കരമന - കളിയിക്കാവിള ദേശീയപാത വികസനം നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം: കലക്ടര്‍
തിരുവനന്തപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന് അനുവദിച്ച നഷ്ടപരിഹാര തുക അടുത്ത ആഴ്ചക്കകം വിതരണം ചെയ്യണമെന്ന് ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി നിര്‍ദേശിച്ചു.
ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോര്‍ ബാങ്കിങ് സൗകര്യം ഇല്ലാതിരുന്നതാണ് പണം അനുവദിക്കുന്നതില്‍ തടസമായത്. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ പേരിലുള്ള ട്രഷറി അക്കൗണ്ട് വഴി പണം വിതരണം ചെയ്യണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കലക്ടര്‍ ആവശ്യപ്പെട്ടു. റീ സര്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 27 ന് സര്‍വേ, റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം കലക്ടറേറ്റില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അരുവിക്കര ഡാമിന്റെ രണ്ടാംഘട്ട മാലിന്യനീക്കം ത്വരിതപ്പെടുത്തി ഡാമിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ പുരോഗതി കലക്ടര്‍ നേരിട്ട് പരിശോധിക്കും.
കെ.എസ് ശബരിനാഥന്‍ എം.എല്‍.എ യാണ് ജില്ലാ വികസന സമിതി യോഗത്തില്‍ ഈ വിഷയം ഉന്നയിച്ചത്. വെള്ളായണി കായല്‍ പുറമ്പോക്ക് കൈയേറ്റം ഒഴിപ്പിക്കുന്നതിന് പഞ്ചായത്ത് അധികൃതരും റവന്യൂ ഉദ്യോഗസ്ഥരും സംയുക്ത നടപടി സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിമാരുമായി കലക്ടര്‍ ചര്‍ച്ച നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധുവിന്റെ നിര്‍ദേശപ്രകാരമാണ് ഈ തീരുമാനം. വെള്ളായണി കായലില്‍ സ്ഥലം വെള്ളത്തിനടിയിലായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാനും ജില്ലാ വികസന സമിതിയോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വട്ടിയൂര്‍ക്കാവ് ജങ്ഷന്‍ വികസനത്തിനും ശാസ്തമംഗലം - പേരൂര്‍ക്കട റോഡ് 20 മീറ്ററില്‍ വികസിപ്പിക്കുന്നതിനുമുള്ള നടപടി വേഗത്തിലാക്കണമെന്ന് കെ. മുരളീധരന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. നെയ്യാറ്റിന്‍കരയില്‍ പൈപ്പ് പൊട്ടി കുടിവെള്ള വിതരണം മുടങ്ങുന്നത് തടയാനും കോവളം-കാരോട് റോഡ് വികസനത്തിനുള്ള നഷ്ടപരിഹാര തുക നിശ്ചയിച്ചതിലെ പാകപ്പിഴവ് പരിഹരിക്കാനും നടപടി വേണമെന്ന് കെ. ആന്‍സലന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.
ആറ്റിങ്ങല്‍ നഗരത്തില്‍ ദേശീയപാത വികസനത്തിലെ തടസങ്ങള്‍ നീക്കുന്നതിന് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ബി. സത്യന്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ ഒന്നിന് ചിറയിന്‍കീഴ് താലൂക്ക് ഓഫിസില്‍ യോഗം വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു. വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടറെ കൂടി നിയമിക്കാമെന്ന് ഡി.എം.ഒ യോഗത്തില്‍ അറിയിച്ചു. കേശവപുരം സി.എച്ച്.സിയില്‍ പുതിയ ഡിജിറ്റല്‍ എക്‌സ്‌റേ മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള നടപടി ത്വരിതപ്പെടുത്തും. കുറുപുഴ വില്ലേജില്‍ സര്‍വേ നടപടികള്‍ വേഗത്തിലാക്കി കെട്ടിക്കിടക്കുന്ന രണ്ടായിരത്തോളം അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്ന് കെ. മുരളി എം.എല്‍.എ ആവശ്യപ്പെട്ടു. ജീവനക്കാരെ പുനര്‍വിന്യസിച്ചും മുന്‍ഗണന നല്‍കിയും വിഷയം പരിഹരിക്കണമെന്ന് സര്‍വേ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. എസ്.ആര്‍.ഐ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പേയാട്-കാട്ടാക്കട-മണ്ഡപത്തിന്‍കടവ് വഴിയുള്ള കരമന-വെള്ളറട റോഡിന്റെ നിര്‍മാണത്തിന് സോഷ്യല്‍ ഇംപാക്ട് സ്റ്റഡി നടത്തുന്നതിന് ഏഴ് ഏജന്‍സികളെ കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ നിന്നുള്ള തിരഞ്ഞെടുപ്പിന് നടപടി സ്വീകരിക്കുമെന്നും ഐ.ബി സതീഷ് എം.എല്‍.എയെ കലക്ടര്‍ അറിയിച്ചു. ശാസ്തമംഗലം - പേരൂര്‍ക്കട, മുട്ടട-പരുത്തിപ്പാറ ഭാഗങ്ങളില്‍ വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കല്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. നെടുമങ്ങാട് താലൂക്കില്‍ കരിപ്പൂര്‍ വില്ലേജില്‍ റീസര്‍വേ നടപടികളിലെ പാകപ്പിഴ തിരുത്താനുള്ള പ്രകിയക്ക് മുന്‍ഗണന നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. സി. ദിവാകരന്‍ എം.എല്‍.എയാണ് ഈ വിഷയം ജില്ലാ സമിതി യോഗത്തില്‍ ഉന്നയിച്ചിരുന്നത്. മുതലപ്പൊഴി ഹാര്‍ബര്‍ വികസന നടപടികള്‍ ഒക്‌ടോബറില്‍ ആരംഭിക്കാന്‍ നടപടിയായതായി ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശിയെ കലക്ടര്‍ അറിയിച്ചു.
കിളിമാനൂര്‍, പഴയകുന്നുമ്മേല്‍, മടവൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്കായുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ജില്ലാ കലക്ടര്‍ വിലയിരുത്തി നവംബറില്‍ കമ്മിഷന്‍ ചെയ്യാന്‍ നടപടി സ്വീകരിക്കും. നെടുമങ്ങാട് നഗരത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കാനും സമീപ പ്രദേശങ്ങളിലെ പട്ടികവിഭാഗ കോളനികളിലേക്ക് പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സി. ദിവാകരന്‍ എം.എല്‍.എ പ്രതിനിധി യോഗത്തില്‍ ആവശ്യപ്പെട്ടു. യോഗത്തില്‍ എം.എല്‍.എ. മാരായ ബി. സത്യന്‍, ഡി.കെ. മുരളി, കെ. മുരളീധരന്‍, കെ. ആന്‍സലന്‍, കെ.എസ്. ശബരിനാഥന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ആര്‍.ഡി.ഒ. സബിന്‍ സമീദ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ വി.എസ് ബിജു, ഡെപ്യൂട്ടി കലക്ടര്‍മാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, എം.എല്‍.എ. മാരുടേയും എം.പി. മാരുടേയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."