കാരുണ്യചികിത്സാപദ്ധതി: ജില്ലയില്‍ സഹായം കിട്ടിയത് 9193 പേര്‍ക്ക്
മലപ്പുറം: നിര്‍ധനരായ രോഗികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കാരുണ്യ ചികിത്സാ സഹായ പദ്ധതിയിലൂടെ ജില്ലയില്‍ ഇതിനകം വിതരണം ചെയ്തത് 86.35 കോടി രൂപ.
ഗുരുതരമായ രോഗങ്ങള്‍ ബാധിച്ചവര്‍ക്കു ശസ്ത്രക്രിയ ഉള്‍പ്പെടെ വിവിധ ചികിത്സകള്‍ക്കാണു സഹായധനമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ കോടികള്‍ അനുവദിച്ചത്. കാരുണ്യ പദ്ധതി ആരംഭിച്ചതുമുതല്‍ ഇതുവരെയുള്ള കണക്കാണിത്. ജില്ലയില്‍ ഇതുവരെ 9193 പേര്‍ക്കു കാരുണ്യ പദ്ധതിയുടെ ഗുണം ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ കൂടുതല്‍ സഹായധനം ലഭിച്ച സംസ്ഥാനത്തെ ഏഴാമത്തെ ജില്ലയാണു മലപ്പുറം.
വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ താഴെയുള്ള കുടുംബത്തിലെ അംഗങ്ങള്‍ക്കു നിശ്ചിത രോഗത്തിനു ശസ്ത്രക്രിയ ഉള്‍പ്പെടെയുളള വിവിധ ചികിത്സകള്‍ക്കു കാരുണ്യ പദ്ധതിയിലൂടെ രണ്ടു ലക്ഷം രൂപ വരെ സഹായം നല്‍കുന്നുണ്ട്. വൃക്കരോഗം, അര്‍ബുദം, ഹൃദ്രോഗം, തലച്ചോര്‍, കരള്‍ സംബന്ധമായ രോഗങ്ങള്‍, ഹീമോഫീലിയ, നട്ടെല്ല്, സുഷുമ്ന, ശ്വാസകോശം എന്നിവയുമായി ബന്ധപ്പെട്ട ഗുരുതരമായ രോഗങ്ങളുടെ ചികിത്സയ്ക്കാണു സര്‍ക്കാര്‍ കാരുണ്യ പദ്ധതിയിലൂടെ സഹായധനം കൈമാറുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."