ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ പിന്മാറ്റം; സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
ന്യൂഡല്‍ഹി: ഇന്ത്യക്കു പിന്നാലെ മൂന്നുരാജ്യങ്ങള്‍ കൂടി ബഹിഷ്‌കരണ ഭീഷണി ഉയര്‍ത്തിയതോടെ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയായ സാര്‍ക്ക് രാജ്യങ്ങളുടെ ഇസ്‌ലാമാബാദില്‍ നടക്കാനിരുന്ന 19ാമത് ഉച്ചകോടി റദ്ദാക്കി. ഉറിയിലെ സൈനിക ആസ്ഥാനത്തിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് പാകിസ്താന്‍ ആതിഥ്യമരുളുന്ന ഉച്ചകോടിക്കില്ലെന്നു കഴിഞ്ഞദിവസം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളും ഉച്ചകോടിക്കില്ലെന്നു തീരുമാനമെടുത്തതോടെയാണ് ഇസ്‌ലാമാബാദ് ഉച്ചകോടി റദ്ദാക്കിയത്. എട്ട് അംഗരാജ്യങ്ങളില്‍ നാല് രാജ്യങ്ങള്‍ പങ്കെടുക്കില്ലെന്നറിയിച്ചതിനാല്‍ സമ്മേളനം റദ്ദാക്കുമെന്ന് അധ്യക്ഷരാജ്യമായ നേപ്പാള്‍ ചൂണ്ടിക്കാട്ടി. നവംബറിലായിരുന്നു സമ്മേളനം നടക്കേണ്ടിയിരുന്നത്. ഇത്തരം തര്‍ക്കങ്ങള്‍ പരിഹരിക്കുക കൂടിയാണ് അധ്യക്ഷരാജ്യത്തിന്റെ ചുമതലയെങ്കിലും ഈ സാഹചര്യത്തില്‍ അതിനായി ശ്രമം നടത്തിയിട്ടു കാര്യമില്ലെന്നു നേപ്പാള്‍ നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ചു ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു.
റദ്ദാക്കിയ സമ്മേളനം ഇനിയെന്നു നടത്തുമെന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. സമ്മേളനവേദി മറ്റേതെങ്കിലും രാജ്യത്തേക്കു മാറ്റുകയെന്നതാണ് ഇത്തരം സാഹചര്യങ്ങളില്‍ പോംവഴി. എന്നാല്‍ യാതൊരു ഉപാധിയും മുന്നോട്ടുവയ്ക്കാതെ ഉച്ചകോടി ബഹിഷ്‌കരിക്കുമെന്നു നാലു രാജ്യങ്ങള്‍ നിലപാടെടുത്തതിനാല്‍ വേദി മാറ്റാനുള്ള സാധ്യതയില്ലെന്നു സംഘാടകര്‍ അറിയിച്ചു. വേദി മാറ്റിയാല്‍ പങ്കെടുക്കാമെന്നല്ല, പങ്കെടുക്കില്ലെന്നാണു നാലു രാജ്യങ്ങള്‍ അറിയിച്ചത്. ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് ഇന്ത്യ അറിയിച്ചതിനു ശേഷം 27നാണ് ബംഗ്ലാദേശ്, ഭൂട്ടാന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ തങ്ങളും പങ്കെടുക്കില്ലെന്ന് അറിയിച്ച് നേപ്പാളിന് കത്തയച്ചത്. അതിര്‍ത്തികടന്നുള്ള ഭീകരവാദത്തെ പാകിസ്താന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഉച്ചകോടി ബഹിഷ്‌കരിക്കാന്‍ ഈ മൂന്നു രാജ്യങ്ങളും ചൂണ്ടിക്കാട്ടിയ കാരണം. ഇന്ത്യയും ഇതേ കാരണമാണ് ഉന്നയിച്ചിരുന്നത്.
ബംഗ്ലാദേശിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പാകിസ്താന്‍ ഇടപെടുകയും ഇത്തരത്തിലൊരു ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കുകയും ചെയ്തതായി ബംഗ്ലാദേശ് ചൂണ്ടിക്കാട്ടി. സൗഹാര്‍ദപൂര്‍ണമായ അന്തരീക്ഷത്തില്‍ മാത്രമേ മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം സാധ്യമാകൂ. ഈ സൗഹൃദത്തിന് നിരക്കാത്ത സാഹചര്യം ചില അംഗരാജ്യങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ബംഗ്ലാദേശ് കത്തില്‍ പറഞ്ഞു. 1971ലെ യുദ്ധവുമായി ബന്ധപ്പെട്ട് ഏതാനും പ്രതിപക്ഷ നേതാക്കള്‍ക്കു ബംഗ്ലാദേശ് സമീപകാലത്ത് വധശിക്ഷ നടപ്പാക്കിയതിനെ ചൊല്ലി പാകിസ്താനും ബംഗ്ലാദേശും തമ്മില്‍ പൊരുത്തക്കേടിലായിരുന്നു.
