ഫണ്ടില്ല; ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ പദ്ധതികള്‍ അവതാളത്തില്‍
സ്വന്തം ലേഖിക
കോഴിക്കോട്്: ആവശ്യത്തിന് ഫണ്ടില്ലാത്തതിനാല്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ പദ്ധതികള്‍ മുടങ്ങുന്നു. 13 പുതിയ പദ്ധതികളാണ് ഫണ്ടില്ലാത്തതിനാല്‍ മുടങ്ങിക്കിടക്കുന്നത്്. നേരത്തെ ആരംഭിച്ച പദ്ധതികള്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തിലാണ് ഫണ്ട് ലഭിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ലഭിച്ച 35 ലക്ഷം രൂപയില്‍ അവശേഷിക്കുന്ന തുച്ഛമായ തുക കൊണ്ടാണ് ഇപ്പോള്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം. ഈ മാസമെങ്കിലും പണം ലഭിച്ചാല്‍ മാത്രമേ അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തിനുള്ളിലെങ്കിലും പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ ഷീബ മുംതാസ് 'സുപ്രഭാത'ത്തോടു പറഞ്ഞു.
കുട്ടികളെ സാമൂഹികമായ ഉന്നതിയിലെത്തിക്കാനുതകുന്ന പദ്ധതികളാണ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ് ആവിഷ്കരിച്ചിരിക്കുന്നത്. ഇതില്‍ ബോധവല്‍ക്കരണം, സ്പോണ്‍സര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടും.
അതേസമയം, ഫണ്ട്് കൈമാറുന്നതിനുള്ള ഇ-ട്രാന്‍സ്ഫറിങ് സംവിധാനത്തില്‍ വന്ന സാങ്കേതിക പ്രശ്നങ്ങളാണ് ഫണ്ട് വൈകാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. എന്നാല്‍ ഈ സംവിധാനം പ്രാവര്‍ത്തികമാകില്ലെന്ന ആക്ഷേപവും ശക്തമാണ്. ഉടന്‍ ഒരു ഉന്നതതല ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്ത് പ്രശ്നത്തിന് അടിയന്തിരമായി പരിഹാരം കാണണമെന്നും ആവശ്യമുയരുന്നുണ്ട്്.
ഫണ്ട് കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഫണ്ട് വൈകുന്നതിനെക്കുറിച്ചുള്ള പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി അധികൃതര്‍ സാമൂഹ്യക്ഷേമ വകുപ്പിന്റെ ധനകാര്യ കമ്മിറ്റിക്ക്് നിവേദനം സമര്‍പ്പിച്ചിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."