കേരളത്തില്‍ ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ല; രണ്ടാം സ്ഥാനം പോലും ലഭിക്കില്ല: പിണറായി
ചേര്‍ത്തല: സംസ്ഥാനത്ത് ഒരു മണ്ഡലത്തിലും ബി.ജെ.പി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 20 മണ്ഡലങ്ങളില്‍ ഒന്നില്‍പോലും ബി.ജെ.പി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബി.ജെ.പിക്കു രണ്ടാം സ്ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ആലപ്പുഴയില്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംഘപരിവാര്‍ ഉയര്‍ത്തുന്ന ഭീഷണികളെ നെഞ്ചുവിരിച്ച് എതിര്‍ക്കും. ഇതാണ് എല്‍.ഡി.എഫ്. നല്‍കുന്ന ഉറപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഎപിഎ, പിഎംഎല്‍എ തുടങ്ങിയ കരിനിയമങ്ങളെ റദ്ദാക്കുമെന്നു സിപിഎം, പ്രകടനപത്രികയില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഇതു കാണാന്‍ കഴിയില്ല. സിഎഎ വിഷയത്തില്‍ കോണ്‍ഗ്രസിന്റേതു കുറ്റകരമായ മൗനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറന്നത് കോണ്‍ഗ്രസ് വോട്ട് ചോര്‍ന്നപ്പോഴാണെന്ന് ആരോപിച്ച മുഖ്യമന്ത്രി സ്വന്തം വോട്ട് ദാനം ചെയ്ത് കോണ്‍ഗ്രസ് ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുയായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. നാല് വോട്ടിന് വേണ്ടി രാഷ്ട്രീയ നിലപാട് മാറ്റുന്നവരല്ല തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് മെഡിക്കല്‍ കോളജ് സംഭവത്തില്‍ ഹൈക്കോടതി നിര്‍ദേശം പാലിക്കുമെന്നാണു മന്ത്രി വീണാ ജോര്‍ജ് പറഞ്ഞതെന്നാണു ഞാന്‍ മനസ്സിലാക്കിയത്. അവിടെ അരുതാത്ത ചിലതു സംഭവിച്ചു. വകുപ്പു തലത്തില്‍ നടപടിയെടുക്കുന്നുണ്ട്. അത് ആരോടെങ്കിലും വിരോധമോ താല്‍പര്യമോ വച്ചുകൊണ്ടല്ല. അന്വേഷണത്തില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുടെ വിവരം കോടതിയെ അറിയിക്കുമെന്നും അതില്‍ കോടതിയുടെ നിര്‍ദേശം പാലിക്കുമെന്നുമാണു മന്ത്രി പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."