എന്‍.സി.സി അക്കാദമി; അനിശ്ചിതത്വം തുടരുന്നു
മാനന്തവാടി: എന്‍.സി.സി അക്കാദമി ആരംഭിക്കുവാന്‍ ഉദ്ദേശിച്ച സ്ഥലത്തെച്ചൊല്ലി അനിശ്ചിതത്വം തുടരുന്നു. നിലവില്‍ അക്കാദമിക്കായി തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ മക്കിമല, മുനീശ്വരന്‍ കുന്നിലാണ് സ്ഥലം കണ്ടെത്തിയിരുന്നത്.
എന്നാല്‍ മുനീശ്വരന്‍കുന്ന് സംരക്ഷണ സമിതി എന്ന പേരില്‍ സ്ഥലത്തെ കുറിച്ച് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലം ഒഴിവാക്കി പ്രിയദര്‍ശിനിയുടെ സ്ഥലം നല്‍കാനുള്ള അണിയറ നീക്കങ്ങളാണ് നടക്കുന്നത്.
റവന്യൂ അധികൃതരുടെ ഈ നീക്കത്തിനെതിരേ പ്രതിഷേധവും വ്യാപകമാണ്. കഴിഞ്ഞ സര്‍ക്കാരിന്റ് കാലത്താണ് ജില്ലക്ക് എന്‍.സി.സി അക്കാദമി അനുവദിച്ചത്.
ഇതിനായി മക്കിമല, മുനീശ്വരന്‍ കുന്നില്‍ കണ്ടെത്തിയ സ്ഥലം തിരുവനന്തപുരം എന്‍.സി.സി ഡയരക്ടറേറ്റില്‍ നിന്നുള്ള ഉന്നത സംഘം പരിശോധിച്ച് അനുയോജ്യമാണെന്ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
റവന്യു വകുപ്പിന് ഉടമസ്ഥതതയിലുള്ള സര്‍വേ നമ്പര്‍ 681 ബിയില്‍പ്പെട്ട രണ്ട് ഏക്കര്‍ ഭൂമി 15116 നമ്പര്‍ പ്രകാരം ഭൂമി എന്‍.സി.സി ക്ക് കൈമാറി കൊണ്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തിരുന്നു. പ്രാരംഭ പ്രവര്‍ത്തനമെന്ന നിലക്ക് ഈ സ്ഥലത്തിന് ചുറ്റും ഫെന്‍സിങ് നടത്തുന്നതിനായി 21 ലക്ഷം രൂപയുടെ എസ്റ്റിമേറ്റും പ്ലാനും അക്കാദമി അധികൃതര്‍ പൊതുമരാമത്ത് വകുപ്പിന് സമര്‍പ്പിക്കുകയും ചെയ്തു. ഇതിനിടയിലാണ് സംരക്ഷണ സമിതിയുടെ പേരില്‍ സബ് കലക്ടര്‍ക്ക് പരാതി ലഭിച്ചത്.
വലിയ കാറ്റുണ്ടാകുന്ന സ്ഥലമായതിനാല്‍ അക്കാദമി സ്ഥാപിക്കരുതെന്നായിരുന്നു പരാതിയില്‍ വ്യക്തമാക്കിയിരുന്നത്.
എന്നാല്‍ റോപ്പ് ക്ലൈമ്പിങ്, ഷൂട്ടിങ്, തുടങ്ങിയവക്കും എല്ലാവിധ സാഹസിക പ്രവര്‍ത്തനങ്ങള്‍ക്കും ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് അക്കാദമിക്കായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
എന്നാല്‍ പരാതിയുണ്ടെന്ന കാരണത്താല്‍ ഈ സ്ഥലം ഒഴിവാക്കി മക്കിമലയിലെ പ്രിയദര്‍ശിനിയുടെ ഭൂമി നല്‍കാനുള്ള നീക്കമാണ് അണിയറയില്‍ നടക്കുന്നത്.
പ്രിയദര്‍ശിനിയുടെ ഭൂമി ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി മാത്രമെ വിനിയോഗിക്കാവു എന്ന് നിര്‍ദേശം നിലനില്‍ക്കെയാണ് ഇത്തരത്തില്‍ ഒരു നീക്കം സബ് കലക്ടറുടെ ഓഫിസ് കേന്ദ്രീകരിച്ച് നടക്കുന്നത്. നിര്‍മാണം പൂര്‍ത്തിയായാല്‍ സംസ്ഥാനത്തെ രണ്ടാമത്തെ അക്കാദമിയാണ് മക്കിമലയില്‍ യാഥാര്‍ഥ്യമാവുക. ഇത് അട്ടിമറിക്കാനാണ് റിസോര്‍ട്ട് ലോബികള്‍ ശ്രമിക്കുന്നത്. ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയ സ്ഥലത്ത് തന്നെ അക്കാദമി ആരംഭിക്കണമെന്നും റിസോര്‍ട്ട് മാഫിയകളുടെ നീക്കത്തെ ചെറുക്കണമെന്ന് മുന്‍ മന്ത്രി പി.കെ ജയലക്ഷ്മിയും പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."