പാനൂര്‍ ബോംബ് സ്‌ഫോടനം; മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍, സ്ഥലത്ത് തെളിവെടുപ്പ്
കണ്ണൂര്‍: പാനൂരില്‍ ബോംബ് നിര്‍മാണത്തിനിടെ ഒരാള്‍ മരിച്ച കേസില്‍ മൂന്നു സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അതുല്‍, അരുണ്‍, ഷബിന്‍ ലാല്‍ എന്നിവരാണ് അറസ്റ്റിലായത്. സ്‌ഫോടന സമയത്ത് ഇവര്‍ സ്ഥലത്തുണ്ടായിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെ രാവിലെയോടെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍ മറ്റൊരാള്‍ കൂടി പൊലിസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
അറസ്റ്റിലായ ഒരാളുമായി ശനിയാഴ്ച രാവിലെ 11.30ഓടെ പൊലിസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് ആരംഭിച്ചു.
പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ച അരുണിനെ ഇന്നലെയാണ് പൊലിസ് കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ക്ക് പരുക്കില്ല. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളാണ് മറ്റുള്ളവരിലേക്കും എത്താന്‍ പൊലിസിനെ സഹായിച്ചത്.
സ്‌ഫോടനത്തില്‍ ഷെറിന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരാള്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് നേരത്തെ വന്നിരുന്ന റിപ്പോര്‍ട്ട്. എന്നാല്‍ സ്‌ഫോടനത്തില്‍ നാലുപേര്‍ക്ക് പരുക്കുണ്ട് എന്നാണ് വിവരം. വിനീഷ് എന്നയാള്‍ക്ക് ഗുരുതര പരുക്കാണ്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി. ഇയാള്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
ഇതിന് പുറമെ രണ്ടുപേര്‍ക്ക് കൂടി സ്‌ഫോടനത്തില്‍ പരുക്കുണ്ട്. മീത്തലെകുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെന്‍ട്രല്‍ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത് എന്നിവര്‍ക്കാണ് പരുക്കേറ്റത്. വിനോദ് പരിയാരം മെഡിക്കല്‍ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരുക്ക് ഗുരുതരമല്ല. ഇവരുടെ മൊഴി ഇന്ന് രേഖപ്പെടുത്തിയേക്കും.
മനോഹരന്‍ എന്ന വ്യക്തിയുടെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ ടെറസിലിരുന്നാണ് ബോംബ് നിര്‍മാണം നടത്തിയിരുന്നത്. ലൈഫ് മിഷന്‍ പദ്ധതിയിലൂടെ ലഭിച്ച വീടാണിത്. നാലുപേര്‍ക്ക് പരുക്കേറ്റിട്ടും പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ കൊല്ലപ്പെട്ട ഷെറിന്റെയും വിനീഷിന്റെയും പേര് മാത്രമാണുള്ളത്. അശ്വന്തിന്റെയും വിനോദിന്റെയും പേര് എഫ്.ഐ.ആറില്‍ ഇല്ല. ഇത് ഗുരുതര പിഴവായാണ് വിലയിരുത്തപ്പെടുന്നത്. സി.പി.എം ആണ് ബോംബ് നിര്‍മാണത്തിന് പിന്നിലെന്നും ബോംബ് ഉണ്ടാക്കി ആക്രമണം നടത്താനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുമാണ് സി.പി.എം നീക്കമെന്നും യു.ഡി.എഫ് ആരോപിച്ചു.ബോംബ് രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കാനുള്ള ഒരുക്കത്തിലാണ് യു.ഡി.എഫ്. വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പാനൂരില്‍ ഇന്ന് സമാധാന സന്ദേശയാത്ര നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."