ഓടിക്കൊണ്ടിരുന്ന കാറിനുമുകളില്‍ മരത്തിന്റെ ശിഖരം വീണു; വന്‍ ദുരന്തം ഒഴിവായി
കടുത്തുരുത്തി: ഓടിക്കൊണ്ടിരിക്കേ കാറിനുമുകളില്‍ വാകമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു യാത്രക്കാരായ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെയുളളവര്‍ പരുക്കേല്‍ക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടു. കടുത്തുരുത്തി വില്ലേജ്, സബ്ബ്-രജിസ്ട്രര്‍ ഓഫിസ്‌വളപ്പില്‍ നിന്ന വലിയ വാകമരശിഖരമാണ് ഇന്നലെ ഉച്ചയോടെ കടുത്തുരുത്തി-പാലാ റോഡി ലേക്കു ഒടിഞ്ഞുവീണത്.
എറണാകുളം നെട്ടൂര്‍ സ്വദേശികളായ മാവളത്തറയില്‍ ജാസിഫ് (32), സഹോദരന്‍ ജിബിന്‍(25), ഇവരുടെ ഉമ്മ സഫിയ(62), ജാസിഫിന്റെ ഭാര്യ മുനിറത്ത് (22), മകന്‍ ആയാല്‍(1), സഹോദരി അനിത എന്നിവര്‍ ഉണ്ടായിരുന്നു. ഇവര്‍ ഈരാറ്റുപ്പേട്ടയിലെ രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി പോകുമ്പോഴാണ് അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
കാറ്റുംമഴയും ഇല്ലാത്ത സമയത്ത് വലിയ ശബ്ദത്തോടെ റോഡിലേക്കു മരക്കൊമ്പ് വീണപ്പോള്‍ ഇതുവഴി കാര്‍ കടന്നുവരികയായിരുന്നു. മരത്തിന്റ വന്‍ ശിഖരം കാറിന്റെ മുകളിലേക്കു വീഴുന്ന സമയം അപകടം തിരിച്ചറിഞ്ഞ വണ്ടി ഓടിച്ചുകൊണ്ടിരുന്ന ജാസിഫ് കാര്‍ വളരെ വേഗത്തില്‍ മുമ്പോട്ടോടിച്ചു പോയതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
കാറില്‍ മരക്കൊമ്പ് പതിച്ച് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. വന്‍ ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി.
വൈദ്യുതി കമ്പിയിലേക്ക് മരം വീണതിനാല്‍ വൈദ്യുതി ബന്ധവും റോഡ് ഗതാഗതവും പൂര്‍ണ്ണമായും തടസപ്പെട്ടു. ഫയര്‍ ഫോഴ്‌സും പൊലിസും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനുശേഷമാണു മരം മുറിച്ചുമാറ്റിയത്. മരം മുറിച്ചുമാറ്റണമെന്നു പലപ്രാവശ്യം പരാതി നല്‍കിയിരുന്നെങ്കിലും ബന്ധപ്പെട്ട അധകൃതറുടെ ഭാഗത്തുനിന്നും നടപടിയൊന്നും ഉണ്ടായില്ലയെന്നു നാട്ടുകാര്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."