കര്‍ഷകര്‍ക്ക് സഹകരണസംഘം വഴി പലിശരഹിത വായ്പ ലഭ്യമാക്കും: മന്ത്രി
തിരുവനന്തപുരം: കര്‍ഷകര്‍ക്ക് സഹകരണസംഘം വഴി പലിശരഹിത വായ്പ ലഭ്യമാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു.
മൂന്ന് ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് ഈ ആനുകൂല്യം. എല്ലാത്തരം പച്ചക്കറി കൃഷിക്കും പലിശരഹിത വായ്പ അനുവദിക്കും. പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കാണ് വായ്പ അനുവദിക്കുന്നത്.
പച്ചക്കറി വിള ആസൂത്രണ കലണ്ടര്‍ തയാറാക്കാനും കൃഷിവകുപ്പ് ആലോചിക്കുന്നുണ്ട്. ഓരോ പ്രദേശത്തെയും പ്രത്യേകതകളനുസരിച്ച് കൃഷി ചെയ്യേണ്ട പച്ചക്കറിയിനങ്ങള്‍ സംബന്ധിച്ച് കര്‍ഷകര്‍ക്ക് അവബോധം നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന പച്ചക്കറികളില്‍ മാരകമായ കീടനാശിനികള്‍ പ്രയോഗിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും നടപ്പു സാമ്പത്തിക വര്‍ഷം ഒരു മൊബൈല്‍ ഭക്ഷ്യ പരിശോധനാ യൂണിറ്റ് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഈ ഓണക്കാലത്ത് സംസ്ഥാനത്ത് സംഭരിച്ചത് 4873 മെട്രിക് ടണ്‍ പച്ചക്കറികളാണ്. ഇതില്‍ 3042 മെട്രിക് ടണ്‍ കേരളത്തിലെ കര്‍ഷകര്‍ മാത്രം ഉത്പാദിപ്പിച്ചവയാണ്.
സംസ്ഥാനത്തെ 60 കൃഷിഫാമുകള്‍ പുനരുദ്ധരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ സ്ഥലത്ത് പച്ചക്കറി കേടുകൂടാതെ സൂക്ഷിക്കാനുള്ള സംവിധാനമൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."