കഞ്ചാവ് മാഫിയാ സംഘത്തിലെ പ്രധാനി പിടിയില്‍ പിടിയിലായത് നാലുകിലോഗ്രാം കഞ്ചാവുമായി
കോഴിക്കോട്: ചില്ലറ വില്‍പനക്കാര്‍ക്ക് കൈമാറ്റം ചെയ്യാന്‍ കൊണ്ടുവന്ന നാലുകിലോഗ്രാം കഞ്ചാവുമായി തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം സ്വദേശി മൈവള്ളിവീട്ടില്‍ ശ്രീകുമാറിനെ (45) പന്തീരാങ്കാവിലെ അത്താണിയില്‍ വച്ച് കോഴിക്കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടി. കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കേന്ദ്രീകരിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന മാഫിയാ സംഘത്തിലെ പ്രധാനിയാണ് ശ്രീകുമാര്‍. ആന്ധ്രയില്‍ നിന്ന് കഞ്ചാവ് കോയമ്പത്തൂരിലെത്തിച്ച് പാലക്കാട്ടെ രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ച ശേഷം ചില്ലറ വ്യാപാരത്തിനായി കോഴിക്കോട്ടേക്ക് എത്തുമെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് രഹസ്യനിരീക്ഷണത്തിലായിരുന്നു.
ഫറോക്ക്, കോട്ടൂളി ഭാഗത്തേക്ക് വില്‍പന നടത്താന്‍ കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. പാലക്കാട് കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തുന്നതിന് പ്രതിക്ക് വേറെയും കൂട്ടാളികളുണ്ടെന്നാണ് സൂചന. മലപ്പുറം ജില്ലയിലെ നിരവധി കച്ചടക്കാരും പ്രതിയില്‍ നിന്ന് കഞ്ചാവ് വാങ്ങാറുണ്ടെന്നും വിവരമുണ്ട്. സ്പീക്കര്‍ ബോക്‌സുകളില്‍ സുഗന്ധദ്രവ്യങ്ങള്‍ പൂശി ബാഗിലാക്കി സ്പീക്കര്‍ കച്ചവടക്കാരനാണെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തുന്നത്. ആറുമാസം മുന്‍പും കഞ്ചാവ് കടത്തിന് പിടിക്കപ്പെട്ട് പ്രതി ജയിലില്‍ കിടന്നിട്ടുണ്ട്. 7,000 രൂപക്ക് കോയമ്പത്തൂരില്‍ നിന്ന് വാങ്ങുന്ന കഞ്ചാവ് 20,000 രൂപക്ക് ചില്ലറ വില്‍പനക്കാര്‍ക്ക് വിതരണം ചെയ്യുകയാണ് ഇയാളുടെ രീതി.
പ്രതിക്ക് കഞ്ചാവ് കൈമാറിയ ആന്ധ്ര സ്വദേശി ബാലുവിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. ഹരികൃഷ്ണ പിള്ള, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി. മുരളീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ റെയിഡില്‍ സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സി. രാമകൃഷ്ണന്‍, യു.പി മനോജ്കുമാര്‍, കെ. ഗംഗാധരന്‍, ധനീഷ് കുമാര്‍, ടി.പി ബിജുമോന്‍, എം. സജീവന്‍, ഒ.ടി മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."