‍ രണ്ടു ഗോളടിച്ച് മടങ്ങി വരവ് ചോപ്ര ആഘോഷമാക്കി. ചോപ്രയ്ക്ക് കുട്ടായി അന്റോണിയോ ജര്‍മനും കൂടെയുണ്ട്. കഴിഞ്ഞ സീസണില്‍ ജര്‍മന്‍ ബ്ലാസ്റ്റേഴ്‌സിനായി ഏഴു ഗോളുകളാണ് സംഭാവന ചെയ്തത്. മികച്ച ഹെഡ്ഡറിലൂടെ ഗോളുതിര്‍ക്കുന്ന കോടിപതി താരവും മലയാളിയുമായ മുഹമ്മദ് റാഫിയും കൂട്ടിനുണ്ട്. നാലു ഗോളുകളാണ് രണ്ടാം പതിപ്പില്‍ റാഫി നേടിയത്. യുവത്വത്തിന്റെ പ്രസരിപ്പുമായി ഹെയ്തി ദേശീയ താരങ്ങളായ കെല്‍വിന്‍ ബെല്‍ഫോസ്, ഡക്കന്‍സ് നാസോണ്‍ എന്നിവരും ആക്രമണ നിരയുടെ കരുത്താണ്. ഇന്ത്യന്‍ താരങ്ങളായ തോങ്കോ സിങ് ഹവോകിപ്, ഫാറുഖ് ചൗധരി, അമൃത് ജയ്ന്‍ എന്നിവരും ഇത്തവണ ബ്ലോസ്റ്റേഴ്‌സ് മുന്നേറ്റ നിരയിലുണ്ട്. അനുഭവ സമ്പത്തും യുവത്വവും ഒരു പോലെയുള്ള താര നിരയില്‍ ആദ്യ ഇലവനില്‍ കുന്തമുനകളാവേണ്ടത് ആരൊക്കെയാവണം എന്നത് സ്റ്റീവ് കോപ്പലിന് വെല്ലുവിളിയാവും. അത്രമേല്‍ താര സമ്പന്നമാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിര.
മധ്യനിര സുശക്തം
രണ്ടാം പതിപ്പിലെ പരാജയങ്ങള്‍ക്കിടയിലും കരുത്തോടെ പൊരുതിയ സ്പാനിഷ് താരം ഹോസു കുരിയാസ് തന്നെയാണ് ഇത്തവണയും സൂപ്പര്‍ താരം. ഐവറി കോസ്റ്ററിന്റെ ദിദിയര്‍ കാഡിയോ, ചാഢ് രാജ്യാന്തര താരം അസ്‌റാഖ് മഹ്മദ് എന്നിവരും കൈകോര്‍ക്കുന്നതോടെ മധ്യനിര ഒത്തിണക്കമുള്ളതാവും. ഇന്ത്യന്‍ കരുത്തന്‍മാരായ മെഹ്താബ് ഹുസൈന്‍, ഇഷ്ഫാഖ് അഹമ്മദ്, വിനീത് തായ്, മലയാളികളുടെ പ്രിയതാരം സി.കെ വിനീത്, പ്രശാന്ത് എന്നിവരും മധ്യനിരയ്ക്ക് കരുത്തായുണ്ട്. ഇവര്‍ തിളങ്ങിയാല്‍ മുന്നേറ്റ നിരയ്ക്ക് ലക്ഷ്യം തെറ്റാതെ വലയിലേക്ക് നിറയൊഴിക്കാനാവും.
ഹ്യൂസ് നയിക്കുന്ന
പ്രതിരോധം
കൊമ്പന്‍മാരെ നയിക്കുന്ന മാര്‍ക്വീ താരം വടക്കന്‍ അയര്‍ലന്‍ഡിന്റെ ആരോണ്‍ ഹ്യൂസ് അനുഭവ സമ്പത്തില്‍ മുമ്പനാണ്. ന്യൂകാസില്‍ യുനൈറ്റഡിനും ഫുള്‍ഹാമിനും പ്രതിരോധക്കോട്ട തീര്‍ത്ത വടക്കന്‍ അയര്‍ലന്‍ഡിന്റെ ദേശീയ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ പന്തുതട്ടിയ ഗോള്‍കീപ്പറല്ലാത്ത ഏക കളിക്കാരനാണ് ഹ്യൂസ്. 103 പോരാട്ടങ്ങളിലാണ് ദേശീയ ജേഴ്‌സിയണിഞ്ഞ് ഹ്യൂസ് പ്രതിരോധം തീര്‍ത്തത്. ഹ്യൂസിന് കൂട്ടായി ഒന്നാം സീസണില്‍ പ്രതിരോധത്തില്‍ മിന്നിയ സെഡ്രിക് ഹെങ്ബര്‍ട്ടും മടങ്ങി എത്തിയിട്ടുണ്ട്. സെനഗല്‍ താരം എല്‍ഹാദി നോയും ഇന്ത്യയുടെ സൂപ്പര്‍ പ്രതിരോധ ഭടന്‍ സന്ദേശ് ജിങ്കാനും റിനോ ആന്റോയും കൂടി ചേരുന്നതാണ് വന്‍മതില്‍. എതിര്‍ മുന്നേറ്റ നിരയെ പിടിച്ചുകെട്ടാന്‍ ഈ സൂപ്പര്‍ താര നിരയ്ക്കായാല്‍ കൊമ്പന്‍മാര്‍ വീര ചരിതമെഴുതുമെന്നുറപ്പ്.
വലയ്ക്ക് മുന്നിലും
കരുത്തന്‍മാര്‍
ഡേവിഡ് ജെയിംസും ബെയ് വാട്ടറും ഒഴിഞ്ഞു പോയ ഗോള്‍വല കാക്കാന്‍ ഇത്തവണ എത്തിയിരിക്കുന്നത് അയര്‍ലന്‍ഡ് താരം ഗ്രഹാം സ്റ്റാക്കാണ്. ഗോള്‍ കീപ്പിങ് പരിശീലകന്റെ കുപ്പായവും ഈ ഒന്നാം നമ്പര്‍ ഗോളിക്ക് തന്നെ. ഇന്ത്യയുടെ മികച്ച ഗോളിമാരില്‍ ഒരാളായ സന്ദീപ് നന്ദി വീണ്ടും എത്തി. ഇവര്‍ക്ക് കുട്ടായി മുഹമ്മദ് അന്‍സാരി, കുനാല്‍ സാവന്ത് എന്നിവരുമുണ്ട്.
പകരത്തിനു പകരം നിര്‍ത്താന്‍ പാകത്തിലുള്ള താര നിരയും അതിനൊത്ത തന്ത്രങ്ങളൊരുക്കുന്ന പരിശീലകനും സര്‍വ പിന്തുണയും നല്‍കുന്ന ഉടമകളും ചേരുംപടി ചേര്‍ന്നാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സ് എത്തുന്നത്. ടീമിനായി ആവോളം ആര്‍പ്പുവിളിക്കാനെത്തുന്ന കാല്‍പന്തു പ്രേമികളെ കൊമ്പന്‍മാര്‍ ഇത്തവണ നിരാശരാക്കില്ലെന്നു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."