ഐ ലവ് കാട്ടുതീ
കാട്ടുതീ സസ്യജന്തുജാലങ്ങള്‍ക്ക് ദോഷമായി തീരാറാണല്ലോ പതിവ്. എന്നാല്‍ ഒരു സസ്യത്തിന് കാട്ടുതീ വളരെ ഇഷ്ടമാണ്. ബാങ്ക് സിയ എന്ന ഓസ്‌ട്രേലിയന്‍ കാട്ടുസസ്യത്തിനാണ് തീയോട് ഇഷ്ടം. ഇഷ്ടത്തിന് കാരണം കേള്‍ക്കണോ? സസ്യത്തിന്റെ വിത്തു മുളയ്ക്കണമെങ്കില്‍ കാട്ടുതീ തന്നെ വേണം. കാട്ടുതീയില്‍ ശക്തിയായി പൊട്ടിത്തെറിക്കുമ്പോള്‍ ഇവയുടെ വിത്തുകള്‍ എളുപ്പത്തില്‍ വിതരണം നടത്താന്‍ സാധിക്കും.
തൊട്ടാല്‍ വിവരമറിയും!
ഒരു വിത്തു മുളയ്ക്കാന്‍ തുടങ്ങുമ്പോള്‍ തന്നെ കീടങ്ങളും കൂടെയെത്തും. എന്നിട്ട് വിത്തിന്റെ ആഹാരഭാഗങ്ങള്‍ തട്ടിയെടുത്ത് ഭക്ഷിക്കുകയോ വിത്തിന്റെ വളര്‍ച്ചയെ തടയുകയോ ചെയ്യും. എന്നാല്‍ ഗവേഷകര്‍ ഇതിനൊരു പരിഹാരം കണ്ടെത്തിയത് ബി.ടി വിളകള്‍, ജി.എം.വിളകള്‍ എന്നിവയിലൂടെയാണ്.സ്വന്തമായി പ്രതിരോധ ശേഷി കൈവരിച്ച വിത്തുകളാണ് ബി.ടി.വിളകള്‍. ബാസില്ലസ് തുരിഞ്ചിയന്‍സിസ് എന്ന ബാക്ടീരിയയെ ഉപയോഗപ്പെടുത്തിയാണ് ബി.ടി. വിളകള്‍ നിര്‍മിക്കുന്നത്. ഇവ കീടാണുക്കളെ സ്വയം പ്രതിരോധിക്കാന്‍ ശേഷിയാര്‍ജിച്ചവയാണ്. 1901 ല്‍ ജപ്പാനിലെ ഇഷിവാത ഷിജിതാനെ എന്ന ശാസ്ത്രജ്ഞനാണ് ഈ ബാക്ടീരിയയെ തിരിച്ചറിഞ്ഞത്. ഇവ ഉണ്ടാക്കുന്ന ക്രിസ്റ്റല്‍ പ്രോട്ടീന്‍ കീടാണുക്കളുടെ ശരീരത്തില്‍ കയറിയാല്‍ കീടാണുക്കള്‍ക്ക് ഉടന്‍ നാശം സംഭവിക്കും. എന്നാല്‍ ഈ വിളകളുടെ ഉപയോഗം നിരവധി ആരോഗ്യപ്രശ്‌നങ്ങളും കാര്‍ഷിക വെല്ലുവിളികളും ഉയര്‍ത്തുന്നുണ്ട്. ബി.ടി വിളപോലെ പ്രശസ്തമാണ് ജനിതക പരമായി മാറ്റം വരുത്തിയിട്ടുള്ള ജി.എം.വിളകള്‍. സസ്യങ്ങളുടെ ജീനുകളില്‍ മാറ്റം വരുത്തിയാണ് ഇവ സൃഷ്ടിക്കുന്നത്. ട്രാന്‍സ് ജെനിക് സസ്യങ്ങള്‍ എന്ന പേരിലും ഇവ അറിയപ്പെടുന്നുണ്ട്.
