മഴക്കാലത്തും അഴിത്തലക്കാര്‍ക്കു ഉപ്പുവെള്ളം ശരണം
നീലേശ്വരം: നീലേശ്വരം നഗരസഭയിലെ തീരദേശ പ്രദേശമായ അഴിത്തലയിലെ ജനങ്ങള്‍ ശുദ്ധജലത്തിനായി ബുദ്ധിമുട്ടുന്നു. ഇവിടങ്ങളില്‍ മഴക്കാലത്തും ഉപ്പുവെള്ളം മാത്രമാണ് ലഭിക്കുന്നതെന്നു പ്രദേശത്തുകാര്‍ പറയുന്നു.
ശുദ്ധജല വിതരണത്തിനായി സ്ഥാപിച്ച ജലനിധി പദ്ധതി നോക്കുകുത്തിയായതോടെയാണു ഈ സ്ഥിതി വന്നത്. പടന്ന പഞ്ചായത്തിനു കീഴിലായിരിക്കുമ്പോള്‍ കഴിഞ്ഞ വര്‍ഷം മെയ് 23 നാണ് ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്തത്.
ലോകബാങ്കിന്റെ സഹായത്തോടെ 3.25 കോടി രൂപ ചെലവഴിച്ചാണു പദ്ധതി തുടങ്ങിയത്. പ്രദേശത്തെ ഇരുനൂറോളം കുടുംബങ്ങള്‍ക്കു ഇതിന്റെ ഗുണം ലഭിച്ചിരുന്നു. ആദ്യപടിയായി ഗുണഭോക്താക്കളില്‍ നിന്നു 1250 രൂപയും മാസ വരിസംഖ്യയായി 200 രൂപയും ഈടാക്കുകയും ചെയ്തിരു ന്നു. എന്നാല്‍ ആറു മാസം കഴിഞ്ഞതോടെ കുടിവെള്ള വിതരണം മുടങ്ങി.
മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ വോള്‍ട്ടേജ് ഇല്ലാത്തതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അഴിത്തല നഗരസഭയുടെ ഭാഗമായതോടെ മെയിന്റനന്‍സ് പ്രവര്‍ത്തിയും നടക്കാതായി. ലോകബാങ്കില്‍ നിന്നു ലഭിച്ച മെയിന്റനന്‍സ് പടന്ന പഞ്ചായത്തിന്റെ പേരിലാണുള്ളത്. അതുകൊണ്ടു തന്നെ പദ്ധതിക്കായി ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല.
ഒരു വര്‍ഷത്തോളമായി ഇവിടുത്തെ ശുദ്ധജല വിതരണം നിലച്ചിരിക്കുകയാണ്. പുതിയ ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കുന്നതിനായി വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ടെങ്കിലും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിച്ചില്ല.
തീരദേശ വാസികളുടെ ശുദ്ധജല ക്ഷാമം പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."