ജില്ലയില്‍ 1142 ഹെക്ടര്‍ ഒഴിപ്പിക്കാന്‍ നടപടികള്‍ ആരംഭിച്ചു
മാനന്തവാടി: സംസ്ഥാനത്തെ വനഭൂമി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ വനം വകുപ്പ് നടപടി തുടങ്ങി. 2015 സെപ്റ്റംബര്‍ നാലിലെ ഹൈക്കോടതി വിധിയുടെ ചുവട് പിടിച്ചാണ് നടപടി. 1977ന് ശേഷം കൈയേറിയ ഭൂമികളാണ് തിരിച്ചുപിടിക്കുന്നത്.
1957ലെ വന സംരക്ഷണ നിയമത്തിന്റെയും 1961 ലെ വന നിയമ പ്രകാരവുമാണ് നടപടി. നടപടികള്‍ വേഗത്തിലാക്കാനായി വനം അഡീഷണല്‍ പ്രിന്‍സിപ്പള്‍ കണ്‍സര്‍വേറ്ററെ നോഡല്‍ ഓഫിസറായി നിയമിച്ചിട്ടുണ്ട്. പ്രാഥമികമായി എത്ര സ്ഥലമുണ്ടെന്ന് കണ്ടെത്തി കഴിഞ്ഞു. സംസ്ഥാനത്താകെ 7900 ഹെക്ടര്‍ കൈയേറ്റഭൂമിയുണ്ടന്നാണ് കണക്ക്. വയനാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ കൈയേറ്റ ഭൂമിയുള്ളത്.
വയനാട്ടില്‍ 1142 ഹെക്ടറും ഇടുക്കിയില്‍ 1450 ഹെക്ടര്‍ ഭൂമിയുമാണ് ഉള്ളത്. ഇ.എഫ്.എല്‍, നിക്ഷിപ്ത വനഭൂമി എന്നിവയാണ് കൈയേറിയിട്ടുള്ളത്. ആദ്യപടിയായി ഏഴുദിവസം മുതല്‍ 15 ദിവസം വരെ ഒഴിയാന്‍ സമയം കൊടുത്ത് നോട്ടീസ് നല്‍കും. അതിന് ശേഷം നിയമനടപടി സ്വീകരിക്കും. ഇതിനായുളള നോട്ടിസുകള്‍ തയാറായിട്ടുണ്ട്. ഈമാസം 29ന് എറണാകുളത്ത് ചേരുന്ന ഉന്നത വനപാലകരുടെ യോഗത്തില്‍ നോട്ടീസ് എപ്പോള്‍ വിതരണം ചെയ്യണമെന്ന് തീരുമാനിക്കും. വയനാട്ടില്‍ നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ 340 ഹെക്ടറും സൗത്ത് വയനാട് വനം ഡിവിഷനില്‍ 802 ഹെക്ടര്‍ വനഭൂമിയുമാണ് കൈയേറിയിട്ടുള്ളത്. മൂന്ന് കാറ്റഗറികളാക്കി തിരിച്ചാണ് നോര്‍ത്ത് വായനാട് വനം ഡിവിഷനില്‍ നോട്ടീസ് നല്‍കുകയെന്ന് ഡി.എഫ്.ഒ നരേന്ദ്രനാഥ് വേളൂരി പറഞ്ഞു.
ആദ്യ കാറ്റഗറിയില്‍ ജനറല്‍ വിഭാഗത്തെയും രണ്ടാം കാറ്റഗറിയില്‍ കുറിച്യര്‍, കുറുമര്‍ എന്നിവരെയും മറ്റ് ആദിവാസി വിഭാഗങ്ങളെ മൂന്നാം കാറ്റഗറിയിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സൗത്ത് വയനാട് വനം ഡിവിഷനില്‍ മേപ്പാടി, ചെതലയം, വിത്തുകാട്, വെള്ളരിമല, കുന്നത്തിടവക, പാമ്പ്ര, ചീയമ്പം. എന്നിവിടങ്ങളിലാണ് കൂടുതല്‍ വനം ഭൂമി കൈയേറ്റങ്ങള്‍ ഉള്ളത്. നോര്‍ത്ത് വയനാട് ഡിവിഷനില്‍ മാനന്തവാടി അമ്പുകുത്തിയിലും വനം വകുപ്പിന്റെ നടപടികള്‍ ചെറുകിട കൈവശകര്‍ഷകരെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുക. വനം വകുപ്പ് നടപടിക്കെതിരെ വരും നാളുകളില്‍ വ്യപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."