വധശ്രമം: സി.പി.എം പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും
തലശ്ശേരി: കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ഒന്‍പതു സി.പി.എം പ്രവര്‍ത്തകരെ തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജ് രാജ്കുമാര് അഞ്ച് വര്‍ഷം കഠിനതടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചു.
പട്ടാന്നൂരിലെ ഓലേരി വീട്ടില്‍ ബാലന്റെ മകന് സുധീറി(32)നെ ബോംബെറിഞ്ഞും വെട്ടിയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ 18 പ്രതികളില്‍ ഒന്‍പതുപേരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതി ഓലേരി ഗോവിന്ദന് വിചാരണയ്ക്കിടെ ഹാജരായിരുന്നില്ല. ഈ പ്രതിയെ ഒഴിച്ചുനിര്‍ത്തിയാണ് കോടതി വിചാരണ നടത്തിയത്.
11-ാം പ്രതിയായ കൊടോളിപ്രത്തെ പ്രസാദ് സംഭവത്തിനുശേഷം മരണമടഞ്ഞിരുന്നു. ഏഴ് പ്രതികളെ കോടതി പിന്നീട് കുറ്റ വിമുക്തരാക്കി.
പട്ടാന്നൂര്‍ കൊടോളിപ്രം സ്വദേശികളും സി.പി.എം പ്രവര്‍ത്തകരുമായ ഷാജി (29), പ്രശാന്തന്(28), പുതിയ വീട്ടില്‍ സുരേശന്(26), മണിയേരി വീട്ടില്‍ രാജീവന്(30), റിജു നിവാസില്‍ കണ്ണാടിയില്‍ മനോജ്(29), പട്ടാന്നൂരിലെ പുതിയ വീട്ടില്‍ നാരായണന്(33), കൊടോളിപ്രത്തെപടുവയല് വീട്ടില്‍ ബൈജു(30), പട്ടാന്നൂര്‍ കൊളപ്പയിലെ ജീപ്പ് ഡ്രൈവര്‍ സന്തോഷ്കുമാര്‍(40), പട്ടാന്നൂര്‍ കുന്നുമ്മല്‍ വീട്ടില്‍ രാജീവന്(32) എന്നിവരെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം അഞ്ചു വര്‍ഷം കഠിനതടവിനും 10,000 രൂപ വീതം പിഴയടക്കാനും ശിക്ഷിച്ചത്.
2001 മെയ് 27 ന് രാവിലെ 11.30 മണിയോടെയാണ് പ്രതികള്‍ ജീപ്പിലെത്തി സുധീറിനെ അക്രമിച്ചത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷനല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ സി.ജെ അരുണ്‍ ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."