ഇരിപ്പിടം ജനക്കൂട്ടത്തിനൊപ്പം; തിരക്കില്‍ വലഞ്ഞ് കേന്ദ്ര സഹമന്ത്രിമാര്‍
കോഴിക്കോട്: ബി.ജെ.പി പൊതു സമ്മേളനത്തില്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും ഇരിപ്പിടത്തിനായി ബുദ്ധിമുട്ടി. ദേശീയ തലത്തിലെ പ്രധാന നേതാക്കള്‍ക്കും കാബിനറ്റ് മന്ത്രിമാര്‍ക്കും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ക്കും മാത്രമാണ് വേദിയില്‍ ഇരിപ്പിടം ഉണ്ടായിരുന്നത്. മറ്റുളളവര്‍ക്കായി വേദിക്കുമുന്നില്‍ ഏതാനും കസേരകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ആദ്യമെത്തിയവര്‍ ഇവിടങ്ങളില്‍ സ്ഥാനം പിടിച്ചു. പിന്നീടെത്തിയവരില്‍ ചിലരെ മാധ്യമപ്രവര്‍ത്തകര്‍ക്കായി വേര്‍തിരിച്ച ഭാഗത്തെ കസേരകളില്‍ ഇരുത്തി. മാധ്യമ പ്രവര്‍ത്തകര്‍ക്കായുള്ള സീറ്റുകളില്‍ ഭൂരിഭാഗവും ഇതിനകം തന്നെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൈയടക്കിയിരുന്നു. വൈകിയെത്തിയ കേന്ദ്രമന്ത്രിമാരെ ഈ ഭാഗത്തെ സീറ്റുകളില്‍ ഇരുത്താമെന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടലുകളും ഇതോടെ പിഴച്ചു.
കേന്ദ്രസഹമന്ത്രിമാരായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, ബന്ദാരു ദത്താത്രേയ, എം.ജെ അക്ബര്‍ എന്നിവര്‍ക്ക് വളരെ പണിപ്പെട്ടാണ് പൊലിസ് ഉദ്യോഗസ്ഥര്‍ കസേരകള്‍ ഒരുക്കിക്കൊടുത്തത്. ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിന് കസേര ലഭിക്കാതെ മടങ്ങിപ്പോകേണ്ടിവന്നു.
ദേശീയ കൗണ്‍സിലിനായി കോഴിക്കോട്ടെത്തിയ കേന്ദ്രസഹമന്ത്രിമാരും എം.പിമാരും സംസ്ഥാന മന്ത്രിമാരും കടപ്പുറത്തെ പൊതുസമ്മേളന വേദിയിലേക്ക് എത്തുമെന്ന് സംഘാടകരോ സുരക്ഷാ ഉദ്യോഗസ്ഥരോ കണക്കൂട്ടിയിരുന്നില്ല. എന്നാല്‍ സമ്മേളനം തുടങ്ങിയ 3.30 ഓടെ പൊലിസ് അകമ്പടിയോടെ ഇവര്‍ എത്തിയതോടെ എവിടെ ഇരിപ്പിടം ഒരുക്കുമെന്നറിയാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുഴങ്ങുകയായിരുന്നു. പരിപാടി കഴിഞ്ഞ് തിരിച്ചുപോകാനും കേന്ദ്രമന്ത്രിമാരും എം.പിമാരും ബുദ്ധിമുട്ടി. വേദിക്ക് പുറത്തേക്കിറങ്ങിയ ഇവര്‍ വാഹനം കിട്ടാതെ വലഞ്ഞു. ചിലര്‍ ജനക്കൂട്ടത്തിനിടയിലൂടെ നടന്നാണ് താമസ സ്ഥലത്തേക്ക് പോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."