സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ എന്‍.എസ്.എസിനെ പങ്കാളിയാക്കും: മന്ത്രി രവീന്ദ്രനാഥ്
തൃശൂര്‍: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയില്‍ നാഷണല്‍ സര്‍വിസ് സ്‌കീമിനെ നിര്‍വഹണ പങ്കാളിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നാഷണല്‍ സര്‍വിസ് സ്‌കീമിന്റെ സംസ്ഥാന തല അവാര്‍ഡ് വിതരണം ടൗണ്‍ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശാസ്ത്ര സാങ്കേതിക വിദ്യകളും അറിവുകളും വളരുന്നതനുസരിച്ച് സമൂഹ മനസും വളരണമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. നാഷണല്‍ സര്‍വിസ് സ്‌കീം ഏറ്റെടുക്കുന്ന സാമൂഹ്യ സേവന പദ്ധതികള്‍ സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക പശ്ചാത്തലത്തില്‍ ഊന്നിയതാണ്. എങ്കിലും സാമൂഹിക പ്രതിബദ്ധത കൂടി ലക്ഷ്യമാക്കണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
എന്‍.എസ്.എസ് ഏറ്റെടുത്തിട്ടുളള സഹപാഠിക്കൊരു വീട് പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തനം മാത്രമല്ല. ഈ രംഗത്തെ സാമൂഹ്യ അസമത്വം ഇല്ലാതാക്കാനുളള ശ്രമമാണ്. വിദ്യാര്‍ഥി സമൂഹം ഇത് മനസിലാക്കുന്നത് അവരുടെ ലക്ഷ്യബോധത്തെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. കൃഷി വകുപ്പു മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. എന്‍.എസ്.എസ് ഏറ്റെടുത്ത ഭവന നിര്‍മാണ പദ്ധതിക്കൊപ്പം സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയും ഏറ്റെടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. എം. ജി. യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എഡ്യൂക്കേഷന്‍ ഡയറക്ടര്‍ കെ.പി നൗഫല്‍, എന്‍.എസ്.എസ് റീജിയണല്‍ ഡയറക്ടര്‍ ജി.പി സജിത് ബാബു, ട്രെയ്‌നിങ് കോ ഓര്‍ഡിനേററര്‍ ഐ.വി സോമന്‍ എന്നിവര്‍ ആശംസ നേര്‍ന്നു. സംസ്ഥാന എന്‍.എസ്.എസ് ഓഫിസര്‍ ഡോ. കെ.പ്രകാശ് സ്വാഗതവും, കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എന്‍.എസ്.എസ് പ്രോഗ്രാം കോ ഓഡിനേറ്റര്‍ പി.വി വത്സരാജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."