പാലാ ജനറല്‍ ആശുപത്രിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്
പാലാ: ജനറല്‍ ആശുപത്രിയെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവാരത്തിലേക്ക് ഉയര്‍ത്തി വിവിധ വികസന പദ്ധതികള്‍ക്കായുളള കെട്ടിടങ്ങളുടെ നിര്‍മാണപ്രവര്‍ത്തികള്‍ അവസാന ഘട്ടത്തിലേക്ക്. 41 കോടിയുടെ പദ്ധതികളാണ് നടന്നുവരുന്നത്. ആധുനിക മോര്‍ച്ചറി, മലിനീകരണ നിയന്ത്രണപ്ലാന്റ്, ചെലവുകുറഞ്ഞ രോഗനിര്‍ണ്ണയ കേന്ദ്രം, ഒ.പി, കാഷ്വാലിറ്റി ബ്ലോക്ക്, ആശുപത്രി ഭരണനിര്‍വ്വണ കേന്ദ്രം എന്നിവയുടെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്.
ആശുപത്രി ഉപകരണങ്ങള്‍ വാങ്ങാനായി 6.55 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നാലേക്കര്‍ സ്ഥലമാണ് പാലാ ജനറല്‍ ആശുപത്രിക്ക് സ്വന്തമായുള്ളത്. 76000 സ്‌ക്വയര്‍ ഫീറ്റില്‍ നിര്‍മ്മിക്കുന്ന ആറ് കെട്ടിടത്തിന്റെ ആദ്യനിലയില്‍ അത്യാഹിത വിഭാഗം, 30 ബെഡുള്ള ട്രോമോ കെയര്‍ യൂണിറ്റ് എന്നിവയും രണ്ടാം നിലയില്‍ ഔട്ട് പേഷ്യന്റ് ബ്ലോക്കും മൂന്നാം നിലയില്‍ സ്‌പെഷ്യാല്‍റ്റി ഒ.പി ബ്ലോക്കും നാലാം നിലയില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കും അഞ്ചാം നിലയില്‍ 70 ബഡുകളുള്ള സ്ത്രീകളുടെ സ്‌പെഷ്യാല്‍റ്റി വാര്‍ഡും റൂഫ് ടോപ്പില്‍ പവര്‍ലോണ്‍ട്രി സംവിധാനവും വാഷിംഗിനുള്ള സ്ഥലവുമാണ് നിര്‍മ്മിക്കുന്നത്. കെട്ടിടത്തിന്റെ വശങ്ങളിലായി ഒരേ സമയം നൂറോളം വാഹനങ്ങള്‍ക്കും നിരവധി ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കും.
ഏറ്റവും ചെലവുകുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് സേവനം ലഭ്യമാക്കുന്നതിനുളള അത്യാധുനിക രോഗനിര്‍ണ്ണയ ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന ബ്ലോക്കിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു. കെ.എം.മാണി എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ നിന്നുളള 10 കോടി മുടക്കിയാണ് ഈ കെട്ടിടം നിര്‍മിച്ചത്. മൃതശരീരങ്ങള്‍ ശീതികരിച്ച് സൂക്ഷിക്കുന്നതിനും പോസ്റ്റ്മാര്‍ട്ടം നടപടികള്‍ക്കും ഇതോടനുബന്ധിച്ചുളള കെട്ടിടത്തില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. എട്ടുവരെ മൃതദേഹങ്ങള്‍ ശീതികരിച്ച് സൂക്ഷിക്കുന്ന ഫ്രീസര്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം ഒക്‌ടോബര്‍ മാസത്തോടെ ആരംഭിക്കുന്നതിനുളള നടപടികള്‍ പൂര്‍ത്തിയായിവരുന്നു. 82.80 ലക്ഷം രൂപയാണ് മോര്‍ച്ചറി, പോസ്റ്റ്മാര്‍ട്ടം വിഭാഗങ്ങള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്.
ആശുപത്രിയിലെ മലിനജല സംസ്‌കരണത്തിനായുളള ശുചീകരണപ്ലാന്റ് നിര്‍മാണം അവസാനഘട്ടത്തിലാണ്. 70 ലക്ഷം രൂപയാണ് ഇതിന്റെ ചെലവ്. ഇന്‍സിനേറ്റര്‍ സ്ഥാപിക്കുന്നതിന് നിര്‍ദ്ദേശം സ്ഥാപിക്കുന്നതിനുളള നിര്‍ദേശം ലഭിച്ചിട്ടുണ്ടെങ്കിലും ആശുപത്രിയുടെ സ്ഥലപരിമിതി മൂലം കാലതാമസം ഉണ്ടാകുമെന്നാണറിയുന്നത്.
ഖരമാലിന്യസംസ്‌കരണം ഇതോടെ വലിയ പ്രതിസന്ധി ഉയര്‍ത്തുകയാണ്. ഒ.പി. വിഭാഗങ്ങളും പരിശോധന സംവിധാനവും, അത്യാഹിതവിഭാഗവും ഒരേ കെട്ടിടത്തിലേക്ക് മാറ്റും. ഇതിനായുളള അഞ്ചു നില കെട്ടിടം പൂര്‍ത്തിയായി വരികയാണ്. നിലവിലുളള 7 നില മന്ദിരത്തിലേക്കും പുതിയ മന്ദിരത്തിലേക്കും പ്രവേശിക്കുന്നതിനുളള റാംപ് നിര്‍മ്മാണവും പൂര്‍ത്തിയായി കഴിഞ്ഞു. 2.34 കോടി രൂപയാണ് റാംപ് നിര്‍മ്മാണത്തിന് ചെലവഴിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."