ബി.സി.സി.ഐയെ നിലയ്ക്കു നിര്‍ത്തുമെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിനെ നിലയ്ക്കു നിര്‍ത്താന്‍ സുപ്രിംകോടതി. തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ ധിക്കരിക്കാന്‍ ബി.സി.സി.ഐയെ അനുവദിക്കില്ലെന്നും ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ബി.സി.സി.ഐയെക്കൊണ്ട് നടപ്പാക്കാന്‍ അറിയാമെന്നും സുപ്രിംകോടതി വ്യക്തമാക്കി. ബി.സി.സി.ഐയുടെ പൂര്‍ണ ശുദ്ധീകരണം ലക്ഷ്യമിട്ട് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായ മൂന്നംഗ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയ ബി.സി.സി.ഐക്കെതിരേ രൂക്ഷവിമര്‍ശനമാണ് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് അഴിച്ചുവിട്ടത്. ബി.സി.സി.ഐക്കെതിരെ കൃത്യമായ നടപടികള്‍ കൈക്കൊള്ളുമെന്നു മുന്നറിയിപ്പു നല്‍കിയ ബെഞ്ച്, ബോര്‍ഡിന്റെ പെരുമാറ്റം പ്രഭുക്കന്‍മാരെ പോലെയാണെന്നും അഭിപ്രായപ്പെട്ടു. ലോധ കമ്മിറ്റി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സുപ്രിംകോടതിയുടെ വിമര്‍ശനം.
തങ്ങള്‍ക്ക് മാത്രമായി പ്രത്യേക നിയമങ്ങളാണെന്ന നിലപാടാണ് ബി.സി.സി.ഐ സ്വീകരിക്കുന്നത്. ആ നിലപാട് അംഗീകരിക്കാനാവില്ല. അതു മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ സുപ്രിംകോടതിക്കു കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. കേസ് അടുത്തമാസം ആറിന് വീണ്ടും പരിഗണിക്കും. അതിനു മുമ്പായി ലോധാകമ്മിറ്റി ശുപാര്‍ശകള്‍ സംബന്ധിച്ചു വിശദീകരണം നല്‍കണമെന്നും സുപ്രിംകോടതി ആവശ്യപ്പെട്ടു. ബി.സി.സി.ഐക്കെതിരേ കടുത്ത പരാമര്‍ശങ്ങളാണ് സുപ്രികോടതിയില്‍ സമര്‍പ്പിച്ച ലോധാകമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കാത്ത ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂര്‍, സെക്രട്ടറി അജയ് ഷിര്‍കെ എന്നിവരുള്‍പ്പെടെയുള്ളവരെ പുറത്താക്കണമെന്ന് 79 പേജുള്ള റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, ലോധ കമ്മിറ്റിയുടെ മിക്ക നിര്‍ദേശങ്ങളും പാലിക്കുന്നുണ്ടെന്നും ബാക്കിയുള്ളവ ക്രമേണ അനുസരിക്കാമെന്നും ബി.സി.സി.ഐയ്ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അരവിന്ദ് ദാതാര്‍ കോടതിയെ അറിയിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വാതുവയ്പ്പ് വിവാദത്തെ തുടര്‍ന്നാണ് ബി.സി.സി.ഐയെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെ സുപ്രിംകോടതി ജസ്റ്റിസ് ലോധയുടെ നേതൃത്വത്തിലുള്ള സമിതിയെ നിയമിച്ചത്.
ബി.സി.സി.ഐ ഭാരവാഹിയാവുന്നതിന് പ്രായപരിധി 70 വയസായി നിശ്ചയിക്കണമെന്നും മന്ത്രിമാരെയോ രാഷ്ട്രീയക്കാരെയോ ഉദ്യോഗസ്ഥരെയോ ഭാരവാഹിയാക്കാന്‍ പാടില്ലെന്നതടക്കമുള്ള ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ ജൂലൈയില്‍ സുപ്രിംകോടതി അംഗീകരിച്ചിരുന്നു.
ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ ആറു മാസത്തിനകം നടപ്പാക്കാനും കോടതി ബി.സി.സി.ഐക്കു കര്‍ശനനിര്‍ദേശം നല്‍കിയിരുന്നു. സെലക്ഷന്‍ കമ്മിറ്റിയില്‍ മൂന്നംഗങ്ങള്‍ മാത്രമെ ഉണ്ടാകാവൂവെന്നും ഈ അംഗങ്ങള്‍ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാരാവണമെന്നും കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.
ഈ നിര്‍ദ്ദേശം തള്ളിയ ബി.സി.സി.ഐ ഈ മാസം 21ന് നടന്ന വാര്‍ഷിക യോഗത്തില്‍ സെലക്ഷന്‍ കമ്മിറ്റിയിലേക്ക് അഞ്ചു പേരെ തെരഞ്ഞെടുത്തിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ബി.സി.സി.ഐയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അവലോകനം മാത്രമേ ജനറല്‍ ബോഡിയില്‍ നടത്താവുവെന്നും കമ്മിറ്റി വാര്‍ഷിക യോഗത്തിന് മുമ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതും ബി.സി.സി.ഐ ലംഘിച്ചു. ഇത്തരത്തില്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതില്‍ ബി.സി.സി.ഐ വിമുഖത കാണിക്കുന്നുവെന്നാണ് ലോധാ കമ്മിറ്റിയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."