സംസ്ഥാനത്തെ നന്മ സ്റ്റോറുകള്‍ പൂട്ടാന്‍ തീരുമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നന്മ സ്റ്റോറുകള്‍ പൂട്ടാന്‍ സഹകരണ വകുപ്പ് തീരുമാനം. മിക്ക സ്റ്റോറുകളും കടുത്ത ബാധ്യതയായി തീര്‍ന്ന സാഹചര്യത്തിലാണിത്. എല്ലാ സ്റ്റോറുകളും തുടര്‍ച്ചയായി നഷ്ടത്തിലേക്കു നീങ്ങിയതിനാലാണ് അടച്ചുപൂട്ടുന്നതെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്‍ കഴിഞ്ഞദിവസം നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റും വാടകയില്ലാതെ സ്ഥലം അനുവദിച്ച പ്രദേശങ്ങളിലാണ് നന്മ സ്റ്റോറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍, കരാര്‍ കാലാവധി അവസാനിച്ചതിനാല്‍ ഇവയില്‍ പലതും ഒഴിഞ്ഞുകൊടുക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് നിര്‍ബന്ധിതമായി. കൂടാതെ ജീവനക്കാരുടെ വേതനം, വൈദ്യുതി, ടെലിഫോണ്‍, യാത്രാപ്പടി എന്നീ ഇനങ്ങളില്‍ വരുന്ന ചെലവും കണ്‍സ്യൂമര്‍ഫെഡിന് ബാധ്യതയായി.
അതിനിടെ, നന്മ സ്റ്റോറുകള്‍ പൂട്ടുന്നതിനു ബദല്‍മാര്‍ഗമായി പ്രാഥമിക സഹകരണ ബാങ്കുകള്‍വഴി നീതി സ്റ്റോറുകള്‍ വ്യാപിപ്പിച്ച് കണ്‍സ്യൂമര്‍ഫെഡ് ഉല്‍പ്പന്നങ്ങള്‍ ഗ്രാമതലങ്ങളില്‍ എത്തിക്കാന്‍ പദ്ധതി തയാറാക്കുന്നുണ്ട്. ഇതിനുപുറമെ സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ ആവശ്യപ്പെടുന്ന സഹകരണസംഘങ്ങള്‍ക്ക് ഇവ നല്‍കാനും പഞ്ചായത്തുകള്‍ക്കും കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഇതിന്റെ നടത്തിപ്പ് നല്‍കുന്നതും പരിഗണനയിലാണ്.
നിലവില്‍ സംസ്ഥാനത്തുള്ള സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകള്‍ പലതും പ്രവര്‍ത്തനരഹിതമാണ്. സംസ്ഥാനത്തുള്ള 142 സഞ്ചരിക്കുന്ന ത്രിവേണി സ്റ്റോറുകളില്‍ 78 എണ്ണവും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ വാഹനങ്ങള്‍ ഭൂരിഭാഗവും ഉപയോഗിക്കാന്‍ കഴിയാത്തവിധമാണുള്ളത്. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്കായി ഭീമമായ തുകയാണ് ചെലവാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."