തൃക്കാക്കരയില്‍ കുന്നിടിക്കലും പാടം നികത്തലും വീണ്ടും സജീവമായി
കാക്കനാട്: തൃക്കാക്കരയില്‍ കുന്നിടിക്കലും പാടം നികത്തലും വീണ്ടും സജീവമായി. മണ്ണുമായി പായുന്ന ടിപ്പറുകള്‍ പതിവു കാഴ്ചയായിരിക്കുകയാണ്.
ഞായറാഴ്ച അര്‍ധരാത്രി അനധികൃത നിലംനികത്തലിന് മണ്ണിറക്കാനെത്തിയ മൂന്ന് ടിപ്പര്‍ലോറികള്‍ ഇന്‍ഫോപാര്‍ക്ക് പൊലിസ് പിടികൂടി. ചിറ്റേത്തുകര മേഖലയിലാണ് അനധികൃതമായി നിലംനികത്തുന്നത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഇന്‍ഫോപാര്‍ക്ക് എസ്.ഐ എസ്.ഐ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് മൂന്ന് ടിപ്പറുകള്‍ പിടികൂടിയത്.
തൃക്കാക്കരയില്‍ റവന്യൂ ഉദ്യോഗസ്ഥരെ നോക്കുകുത്തിയാക്കി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു നേരെ രാഷ്ടീയ പാര്‍ട്ടികളും കണ്ണടയ്ക്കുകയാണ്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് തൃക്കാക്കര. എന്നാല്‍, ഇവിടെയുള്ള ചതുപ്പുകളും നീരുറവകളും ഏതാണ്ട് ഇല്ലാതായിക്കഴിഞ്ഞു.
അനുമതിയില്ലാതെയാണ് പലയിടത്തും കുന്നിടിക്കലും നികത്തലും നടത്തുന്നത്. എന്നാല്‍ നാട്ടുകാരുടെ കണ്ണില്‍പ്പൊടിയിടാന്‍ ഏതെങ്കിലും ഒരു സ്ഥലത്തിന്റെ പേരില്‍ അനുമതിയെടുത്ത് ഒരു പ്രദേശമാകെ നികത്തുകയാണ്.
വീടുവയ്ക്കാനെന്ന പേരില്‍ പാടം നികത്താന്‍ ആറോ ഏഴോ സെന്റിന് അനുമതിയെടുത്താണ് പലയിടത്തും നികത്തുന്നത്. കാക്കനാട് വില്ലേജില്‍ ഒരു മാനദണ്ഡവുമില്ലാതെയാണ് പ്രവൃത്തികള്‍ നടത്തുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."