മേഖലയില്‍ രൂക്ഷമായ ഭീകരവാദം ആശങ്കാജനകമായ അന്തരീക്ഷമാണു സൃഷ്ടിച്ചിരിക്കുന്നതെന്നും മേഖലയിലെ രാജ്യങ്ങളുടെ സഹകരണമെന്ന സാര്‍ക്ക് ഉച്ചകോടിയുടെ ലക്ഷ്യത്തിനു നിരക്കാത്തതാണ് ഇതെന്നു ഭൂട്ടാനും അഭിപ്രായപ്പെട്ടു. മേഖലയിലെ ഭീകരപ്രവര്‍ത്തനത്തെ പാകിസ്താന്‍ പിന്തുണയ്ക്കുന്നുവെന്ന് അഫ്ഗാനിസ്താന്റെ കത്തില്‍ പറയുന്നു. നേപ്പാള്‍, മാലദ്വീപ്, പാകിസ്താന്‍, ശ്രീലങ്ക എന്നിവ കൂടി അംഗങ്ങളായ സാര്‍ക്ക് കൂട്ടായ്മയിലെ ഏറ്റവും പ്രമുഖ അംഗമാണ് ഇന്ത്യ. എല്ലാ അംഗങ്ങളും പങ്കെടുക്കുമെന്ന് അറിയിച്ചാല്‍ മാത്രമെ സമ്മേളനം നടക്കാറുള്ളൂ.
ഇന്ത്യയെ ആണവായുധം
ഉപയോഗിച്ച് ഇല്ലാതാക്കും:
പാക് പ്രതിരോധ മന്ത്രി
ഇസ്‌ലാമാബാദ്: തങ്ങള്‍ക്കെതിരേ യുദ്ധത്തിനൊരുമ്പെട്ടാല്‍ ഇന്ത്യയെ അപ്പാടെ നശിപ്പിക്കുമെന്നു പാക് പ്രതിരോധ മന്ത്രി ഖാജാ ആസിഫ്. ഇന്ത്യയുടെ ഏതു തെറ്റായ നീക്കത്തിനും മറുപടി നല്‍കാന്‍ പാകിസ്താന്‍ സര്‍വസജ്ജമാണ്.
ചില്ലുകൂട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിനല്ല ഞങ്ങള്‍ ആണവായുധങ്ങള്‍ നിര്‍മിച്ചത്. ഇന്ത്യയുടെ അടുത്ത തലമുറകളെപ്പോലും തകര്‍ക്കാന്‍ ശേഷിയുള്ള ബോംബുകള്‍ പാകിസ്താന്റെ പക്കലുണ്ട്. ഇന്ത്യന്‍ സൈനികവിമാനങ്ങള്‍ വ്യോമപരിധി ലംഘിച്ചാല്‍ തങ്ങളുടെ വ്യോമസേന മറുപടി നല്‍കുമെന്നും പാക് സ്വകാര്യ ചാനലായ സാമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. കശ്മിര്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കുന്നതിനു പാകിസ്താന്‍ കാണിക്കുന്ന താല്‍പര്യം ഇന്ത്യയ്ക്കില്ലെന്നു ലോകത്തിനറിയാം. നാലോ അഞ്ചോ രാജ്യങ്ങളുടെ എതിര്‍പ്പ് പാകിസ്താനെ ഭീകരരാജ്യമായി പ്രഖ്യാപിക്കാനുള്ള തെളിവല്ല.
കശ്മിര്‍ വിഷയത്തില്‍ ഇന്ത്യന്‍ വാദത്തെ ലോകം പിന്തുണയ്ക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ ചൈന തങ്ങളുടെ പക്ഷത്താണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. ഉറി ആക്രമണം ഇന്ത്യ ആസൂത്രണം ചെയ്തതാണെന്ന പ്രസ്താവനയും അദ്ദേഹം ആവര്‍ത്തിച്ചു.
ഉച്ചകോടി
നടത്തുമെന്ന്
പാകിസ്താന്‍
ഇസ്്‌ലാമാബാദ്: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പിന്മാറിയെങ്കിലും സാര്‍ക്ക് ഉച്ചകോടി മുന്‍ നിശ്ചയിച്ച പ്രകാരം നവംബറില്‍ നടക്കുമെന്ന് പാകിസ്താന്‍. വിദേശകാര്യ മന്ത്രാലയ വക്താവ് നഫീസ് സക്കറിയയെ ഉദ്ധരിച്ച് പാകിസ്താന്‍ റേഡിയോ ആണ് ഇക്കാര്യം റിപ്പോര്‍ട് ചെയ്തത്.
സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന ഇന്ത്യയുടെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗികമായി ഇന്ത്യയില്‍ നിന്ന് അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് പാകിസ്താന്‍ ബാധ്യസ്ഥമാണ്.
മേഖലയിലെ ജനങ്ങളുടെ താത്പര്യത്തിന് വേണ്ടി ഇനിയും പ്രവര്‍ത്തിക്കുമെന്നും നഫീസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ തീരുമാനിച്ച് ഉറപ്പിച്ച സമ്മേളനത്തില്‍ പങ്കെടുക്കാതിരിക്കാന്‍ ഇന്ത്യ നാടകം കളിക്കുകയാണെന്ന് പാക് പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് സര്‍താജ് അസീസ് കുറ്റപ്പെടുത്തി.
ഉറി സൈനിക ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സമ്മേളനത്തില്‍ നിന്നും പിന്‍മാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."