'നല്ലമണ്ണി'ന്റെ നന്മ തേടി കുട്ടികള്‍ കൃഷിയിടങ്ങളിലെത്തി
ചെറുവത്തൂര്‍: മണ്ണിനോടു ഹരിതാഭമായ മനസുചേര്‍ത്തു വച്ചു കാര്‍ഷിക വിപ്ലവം തീര്‍ക്കുന്ന സഹോദരങ്ങളുടെ കൃഷിയിടങ്ങള്‍ കാണാന്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നു കുട്ടികളെത്തി. കോറോം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികളാണു പിലിക്കോട്ടേക്കു കൃഷിയറിവുകള്‍ തേടിയെത്തിയത്. തമ്പാന്‍, സുധീര്‍ എന്നീ സഹോദരങ്ങളും മോഹനന്‍, രാജന്‍ എന്നിവരും ഒരുക്കിയ ജൈവപച്ചക്കറി തോട്ടങ്ങളെ കുറിച്ച് 'സുപ്രഭാതം' 'നല്ലമണ്ണി'ലൂടെയാണ് കുട്ടികള്‍ അറിഞ്ഞത്.
വിദ്യാലയത്തില്‍ പച്ചക്കറി കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടയില്‍ ഈ കൃഷിയിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റ് അംഗങ്ങളായ 50 പേര്‍ ഇന്നലെ എന്‍.എസ്.എസ് ദിനത്തില്‍ പ്രത്യേക വാഹനത്തിലാണ് പിലിക്കോട് എത്തിയത്.
കാടുകയറി കിടന്നിരുന്ന ഒന്നര ഏക്കര്‍ പറമ്പിനെ ഒന്നാന്തരം കൃഷിയിടമാക്കി കെ.വി സുധീറും ജ്യേഷ്ഠന്‍ തമ്പാനും പൊന്നുവിളയിച്ച കാഴ്ചകള്‍ കാണുന്നതിനായാണു കുട്ടികള്‍ ആദ്യം എത്തിയത്.
കുന്നോത്തുവളപ്പിലെ ഹരിതകാന്തിയില്‍ കുട്ടികള്‍ വിസ്മയം കൂറി. വിത്തുകള്‍ ശേഖരിക്കുന്നതുമുതല്‍ വിളപരിപാലനം വരെയുള്ള ഘട്ടങ്ങള്‍ ഇരുവരും കുട്ടികള്‍ക്കു മുന്നില്‍ വിശദീകരിച്ചു. പടവലം, വെണ്ട, ചേന, വെള്ളരി, മത്തന്‍, കൈപ്പ, വാഴ എന്നിവയെല്ലാമാണ് ഇവിടെ കൃഷി ചെയ്യുന്നത്.
പിലിക്കോട് എരവിലിലെ മോഹനും അനുജന്‍ രാജനും ചേര്‍ന്നു വീട്ടുമുറ്റത്ത് ഒരുക്കിയ പച്ചക്കറി പന്തലിലും കുട്ടികളെത്തി. വിദ്യാലയത്തിലും പന്തല്‍ കൃഷിക്കു കുട്ടികള്‍ തുടക്കം കുറിച്ചിട്ടുണ്ട്.
നരമ്പനും പയറുമെല്ലാം കവാടം പോലെ നട്ടുവളര്‍ത്തിയ രീതി കുട്ടികള്‍ മനസിലാക്കി. കര്‍ഷകര്‍ സ്‌നേഹത്തോടെ നല്‍കിയ ജൈവപച്ചക്കറികളും പച്ചപ്പു നിറഞ്ഞ മനസുമായാണ് കുട്ടികള്‍ മടങ്ങിയത്. ആയിറ്റി വൃദ്ധ മന്ദിരം, ഇടയിലക്കാട് ദ്വീപ് എന്നിവിടങ്ങളിലും കുട്ടികളുടെ സംഘം സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."