സ്‌കൂളുകളില്‍ അരി എത്തിയില്ല; ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയില്‍
എടച്ചേരി: സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി എത്തിയില്ല. ജില്ലയിലെ മിക്ക സ്‌കൂളുകളിലും അരി എത്താതായതോടെ ഉച്ചഭക്ഷണ വിതരണം മുടങ്ങാന്‍ സാധ്യതയേറി. സ്‌കൂളുകള്‍ക്ക് അരി വിതരണം ചെയ്യുന്ന മാവേലി സ്റ്റോറുകളില്‍ ഈ മാസം വിതരണം ചെയ്യേണ്ട അരി ഇതുവരെ എത്തിയിട്ടില്ല. നേരത്തെ സ്റ്റോക്കുള്ള അരി ഉപയോഗിച്ചാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണം പാചകം ചെയ്തത്. ഓണത്തിന് കുട്ടികള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച സ്‌പെഷല്‍ അരിയും ഇതുവരെ വിതരണത്തിന് എത്തിയിട്ടില്ല. അഞ്ചുകിലോ വീതം അരി കുട്ടികള്‍ക്ക് നല്‍കുമെന്ന് മന്ത്രിയുടെ വാഗ്ദാനം പാലിക്കപ്പെടാതെ നിലനില്‍ക്കുമ്പോഴാണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണവും മുടങ്ങാന്‍ പോകുന്നത്.
കഴിഞ്ഞവര്‍ഷം വരെ കുട്ടികള്‍ക്കുള്ള സ്‌പെഷല്‍ അരി ഓണത്തിന് മുന്‍പു തന്നെ സ്‌കൂളില്‍ എത്തിയിരുന്നതായി അധ്യാപകര്‍ പറയുന്നു.
ഇപ്രാവശ്യവും ഓണത്തിന് സ്‌കൂള്‍ പൂട്ടുന്നതിന് മുന്‍പ് തന്നെ കുട്ടികള്‍ക്ക് അരി എത്തിക്കണമെന്ന് മന്ത്രിസഭാ തീരുമാനമുണ്ടായിരുന്നെങ്കിലും സിവില്‍ സപ്ലെസ് ഉദ്യോഗസ്ഥരുടെ അശ്രദ്ധയാണ് വൈകാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സ്‌കൂളിലേക്ക് ഉച്ചഭക്ഷണ പദ്ധതിയുടെ ചിലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഈ ആവശ്യത്തിലേക്കുള്ള അരി നല്‍കുന്നത് ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ) ആണെങ്കിലും സംസ്ഥാനത്ത് ഇതു വിതരണം ചെയ്യുന്നത് സിവില്‍ സപ്ലൈസ് വഴിയാണ്.
ഓരോ സ്‌കൂളുകളിലേക്കും ഒരു കുട്ടിക്ക് നൂറു ഗ്രാം വീതം വച്ച് ഓരോ മാസത്തേക്കാണ് മാവേലി സ്റ്റോറുകള്‍ വഴി അരി വിതരണം ചെയ്യുന്നത്. ഇതുപ്രകാരം ഓണാവധിക്ക് മുന്‍പു തന്നെ സ്‌കൂളുകളില്‍ അരി തീരേണ്ടതാണ്. എന്നാല്‍ ഓരോ മാസവും നിയമാനുസൃതം ബാക്കി വരുന്ന അരി കൊണ്ടാണ് അധ്യാപകര്‍ ഇതുവരെ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയത്. സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ കൊടുത്ത കണക്ക് പ്രകാരമുള്ള അരിയാണ് മാസാവസാനമായിട്ടും സ്‌കൂളുകളില്‍ എത്താത്തത്. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പു തന്നെ മാവേലി സ്റ്റോറില്‍ നിന്ന് അരി എടുക്കണമെന്ന് പ്രധാനാധ്യാപകര്‍ക്ക് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസില്‍ നിന്നു നിര്‍ദേശം ലഭിച്ചിരുന്നു.
എന്നാല്‍ മാവേലി സ്റ്റോറുകളിലെത്തിയ സ്‌കൂള്‍ അധികൃതര്‍ അരി കിട്ടാതെ മടങ്ങുകയായിരുന്നു. ഓരോ വര്‍ഷവും മാര്‍ച്ച് മാസത്തില്‍ കൊടുക്കുന്ന കണക്കു പ്രകാരമാണ് അടുത്ത അധ്യയന വര്‍ഷത്തിലെ ജൂണ്‍ മാസത്തിലും സ്‌കൂളുകളിലേക്ക് അരി അനുവദിക്കുന്നത്.
ഇതുകൊണ്ടാണ് ഓരോ മാസത്തിലും നിശ്ചിത അരി ബാക്കി വരുന്നത്. ഇങ്ങനെ സ്റ്റോക്ക് വന്ന അരി കൂടി ചൊവ്വാഴ്ചയോടെ മിക്ക സ്‌കൂളുകളിലും തീരും. മാവേലി സ്റ്റോറുകളില്‍ അരി എത്താല്‍ ഇനിയും താമസിക്കുകയാണെങ്കില്‍ ജില്ലയിലെ നിരവധി വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ വിതരണം മുന്‍പെങ്ങുമില്ലാത്ത വിധം താളം തെറ്റുമെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."