ഡോഡോയുടെ
പ്രിയപ്പെട്ട കാല്‍വേരിയ
മൗറിഷ്യസ് ദ്വീപിനെക്കുറിച്ച് കൂട്ടുകാര്‍ കേട്ടിട്ടുണ്ടോ? ഡോഡോ പക്ഷികളെ കൊണ്ടുനിറഞ്ഞതായിരുന്നു ഒരു കാലത്ത് മൗറിഷ്യസ് ദ്വീപ്.
അരയന്നത്തോട് സാദൃശ്യമുള്ള പ്രാവ് വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷിയാണ് ഡോഡോ. പറക്കാന്‍ കഴിവില്ലാത്ത ഈ പക്ഷിക്ക് ഏകദേശം ഇരുപതു കിലോ തൂക്കവും ഒരു മീറ്ററോളം ഉയരവുമുണ്ടായിരുന്നു.
സസ്തനികള്‍ കുറവായിരുന്ന മൗറിഷ്യസ് ദ്വീപിലെ സാഹചര്യം ഡോഡോ പക്ഷികള്‍ക്ക് പറക്കാനുള്ള കഴിവിനെ നഷ്ടപ്പെടുത്തി. ഫലവര്‍ഗങ്ങള്‍ മാത്രം ഭക്ഷിച്ചായിരുന്നു ഇവ ജീവിച്ചിരുന്നത്. എ.ഡി 1500 കളില്‍ പോര്‍ച്ചുഗീസുകാര്‍ മൗറിഷ്യസ് ദ്വീപില്‍ കാല്‍കുത്തിയതോടെ ഡോഡോ പക്ഷികളുടെ കഷ്ടകാലവും തുടങ്ങി. ഭീതി കൂടാതെ ദ്വീപില്‍ കഴിഞ്ഞിരുന്ന ഡോഡോകളെ അവര്‍ യഥേഷ്ടം വേട്ടയാടി. മനുഷ്യന്റെ ആഗമനത്തോടെയെത്തിയ എലി, നായ, കുരങ്ങ് എന്നിവ പ്രജനന കാലത്ത് ഒരു തവണ മാത്രം പക്ഷികളിട്ടിരുന്ന മുട്ടകള്‍ ഭക്ഷിച്ചും ഡോഡോയുടെ തലമുറയെ അന്യമാക്കി. മനുഷ്യന്റെ അധിനിവേശത്തിനു ശേഷം ഏതാണ്ട് നൂറു വര്‍ഷത്തിനുള്ളില്‍ മൗറിഷ്യസിലെ ഡോഡോകള്‍ പൂര്‍ണമായും നശിച്ചു.
ഡോഡോകളുടെ നാശത്തിനു ശേഷം മൗറിഷ്യസ് ദ്വീപിലുണ്ടായിരുന്ന കാല്‍വേരിയ എന്ന വൃക്ഷങ്ങള്‍ക്കു വന്ന നാശം ശ്രദ്ധയില്‍പ്പെട്ട ഗവേഷകരില്‍ ചിലര്‍ കാല്‍വേരിയയും ഡോഡോ പക്ഷികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പഠന വിഷയമാക്കി. കാല്‍വേരിയയുടെ ഫലം യഥേഷ്ടം ഭക്ഷിച്ചിരുന്ന ഡോഡോകളുടെ വിസര്‍ജ്ജ്യത്തിലൂടെ പുറത്തു വരുന്ന ദഹിക്കാത്ത കാല്‍വേരിയ വിത്തുകള്‍ക്ക് അതിജീവനത്തിനുള്ള ശേഷി കൂടുതലായിരുന്നു എന്നായിരുന്നു അവരുടെ നിഗമനം. ജീവശാസ്ത്രത്തിലെ മ്യൂചലിസം എന്ന പ്രതിഭാസത്തില്‍പെടുത്തിയാണ് ഈ കാര്യം ഗവേഷകര്‍ വിശദീകരിക്കുന്നത്. ടര്‍ക്കി പോലെയുള്ള പക്ഷികള്‍ക്കും ഈ കഴിവുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കാല്‍വേരിയ വൃക്ഷത്തിന്റെ നാശത്തിനു ഡോഡോകളുമായി യാതൊരു ബന്ധവുമില്ലെന്ന് വാദിക്കുന്ന ഗവേഷകരും ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."