പൊലിസിനു പണികൊടുത്ത വാറണ്ട് പ്രതി പിടിയിലായി
കാഞ്ഞങ്ങാട്: പൊലിസിനു പണികൊടുത്ത വാറണ്ട് പ്രതി ഒടുവില്‍ പൊലിസ് പിടിയിലായി. പരപ്പ കനകപ്പള്ളിയിലെ പരേതനായ ചന്ദ്രന്റെ മകന്‍ കുഞ്ഞിക്കണ്ണനെയാണ് (32) കഴിഞ്ഞ ദിവസം രാത്രി വെള്ളരിക്കുണ്ട് പൊലിസ് പിടികൂടിയത്. ഇതോടെ കഴിഞ്ഞ മൂന്നു ദിവസമായി വെള്ളരിക്കുണ്ട് പൊലിസിനു ഇയാള്‍ കൊടുത്ത പണി ഒഴിവായിക്കിട്ടി. അടിപിടി കേസുകള്‍ ഉള്‍പ്പെടെ ഒന്നിലധികം കേസുകള്‍ ഇയാളുടെ പേരില്‍ ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാറണ്ടായ കുഞ്ഞിക്കണ്ണനെ പിടികൂടാന്‍ പലതവണ പൊലിസ് ശ്രമിക്കിച്ചെങ്കിലും ഇയാളെ കണ്ടു കിട്ടിയില്ല.
കംപ്രസ്സര്‍ തൊഴിലാളിയായ ഇയാളുടെ വീട്ടില്‍ പൊലിസ് അന്വേഷിച്ച് പോയെങ്കിലും കാണാതെ വന്നതോടെ കഴിഞ്ഞ ദിവസം ഇയാളുടെ ഫോണില്‍ വിളിച്ച് പിറ്റേ ദിവസം രാവിലെ സ്റ്റേഷനില്‍ എത്താന്‍്് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഇയാള്‍ പൊലിസ് സ്റ്റേഷനില്‍ ഹാജരായതോടെയാണ് പൊലിസിനു പണികിട്ടിയത്. സ്റ്റേഷനിലെത്തിയ പ്രതി താന്‍ എലിവിഷം കഴിച്ചതായി പറയുകയും അവിടെ കുഴഞ്ഞു വീഴുകയും ചെയ്തതോടെ ഉണ്ടാകാന്‍ പോകുന്ന പൊല്ലാപ്പ് ഓര്‍ത്ത് പൊലിസ് ഇയാളെ വല്ലരിക്കുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പുറമേ കുഞ്ഞിക്കണ്ണന്റെ നാട്ടുകാരെ വിളിച്ചു വരുത്തി ഇയാളെ വിദഗ്ധ ചികിത്സക്കായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു.
ജില്ലാ ആശുപത്രിയില്‍ വച്ച് ഇയാളുടെ വയറുള്‍പ്പെടെ ഇളക്കി ചികിത്സ നല്‍കി കിടക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രാത്രി കാവലുണ്ടായിരുന്ന നാട്ടുകാരേയും, ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടേയും കണ്ണ് വെട്ടിച്ച് ഇയാള്‍ രക്ഷപ്പെട്ടത്. ഇതോടെ പൊലിസിന്റെ പണി ഇരട്ടിക്കുകയും ചെയ്തു. സൈബര്‍ സെല്ലിന് ഉള്‍പ്പെടെ ഇയാള്‍ അപ്രത്യക്ഷമായ വിവരം പൊലിസ് നല്‍കുകയും ചെയ്തു.
അവര്‍ നടത്തിയ അന്വേഷണത്തില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പ്രതിയുടെ മൊബൈല്‍ കണ്ടെത്തിയതോടെ കുതിച്ചെത്തിയ പൊലിസിനു ലഭിച്ചത് ഒരു ഓട്ടോ ഡ്രൈവറെയാണ്. അയ്യായിരം രൂപയോളം വിലവരുന്ന ഇയാളുടെ ഫോണ്‍ 2500 രൂപക്ക് ഓട്ടോ ഡ്രൈവര്‍ക്ക് വിറ്റതിന് ശേഷം ഈ തുക ഉപയോഗിച്ച് ഹൊസ്ദുര്‍ഗിലെ ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങി രാത്രി കിഴക്കന്‍ മലയോരത്തേക്ക് മുങ്ങുകയായിരുന്നു. ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറി വെള്ളരിക്കുണ്ട് പൊലിസ് ഇയാള്‍ക്ക് വേണ്ടി പരക്കംപായുകയും ചെയ്തു. ഇതിനിടെ ഇയാള്‍ വീട്ടിലെത്തി വസ്ത്രങ്ങള്‍ മാറി വെള്ളരിക്കുണ്ടിലേക്കു പോവുകയും ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയോടെ വെള്ളരിക്കുണ്ടിലെ മദ്യവില്‍പ്പന ശാലയ്ക്ക് മുന്നില്‍ നിന്നും ഇയാളെ പിടികൂടി അര്‍ദ്ധരാത്രി തന്നെ ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയതോടെയാണ് പൊലിസിന് ശ്വാസം നേരെ വീണത്. നിലവിലുള്ള കേസുകള്‍ക്ക് പുറമേ ആത്മഹത്യാ ശ്രമത്തിനും,ചികിത്സയില്‍ കഴിയവേ ആശുപത്രിയില്‍ നിന്നും മുങ്ങിയതിനുമായി രണ്ടു കേസുകള്‍ കൂടി ഇയാള്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."