ദുബൈ കപ്പല്‍ പൊന്നാനിയില്‍ തന്നെ; കലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
പൊന്നാനി: ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്നു പൊന്നാനി തീരത്തു നങ്കൂരമിട്ട ദുബൈ കപ്പല്‍ ഒരു മാസം പിന്നിട്ടിട്ടും മടങ്ങിപോകാത്തതിനെത്തുടര്‍ന്നു ജില്ലാകലക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. പൊന്നാനി തഹസില്‍ദാറോടാണു സംഭവത്തെക്കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. തഹസില്‍ദാര്‍ ഇതിന്റെ ഭാഗമായി പൊന്നാനി പൊലിസിനോടും കൊച്ചി കോസ്റ്റ് ഗാര്‍ഡിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട് .
ഒരു മാസമായിട്ടും കപ്പല്‍ പൊന്നാനി തീരം വിടാത്തതില്‍ സംശയങ്ങളും ദുരൂഹതയും വര്‍ധിച്ചിരുന്നു. കപ്പല്‍ ഇപ്പോള്‍ കോസ്റ്റ് ഗാര്‍ഡിന്റെ നിയന്ത്രണത്തിലാണ്. കൊച്ചി കോസ്റ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കപ്പലില്‍ വിശദമായ പരിശോധനകള്‍ നേരത്തേ നടന്നിരുന്നു. കപ്പല്‍ പോകാനാവശ്യമായ ഇന്ധനം ലഭിക്കാത്തതാണു യാത്ര തുടരാത്തതിനു കാരണമായി ജീവനക്കാരും പൊലിസും പറയുന്നത്.
ഒരു മാസമായിട്ടുംകപ്പലിന് ഇന്ധനം ലഭിച്ചില്ല എന്ന വിശദീകരണം തൃപ്തികരമല്ലെന്നാണു ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. ഇന്ധനം നല്‍കേണ്ട ഏജന്റുമാര്‍ക്കു പണം നല്‍കാത്തതാണ് ഇന്ധനം കിട്ടാതാവാന്‍ കാരണം. പണം വേഗത്തിലയക്കാന്‍ നിരവധി സാധ്യതകള്‍ ഉണ്ടെന്നിരിക്കെ ഇതു വിശ്വസിക്കാനാവില്ലെന്നു ജില്ലാ ഭരണകൂടം പറയുന്നു .
ദക്ഷിണ കൊറിയയിലെ ബസാനില്‍ നിന്നും ദുബൈയിലേക്കു ചരക്കു കൊണ്ടു പോവുകയായിരുന്ന കപ്പലാണ് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്നു പൊന്നാനി കടലില്‍ തീരഭാഗത്തായി നങ്കൂരമിട്ടത്. കടലില്‍ മല്‍സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളികളാണ് സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പല്‍ കണ്ടത്. ഇതേത്തുടര്‍ന്ന് മല്‍സ്യത്തൊഴിലാളികള്‍ പൊന്നാനി പോലീസിനെയും കണ്‍ട്രോള്‍ റൂമിലും വിവരമറിയിക്കുകയായിരുന്നു.
കപ്പലിലെ എട്ട് പേരും ഇന്ത്യക്കാര്‍ തന്നെയാണ്. കപ്പിത്താന്‍ ഇറാന്‍ സ്വദേശിയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."