ആലുവ മാര്‍ക്കറ്റ് അത്യാധുനിക കെട്ടിട നിര്‍മാണം അനിശ്ചിതത്വത്തില്‍
ആലുവ: ഭരണകക്ഷി അംഗം തന്നെ പാരയായതോടെ നഗരസഭയ്ക്ക് ലഭിക്കേണ്ട 10 കോടിയുടെ ധനസഹായം അനിശ്ചിതത്വത്തില്‍.
ഇതോടെ നഗരസഭ മാര്‍ക്കറ്റ് സമുച്ചയത്തിന്റെ നിര്‍മാണ നടപടികള്‍ ഇനിയും അനിശ്ചിതമായി നീളുമെന്നുറപ്പായി. മൂന്ന് വര്‍ഷം മുന്‍പായി നഗരസഭ പദ്ധതിയിട്ട, ആലുവ മാര്‍ക്കറ്റ് അത്യാധുനിക കെട്ടിട നിര്‍മാണമാണ് നഗരസഭയിലെ ഭരണകക്ഷി അംഗവും കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റുമായ കെ.വി സരളയുടെ ഇടപെടല്‍മൂലം വീണ്ടും അനിശ്ചിതത്വത്തിലായത്.
നഗരസഭയ്ക്ക് കീഴിലുള്ള ശോചനീയാവസ്ഥയിലായ പഴയ മാര്‍ക്കറ്റ് കെട്ടിടമാണ് പൊളിച്ചുനീക്കി കോടികള്‍ മുടക്കി പുതിയ അത്യാധുനിത കെട്ടിടം നിര്‍മാണത്തിന് തീരുമാനിച്ചത്.
പെരിയാര്‍ തീരത്തെ മാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ഒട്ടേറെ നിയമപ്രശ്‌നങ്ങളും ഉടലെടുത്തിരുന്നു. ഇതിനിടയില്‍ പഴയ കെട്ടിടം പൊളിച്ചുനീക്കി വ്യാപാരികളില്‍ നിന്നും ലക്ഷങ്ങള്‍ നഗരസഭ അഡ്വാന്‍സ് ഇനത്തില്‍ വാങ്ങിയശേഷം താല്‍ക്കാലിക ഷെഡ്ഡുകളിലേക്ക് പുനരധിവസിപ്പിച്ചിരുന്നു.
രണ്ട് വര്‍ഷം മുന്‍പ് മാര്‍ക്കറ്റ് കെട്ടിട നിര്‍മാണത്തിനായുള്ള തറക്കല്ലിടല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചിരുന്നു. എന്നാല്‍ തറക്കല്ലിട്ട് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ആരംഭിയ്ക്കാന്‍ കഴിയാത്തത് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഈ പ്രശ്‌നം വലിയ തിരിച്ചടിയും ആയിരുന്നു. എന്നാല്‍ മാര്‍ക്കറ്റ് നിര്‍മ്മാണത്തിനായി നഗരസഭയുടെ കീഴിലുള്ള മുനിസിപ്പല്‍ പാര്‍ക്ക് ഈട് നല്‍കി ഫെഡറല്‍ ബാങ്കില്‍ നിന്നും 10 കോടി രൂപ വാങ്ങാനായിരുന്നു നഗരസഭയുടെ തീരുമാനം. ഇതിനായുള്ള നടപടികളെല്ലാം പൂര്‍ത്തിയായപ്പോഴാണ് ഭരണകക്ഷി അംഗവും കോണ്‍ഗ്രസ് നേതാവുമായ വനിത തന്നെ ഭരണകക്ഷിക്ക് പാരയായത്.
പെരിയാര്‍ തീരത്തുള്ള കോടികളുടെ പൊതുസ്വത്തായ മുനിസിപ്പല്‍ പാര്‍ക്ക് ഈട് നല്‍കുന്നതിനെതിരെയാണ് വനിതാ നേതാവ് രംഗത്തെത്തിയത്.
നഗരസഭയുടെ തീരുമാനത്തിനെതിരേ കെ.വി സരള വകുപ്പുമന്ത്രിയ്ക്കും ബാങ്ക് ഹെഡ്ഡിനും പരാതി നല്‍കിയിരിക്കുകയാണ്. നിലവിലെ ഭരണസമിതി കഠിനശ്രമത്തോടെ വായ്പ ലഭിക്കുന്നതിനും പണി ആരംഭിക്കാന്‍ ശ്രമിക്കുമ്പോഴാണ് കോണ്‍ഗ്രസ് അംഗം തന്നെ പദ്ധതിക്ക് പാരയുമായി എത്തിയത്. ഇതിനിടെ ലക്ഷങ്ങള്‍ നഗരസഭയ്ക്ക് അഡ്വാന്‍സ് നല്‍കി താല്ക്കാലിക ഷെഡുകളിലേക്ക് മാറ്റിയ വ്യാപാരികളുടെ ദൈനംദിന വ്യാപാരമടക്കം ദുരിതത്തിലാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."