എല്ലാ പൊലിസ് സ്റ്റേഷനുകളും ജനമൈത്രിയാക്കും സൈബര്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രത്യേക സൈബര്‍ ക്രൈംബ്രാഞ്ചിനു രൂപം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സി.ബി സി.ഐ.ഡി, എസ്.ബി സി.ഐ.ഡി മാതൃകയിലായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക. എല്ലാ ജില്ലകളിലും ഇതിന് ഓഫിസുകളുണ്ടാകും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനമുണ്ടാക്കും.
ഏറെ പഴകിയ കെട്ടിടങ്ങളിലും വാടകക്കെട്ടിടങ്ങളിലും പ്രവര്‍ത്തിക്കുന്ന പൊലിസ് സ്റ്റേഷനുകള്‍ പുതിയ സ്വന്തം കെട്ടിടങ്ങളിലേക്കു മാറ്റും. തീവ്രവാദികളുടെ സാന്നിധ്യമുള്ള മേഖലയില്‍ ജനങ്ങള്‍ക്കു സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക സംവിധാനമുണ്ടാക്കും.
സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളും ജനമൈത്രി സ്റ്റേഷനുകളാക്കും. പൊലിസ്‌സേനയില്‍ ഒഴിവുള്ള തസ്തികകള്‍ സമയബന്ധിതമായി നികത്തും. പൊലിസില്‍ സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കും. ആദ്യഘട്ടമെന്ന നിലയില്‍ ഇപ്പോഴുള്ള ആറുശതമാനം പത്തുശതമാനമായി ഉയര്‍ത്തും. കുട്ടികളെ കാണാതാകുന്ന കേസുകളില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. എല്ലാ പൊലിസ് സ്റ്റേഷനുകളിലും പബ്ലിക് റിലേഷന്‍സ് ഉദ്യോഗസ്ഥനെ നിയമിക്കും.
ഇവര്‍ ജനങ്ങളുമായി അടുത്ത് ഇടപഴകി കുറ്റകൃത്യങ്ങള്‍ കണ്ടെത്തും. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നതു തടയാന്‍ കര്‍ശന നടപടിയുണ്ടാകും. റോഡുകളിലെ എല്ലാ ഡിവൈഡറുകളിലും മീഡിയനുകളിലും റിഫ്‌ളക്ടര്‍ സ്ഥാപിക്കും. പുതുതായി 10 ഹൈവേ പട്രോള്‍ വാഹനങ്ങള്‍ നിരത്തിലിറക്കും. ഓട്ടോറിക്ഷകളില്‍ കുട്ടികളെ കുത്തിനിറച്ചു കൊണ്ടുപോകുന്നത് കര്‍ശനമായി തടയും. തിരുവനന്തപുരത്തെ മണ്ണന്തലയില്‍ ആധുനിക സൗകര്യങ്ങളോടെ പ്രിന്റിങ് പാര്‍ക്ക് സ്ഥാപിക്കും. ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സിന് കൂടുതല്‍ വാഹനങ്ങള്‍ ലഭ്യമാക്കും. വിയ്യൂരിലെ ഫയര്‍ ആന്റ് റെസ്‌ക്യൂ അക്കാദമി ആധുനീകരിക്കും.
ജയിലുകളില്‍ മെഡിക്കല്‍ സഹായ സംവിധാനമുണ്ടാക്കും. താലൂക്ക് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനം ജയിലുകളില്‍ ആഴ്ചയിലൊരിക്കല്‍ ലഭ്യമാക്കും. ജയിലില്‍ യോഗ പരിശീലനം തുടങ്ങും. തടവുകാരുടെ മാനസികാരോഗ്യ സംരക്ഷണത്തിനു നടപടി സ്വീകരിക്കും. പൊലിസ്‌സേനയില്‍ ഗോത്ര, തീര മേഖലകളിലുള്ളവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് നടത്തും. ആദ്യമായി ഗോത്ര മേഖലകളിലായിരിക്കും ഇതു നടപ്പാക്കുക.
പൊലിസ് അക്കാദമികള്‍ നവീകരിക്കും. സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പ്രോഗ്രാമിന്റെ പരിധിയില്‍ കൂടുതല്‍ സ്‌കൂളുകളെ കൊണ്ടുവരും. കസ്റ്റഡി മരണങ്ങള്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കും. പൊലിസ് സ്റ്റേഷനുകളില്‍ ലോക്കപ്പ് മര്‍ദനമടക്കമുള്ള മൂന്നാംമുറ തടയാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."