മമ്പുറം ആണ്ടുനേര്‍ച്ച ഞായറാഴ്ച തുടങ്ങും
തിരൂരങ്ങാടി: ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ഥാടന കേന്ദ്രമായ മമ്പുറം ആണ്ടുനേര്‍ച്ചക്ക് ഒക്‌ടോബര്‍ രണ്ടിന് ഞായറാഴ്ച തുടക്കമാവും. മമ്പുറം മഖാമില്‍ അന്ത്യവിശ്രമം കൊള്ളുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല (ഖ.സി) തങ്ങളുടെ 178ാമത് ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുന്നത്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ച ഒന്‍പതിന് ഞായറാഴ്ച സമാപിക്കും.
ദാറുല്‍ ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്ത ശേഷമുള്ള 18ാമത് ആണ്ടു നേര്‍ച്ചയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്‌ടോബര്‍ രണ്ടിന് ഞായറാഴ്ച വൈകിട്ട് അസര്‍ നമസ്‌കാരാനന്തരം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന കൂട്ടസിയാറത്തിന് ശേഷം സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ മമ്പുറം പതാക ഉയര്‍ത്തുന്നതോടെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നേര്‍ച്ചക്ക് ഔദ്യോഗികമായി തുടക്കമാവുന്നത്.
വൈകീട്ട് മഗ്‌രിബ് നമസ്‌കാരാനന്തരം മജ്‌ലിസുന്നൂര്‍ ആത്മീയ സദസ് നടക്കും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പ്രാരംഭ ദുആ നടത്തും. ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കും. സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി സമാപന ദുആക്ക് നേതൃത്വം നല്‍കും.
3,4,5,7 തിയതികളില്‍ രാത്രി എഴിന് മതപ്രഭാഷണങ്ങള്‍ നടക്കും. മൂന്നിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യും. മുസ്തഫ ഹുദവി ആക്കോട് മതപ്രഭാഷണം നടത്തും. നാലിന് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും. അഞ്ചിന് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി പ്രഭാഷണം നടത്തും. ഏഴിന് വെള്ളിയാഴ്ച സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖലീല്‍ ഹുദവി തളങ്കര പ്രഭാഷണം നടത്തും.
ഒക്‌ടോബര്‍ ആറിന് വ്യാഴാഴ്ച മഗ്‌രിബ് നമസ്‌കാരാനന്തരം നടക്കുന്ന സ്വാലാത്ത് മജ്‌ലിസിനു കോഴിക്കോട് ഖാസിയും ദാറുല്‍ഹുദാ വൈസ് പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. എട്ടിന് ദുആ സമ്മേളനം സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനാവും. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ ദിക്‌റ് ദുആ മജ്‌ലിസിന് നേതൃത്വം കൊടുക്കും. അത്തിപ്പറ്റ മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ഫള്ല്‍ തങ്ങള്‍ മേല്‍മുറി, വി.പി അബ്ദുല്ലക്കോയ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നേര്‍ച്ചയുടെ സമാപന ദിവസമായ ഒക്‌ടോബര്‍ ഒന്‍പതിന് ഞായറാഴ്ച രാവിലെ 9.30 മുതല്‍ നടക്കുന്ന അന്നദാനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അബ്ദുറഹ്മാന്‍ ജിഫ്‌രി തങ്ങള്‍ അധ്യക്ഷനാവും. ഒരു ലക്ഷം പേര്‍ക്ക് അന്നദാനമുണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം സൈതലവി ഹാജി കോട്ടക്കല്‍. യു.ശാഫി ഹാജി ചെമ്മാട്. കെ.പി ശംസുദ്ദീന്‍ ഹാജി. സി.കെ മുഹമ്മദ് ഹാജി, ഇല്ലത്ത് മൊയ്തീന്‍ ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."