ബൊമ്മന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
തിരുനെല്ലി: കഴിഞ്ഞദിവസം കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ ബൊമ്മന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെ പൊലിസ് സര്ജന് മനു ജോസഫിന്റെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മേര്‍ട്ടം നടത്തിയ മൃതദേഹം മാനന്തവാടി ഫോറസ്റ്റ് ഡിവിഷന് ഓഫിസില്‍ പൊതുദര്‍ശനത്തിന് വച്ചു.
തുടര്‍ന്ന് ആറോടെ ബേഗൂര്‍ കോളനിയില്‍ എത്തിച്ചു.ഇന്നലെ രാവിലെ 11ഓടെ വനംവകുപ്പിന്റെ ഔദ്യോഗിക ബഹുമതികളോടെ ബേഗൂര്‍ കോളനിക്കു സമീപത്തെ ശ്മശാനത്തില്‍ സംസ്കരിച്ചു. വനംവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പ്രതിനിധികള്‍, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ അനുശോചിച്ചു. ചൊവ്വാഴ്ച രാവിലെ 10ഓടെ 80 പ്ലാന്റേഷനിലെ തേക്കുതടികള്ക്ക് മാര്ക്കിടുന്നതിനിടയിലാണ് ആനയുടെ ആക്രമണമുണ്ടായത്. കൂട്ടത്തില്‍ രണ്ടു വനിത ഗാര്‍ഡ്മാരും ഉണ്ടായിരുന്നു. ഇവര്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സമീപത്ത് തന്നെ ഡി.എഫ്.ഒയും സംഘവും മാര്‍ക്കിട്ട മരങ്ങള്‍ കണക്കെടുക്കുന്നുണ്ടായിരുന്നു.
ചീറിയടുക്കുന്ന ആനയെ കണ്ട് ഓടിമാറിയ ബൊമ്മന് പെട്ടെന്ന് വീഴുകയായിരുന്നെന്ന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു. വനപാലകര്‍ ആനയെ ഓടിച്ചതിനു ശേഷം തിരച്ചില്‍ നടത്തിയാണ് വാച്ചറെ കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."