കുഴല്‍പണ ഇടപാട്; മാനന്തവാടി സജീവ കേന്ദ്രമാകുന്നു
മാനന്തവാടി: ടൗണ്‍ കേന്ദ്രീകരിച്ച് കുഴല്‍പണ ഇടപ്പാട് വര്‍ധിക്കുന്നു. നിരവധി പേരാണ് നഗരം കേന്ദ്രീകരിച്ച് കുഴല്‍പ്പണ ഇടപ്പാടുമായി ബന്ധപ്പെട്ട് സജീവമായി രംഗത്തുള്ളത്.
വിദേശങ്ങളില്‍ നിന്നും ഹുണ്ടി എന്ന പേരില്‍ സര്‍ക്കാരിനെ വെട്ടിച്ച് അയക്കുന്ന പണം ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ ഏജന്റുമാരുടെ ജോലി. ഇതിന് ഇവര്‍ക്ക് കൃത്യമായ കമ്മിഷനും ലഭിക്കും. മുമ്പ് മലപ്പുറം, കോഴിക്കോട് ജില്ലയിലെ കൊടുവള്ളി എന്നിവിടങ്ങളിലാണ് പ്രധാനമായും ഹുണ്ടി ഇടപാട് നടന്നിരുന്നതെങ്കില്‍ ഇതിപ്പോള്‍ ജില്ലയിലേക്കും വ്യാപിച്ചിരിക്കുകയാണ്.
മുന്‍പ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും സ്ഥലം വില്‍പന ഗണ്യമായി കുറഞ്ഞതോടെ കുഴല്‍പ്പണ ഇടപാടിലേക്ക് തിരിയുകയായിരുന്നു. ചെറുകിട ജ്വല്ലറികള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഇടപാടുകള്‍ നടക്കുന്നതെന്നാണ് പറയപ്പെടുന്നത്. കൂടാതെ ഇത്തരത്തില്‍ എത്തുന്ന പണം നിശ്ചിത ശതമാനം ലാഭം നല്‍കി മറ്റ് വ്യാപാരങ്ങള്‍ക്കും ഉപയോഗിക്കുന്നുണ്ട്.
ബാങ്കുകളില്‍ നിന്നും ലേലം ചെയ്യുന്ന സ്വര്‍ണ ഉരുപ്പടികള്‍ വാങ്ങി മറിച്ച് വിറ്റ് വന്‍ ലാഭം കൊയ്യുന്ന ലോബിയും നഗരത്തിലുണ്ട്.
ലാഭം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പലരില്‍ നിന്നുമായി ഒന്നര കോടിയോളം രൂപ വാങ്ങിയ ശേഷം യുവാവ് മുങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. എന്നാല്‍ പണം നഷ്ട്ടപ്പെട്ടവരില്‍ ആരും തന്നെ പരാതി നല്‍കാത്തതും ദുരൂഹതക്കിടയാക്കിയിട്ടുണ്ട്. ഇത്തരത്തില്‍ അമിതലാഭം പ്രതീക്ഷിച്ചുള്ള കുഴല്‍പണ ഇടപാടുകളും സ്വര്‍ണകച്ചവടവുമെല്ലാം നാള്‍ക്കുനാള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കണമെന്ന ആവശ്യം ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."