നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകനു കുത്തേറ്റു
നാദാപുരം: കല്ലാച്ചിയില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകനു നേരെ വധശ്രമം. ചിയ്യൂര് പയന്തോങ് റോഡില്‍ കളരിക്കണ്ടി താമസിക്കുന്ന ചാലില്‍ ഷമീറി(25)നാണു വെട്ടേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണു സംഭവം.
കല്ലാച്ചിയില്‍ നിന്നു ബൈക്കില്‍ വീട്ടിലേക്കു പോകുകായിരുന്ന ഷമീറിനെ വീട്ടിനടുത്തുള്ള ചിയ്യൂര് റോഡില്‍ പതിയിരുന്ന അക്രമിസംഘം തടഞ്ഞു നിര്‍ത്തി അക്രമിക്കുകയായിരുന്നു. വയറിനും തലയ്ക്കും മുതുകിലും പരുക്കേറ്റ ഷമീറിനെ കല്ലാച്ചിയിലെ സ്വാകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരുക്ക് സാരമുള്ളതിനാല്‍ കോഴിക്കോട്ടെ സ്വാകാര്യ ആശുപത്രിയിലേക്കു മാറ്റി.
വിദേശത്തായിരുന്ന ഷമീര്‍ ഈയിടെയാണ് നാട്ടിലെത്തിയത്. ഈ മാസം 19നായിരുന്നു ഷമീറിന്റെ വിവാഹം. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് മുസ്ലിംലീഗ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.
പയന്തോങ്ങിലെ പാറയില്‍ അമ്പലത്തിന് സമീപം അക്രമിസംഘത്തില്‍ മര്‍ദ്ദനത്തില്‍ മറ്റൊരു യുവാവിന് പരുക്കേറ്റു. ഒമ്പതുകണ്ടത്തില്‍ കാഞ്ഞായിന്റവിട കെ.വി അഫ്നാസിനാണ് മര്‍ദനമേറ്റത്. രാത്രി ഒമ്പതോടെയാണ് അഫ്നാസിനു നേരെ ആക്രമണമുണ്ടായത്.
കല്ലാച്ചിയിലെ റുബിയാന്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജോലിക്കാരനായ അഫ്നാസ് ജോലി കഴിഞ്ഞ് ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുന്നതിനിടെ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."