പുല്ലൂണിയില്‍ മതേതര കൂട്ടായ്മ നടത്തുമെന്ന് ആക്ഷന്‍ കൗണ്‍സില്‍
തിരൂര്‍: പുല്ലൂണിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ചെറുപ്പക്കാരെ ഭീഷണിപ്പെടുത്തി മര്‍ദ്ദിക്കുകയും നിര്‍ബന്ധിപ്പിച്ച് ഇവരുടെ കൈയില്‍ വടിവാള്‍ കൊടുക്കുകയും ഫോട്ടോയെടുത്ത് നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ രണ്ടിന് വൈകീട്ട് നാലിന് പുല്ലൂണിയില്‍ മതേതര കൂട്ടായ്മ സംഘടിപ്പിച്ച് ആര്‍.എസ്.എസ് ഫാസിസത്തെ വിചാരണ ചെയ്യുമെന്നും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വ്യക്തമാക്കി.
പ്രദേശത്തെ സി.പി.എം നേതാവായ മൊയ്തുപ്പയെ കരുവാക്കി ആര്‍.എസ്.എസ് നടത്തുന്ന കുപ്രചാരണങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും സമാധാനപരമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാക്കാനുമാണ് പരിപാടി കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ആക്രമത്തിനിരയായ ചെറുപ്പക്കാരുടെയും മൊയ്തുപ്പയുടെയും പരാതിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ പൊലിസ് ഇതിനകം കേസെടുത്തിട്ടുണ്ട്. എന്നിട്ടും നവമാധ്യമങ്ങളിലൂടെ പരസ്പരം സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ആര്‍.എസ്.എസ് വാസ്തവിരുദ്ധമായ പ്രചാരണങ്ങളാണ് നടത്തുന്നത്. പൊലിസ് വിശദമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മതേതര കൂട്ടായ്മയില്‍ മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജനപ്രതിധികളും പങ്കെടുക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ റുയേഷ് കോഴിശ്ശേരി, പി മൊയ്തുപ്പ, പി സക്കീര്‍, മംഗലം ബാവ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."