നന്നമ്പ്ര പഞ്ചായത്ത് മിനിസ്റ്റേഡിയം ഉദ്ഘാടനം 29ന്
തിരൂരങ്ങാടി: വര്‍ഷങ്ങളുടെ കാത്തിരിപ്പിന് വിരാമം. നന്നമ്പ്ര പഞ്ചായത്ത് മിനിസ്റ്റേഡിയം ഉദ്ഘാടനം ഒക്ടോബര്‍ 29ന്. വൈകീട്ട് നാലിന് പി.കെ അബ്ദുറബ്ബ് എം.എല്‍.എയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കൊടിഞ്ഞി കടുവാളൂലെ വയലില്‍ അരക്കോടിയിലേറെ രൂപ ചെലവഴിച്ചുള്ള പ്രവൃത്തിയുടെ മിനുക്ക് പണികള്‍ പുരോഗമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്റ്റേഡിയം നവീകരിക്കാന്‍ എം.പി അബ്ദുസ്സമദ് സമദാനി എം.പിയുടെ ഫണ്ടില്‍ നിന്നു അഞ്ചുലക്ഷം രൂപ അനുവദിച്ചിരുന്നു.
വയലില്‍ സ്ഥിതിചെയ്യുന്നതിനാല്‍തന്നെ ഈഫണ്ടുപയോഗിച്ച് രണ്ടടിയോളം ഉയരത്തില്‍ ചുറ്റുമതില്‍ സ്ഥാപിച്ചു. ഇതോടെ സ്ഥിരമായിഉപയോഗിച്ചിരുന്ന സ്റ്റേഡിയം പിന്നീട് ഉപയോഗയോഗ്യമല്ലാതായി. കായികപ്രേമികള്‍ക്കാവട്ടെ പുഞ്ചവയലുകളെ ആശ്രയിക്കേണ്ടതായുംവന്നു. പിന്നീട് ലോക ബാങ്കിന്റെ ഫണ്ടില്‍ നിന്നു രണ്ടുഘട്ടങ്ങളിലായി അനുവദിച്ച 58 ലക്ഷം രൂപ ഉപയോഗിച്ചാണ് പ്രവൃത്തി നടത്തിയത്. കരയോളം ഉയരത്തില്‍ വെള്ളംകയറാത്തവിധം ചുറ്റുമതില്‍കെട്ടി മണ്ണുനിറച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.
കൂടാതെ സ്റ്റേഡിയത്തിന്റെ കവാടത്തില്‍ ഇരുമ്പ് ഗേറ്റും, ചുറ്റുമതിലിനോട് ചേര്‍ന്ന് ഉയരത്തില്‍ ഇരുമ്പ് നെറ്റും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം, സ്റ്റേഡിയത്തിന് പുറത്തേക്ക് മറ്റു കവാടങ്ങള്‍ ഇല്ലാത്തത് ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്. പുറത്തേക്ക് പോകുന്ന പന്തെടുക്കാന്‍ മെയിന്‍ ഗേറ്റ് കടന്ന് സ്റ്റേഡിയം ചുറ്റേണ്ട സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ആദ്യകാലങ്ങളില്‍ പഞ്ചായത്തിലെതന്നെ മികച്ച ഫുടബോള്‍ ടൂര്‍ണമെന്റുകള്‍ നടന്നിരുന്നത് ഈ സ്റ്റേഡിയത്തിലായിരുന്നു.
സൂപ്പര്‍ലീഗടക്കം ഒരേവര്‍ഷംതന്നെ രണ്ടും,മൂന്നും ഫുട്‌ബോള്‍ ടൂര്‍ണമെന്റുകളും സ്ഥിരമായിരുന്നു. വെള്ളം കെട്ടിനില്‍ക്കുന്ന സ്ഥലമായതിനാലും തൊട്ടടുത്ത വയലുകളില്‍ നെല്‍കൃഷി നടക്കുന്നതിനാലും വേനല്‍ക്കാലങ്ങളില്‍ മാത്രമേ സ്റ്റേഡിയം ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഏറെകാലമായി ഗ്രൗണ്ടില്‍ ടൂണ്ണമെന്റുകള്‍ നടക്കാറില്ല. സ്റ്റേഡിയം ഉദ്ഘാടനം കഴിയുന്നതോടെ ടൂര്‍ണമെന്റുകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് കായികപ്രേമികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."