സമ്പൂര്‍ണ ശൗചാലയ നിര്‍മാണത്തിലും നിരവധി ആദിവാസികള്‍ പുറത്ത്
മേപ്പാടി: ഓപ്പണ്‍ ഡിഫെക്കേഷന്‍ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുക എന്ന പ്രമേയവുമായി സംസ്ഥാനത്താകെ ശൗചാലയങ്ങള്‍ ഇല്ലാത്ത വീടുകളില്‍ ശൗചാലയ നിര്‍മാണം തകൃതിയായി നടക്കുമ്പോഴും ജില്ലയില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ ഉള്‍പ്പടെ പദ്ധതിയുടെ പുറത്താണ്. ജില്ലയിലെ ഭൂസമര കേന്ദ്രങ്ങളിലടക്കമുള്ള വേണ്ടത്ര രേഖകള്‍ ഇല്ലാതെ താമസിക്കുന്നവരാണ് പദ്ധതിക്ക് പുറത്താകുന്നത്. കേരള പിറവി ദിനത്തിന് മുമ്പായി സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും ശൗചാലങ്ങള്‍ നിര്‍മിക്കാനാണ് ലക്ഷ്യം. റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയ രേഖകള്‍ ഉള്ളവര്‍ക്കാണ് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. ഭൂസമരങ്ങളില്‍ ഏര്‍പ്പെട്ട് പലര്‍ക്കും ഈ രേഖകളില്ല. മാത്രവുമല്ല വനഭൂമി കൈയേറി കുടില്‍ കെട്ടി താമസിക്കുന്നവരെ ഹൈക്കോടതി ഉത്തരവ് പ്രകാരം കുടിയിറക്കാനിരിക്കുകയുമാണ്. അതിനാല്‍ തന്നെ ശൗചാലയ നിര്‍മ്മാണത്തിലെ അനിശ്ചിതത്വം തുടരുകയാണ്.
മേപ്പാടി പഞ്ചായത്തില്‍ മാത്രം അഞ്ചൂറിലേറെ കുടുംബങ്ങള്‍ക്ക് ശൗചാലയമില്ല. ഇതില്‍ ഭൂരിഭാഗം പേരും ഭൂസമര കേന്ദ്രത്തിലാണ് താമസിക്കുന്നത്. മേപ്പാടി വിത്ത്കാട് കോളനിയിലടക്കം ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തന്നെ ജില്ലാ കലക്ടര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. 12000 രൂപ കേന്ദ്ര സര്‍ക്കാരും 3400 രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമാണ് ശൗചാലയ നിര്‍മ്മാണത്തിന് ഒരു കുടുംബത്തിനായി ചെലവഴിക്കേണ്ടത്. ഇത്രയും കുറഞ്ഞ തുക കൊണ്ട് ശൗചാലയങ്ങള്‍ നിര്‍മിക്കാനും പ്രയാസം നേരിടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."