അട്ടപ്പാടി ശിശുമരണം: ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് തയ്യാറാക്കണമെന്ന് കാര്‍തുമ്പി സംഗമം
പാലക്കാട്: അട്ടപ്പാടിയിലെ 18 വയസ്സുവരെയുള്ള കുട്ടികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുവാനായി മേഖലയിലെ കുട്ടികളുടെ ഹെല്‍ത്ത് റെക്കോര്‍ഡ്‌സ് ആരോഗ്യവകുപ്പിന്റെ കീഴില്‍ തയ്യാറാക്കി ആരോഗ്യരക്ഷ ഉറപ്പുവരുത്തുവാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് കുട്ടികളുടെ സാംസ്‌ക്കാരിക കൂട്ടായ്മയായ കാര്‍തുമ്പി സംഗമം ആവശ്യപ്പെട്ടു. അതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആദിവാസി സംഘടനകളുടെയും സഹകരണം ഉറപ്പാക്കണമെന്നും, ഊരുകളില്‍ ആരോഗ്യ-വിദ്യാഭ്യാസം സാധ്യമാക്കണമെന്നും'തമ്പ്' പ്രസിഡന്റ് രാജേന്ദ്രപ്രസാദ് പറഞ്ഞു.
പ്രസ്തുത ആവശ്യങ്ങളുമായി തമ്പ്-കാര്‍തുമ്പി പ്രവര്‍ത്തകര്‍ നാളെ അട്ടപ്പാടി സന്ദര്‍ശിക്കുന്ന ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയെ നേരില്‍ കാണും.ആരോഗ്യം-പരിസ്ഥിതി-സംസ്‌ക്കാരം എന്നി വിഷയങ്ങളെ അധികരിച്ച് 4 ദിവസം നീണ്ടുനിന്ന ക്യാംപ് സാംസ്‌ക്കാരിക പ്രവര്‍ത്തകന്‍ മുരളി മങ്കര ഉദ്ഘാടനം ചെയ്തു.
നാടകപ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി, ബാലസാഹിത്യകാരന്‍ ശരത്ബാബു തച്ചമ്പാറ, കവിയത്രി രമ്യ മനേഷ്, ബാലസംഘം ജില്ലാ പ്രതിനിധി സാരംഗ്, വികാസ് ഷൊര്‍ണ്ണൂര്‍ എന്നിവര്‍ ക്ലാസ് നയിച്ചു.
എസ്.ബി.ടി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സുരേഷ്ബാബു സാംസ്‌ക്കാരിക വിനിമയ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. പ്രഭുദാസ്, 'തമ്പ്' പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, കണ്‍വീനര്‍ കെ.എ. രാമു, തായാര് ഒത്തിമെ കണ്‍വീനര്‍ ലക്ഷ്മി ഉണ്ണികൃഷ്ണന്‍, കാര്‍തുമ്പി കണ്‍വീനര്‍ കെ.എന്‍. രമേശ്, കാര്‍തുമ്പി പ്രസിഡന്റ് എം. മനു, സെക്രട്ടറി റോജ എം. എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."