വിവാഹ തട്ടിപ്പ് നടത്തി പണം തട്ടുന്ന സംഘം പിടിയില്‍
മണ്ണാര്‍ക്കാട്: വിവാഹ നാടകം നടത്തി പണം തട്ടുന്ന അന്തര്‍ സംസ്ഥാന സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കര്‍ണ്ണാടക കൊടുക് കുഷാല്‍ നഗറില്‍ ഫായിസ് എന്ന മുഹമ്മദ് സാദിഖ് (30), വിവാഹ ദല്ലാള്‍ മണ്ണാക്കാട് കൈതച്ചിറ സ്വദേശി എ.കെ അബ്ദുറഹിമാന്‍ (44), വയനാട് സ്വദേശികളായ തരുവണ സ്വദേശി അബൂബക്കര്‍ (52), മാനന്തവാടി കഞ്ഞിയാരം പടിഞ്ഞാറെകര വീട്ടില്‍ വക്കീല്‍ സാര്‍ എന്ന അഡ്വ. ജോര്‍ജ്ജ് (55)എന്നിവരെയാണ് മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുല്ല മാമ്പ്രയും, നാട്ടുകല്‍ എസ്.ഐ വി.എസ് മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.
എടത്തനാട്ടുകര സ്വദേശി അബ്ദുല്‍ ഗഫൂര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പ്രതികള്‍ വലയിലായത്. വിവാഹ വാഗ്ദാനം നല്‍കി ഇടനിലക്കാര്‍ മുഖാന്തിരം മൈസൂരിലേക്ക് കൊണ്ടുപോയി കല്ല്യാണം കഴിപ്പിച്ച് രാത്രി കിടപ്പിറ രംഗം വീഡിയോയില്‍ പകര്‍ത്തി, പിന്നീട് വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തി പണവും, സ്വര്‍ണ്ണവും തട്ടുന്ന സംഘമാണിവര്‍. കഴിഞ്ഞ ദിവസം അലനല്ലൂര്‍ വെച്ച് ജില്ലാ പൊലീസ് മേധാവിക്കു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി കെ.എം സൈതാലിയുടെ നിര്‍ദ്ദേശാനുസരണം സി.ഐയും സംഘവും അറസ്റ്റ് ചെയ്തത്.
എടത്തനാട്ടുകര സ്വദേശിയില്‍ നിന്ന് 4 ലക്ഷം തട്ടിയെടുത്തതായാണ് പറയപ്പെടുന്നത്. വിവാഹ സംബന്ധമായ ചിലവുകള്‍ എല്ലാ ചെലവുകളും വരനാണ് വഹിക്കേണ്ടതെന്നും, വധുവിന്റെ ബന്ധുക്കളായി ചമഞ്ഞ് എത്തിയവര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നതാണ് ഇവരുടെ പതിവ് രീതി. ഇത്തരം തട്ടിപ്പില്‍ സമ്പന്നരായ വ്യക്തികളും, സമൂഹത്തിലെ ഉന്നതരും ഇരയായിട്ടുളളതായി പറയപ്പെടുന്നുണ്ട്. മാനഹാനി ഭയന്ന് ഇതാരം പുറത്ത് പറയുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച സൂചന. ദാമ്പത്യ കലഹം മൂലം അകന്ന് കഴിയുന്നവരേയും, ഒറ്റക്ക് താമസിക്കുന്ന സമ്പന്നരുമാണ് തട്ടിപ്പു സംഘത്തിന്റെ ലക്ഷ്യം. വിവാഹത്തിന് ശേഷം വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് വീണ്ടും ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കലും ഇവരുടെ പദ്ധയാണെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. എസ്.ഐ പ്രസാദ് വര്‍ക്കി, എ.എസ്.ഐ ആബ്ദുള്‍ സലാം, സി.പി.ഒമാരായ താഹിര്‍, ഷാഫി, ജയകൃഷ്ണന്‍, സുരേഷ്, എസ്.പി.ഒ സതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."