നിലവിളിക്കുന്ന വീടുകള്‍
ഈ മാസം 19 നായിരുന്നു മലപ്പുറം ജില്ലയിലെ വെട്ടത്തൂര്‍ ഗ്രാമം ആ വാര്‍ത്തകേട്ടു ഞെട്ടിയത്. രണ്ടു മക്കളെ കൊലപ്പെടുത്തിയ ശേഷം അധ്യാപികയായ മാതാവ് ജീവനൊടുക്കിയ വാര്‍ത്ത. ഇന്നും ആ വാര്‍ത്തയുടെ നടുക്കത്തില്‍ നിന്ന് നാട്ടുകാരോ ബന്ധുക്കളോ മുക്തരായിട്ടില്ല. പതിനൊന്നു മാസമായ പിഞ്ചു കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയശേഷമാണ് ആറാം ക്ലാസുകാരിയായ മകളെയും കൊലപ്പെടുത്തി അവരും ജീവിതത്തില്‍ നിന്ന് ഒളിച്ചോടിയത്. ഒരാഴ്ച്ച തികഞ്ഞില്ല കുറ്റിപ്പുറത്ത് നിന്നും ഒരമ്മ രണ്ട് കുഞ്ഞുങ്ങളെ കൊന്നു ജീവനൊടുക്കി.
കോഴിക്കോട് നഗരത്തിനടുത്തുനിന്നും ഈയിടെ സമാന രീതിയിലുള്ള വാര്‍ത്ത വന്നു. അഞ്ച് മാസവും നാല് വയസ്സും പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയശേഷം മാതാവ് ജീവനൊടുക്കിയതായിരുന്നു വാര്‍ത്ത. 28 കാരിയായ മാതാവും നാലു വയസും അഞ്ചു മാസവും പ്രായമുള്ള രണ്ടു പെണ്‍കുട്ടികളെയും മരണത്തിലേക്ക് ക്ഷണിച്ചാണ് ആ മാതാവ് ജീവിതത്തെ തോല്‍പ്പിച്ചത്.
എട്ട് മാസം പ്രായമായ കുഞ്ഞിനെ അലക്കുയന്ത്രത്തില്‍ മുക്കിക്കൊന്ന സംഭവത്തില്‍ അറസ്റ്റിലായ മാതാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴയിലെ നാല്‍പ്പതുകാരിയാണ് മകനെ അലക്കു യന്ത്രത്തില്‍ മുക്കിക്കൊന്നത്. ഓരോ ദിവസവും പത്രത്താളുകളില്‍ നിറയുന്ന വാര്‍ത്തയിലെ ചില ഉദാഹരണങ്ങള്‍ മാത്രമാണിത്. സന്തുഷ്ട കുടുംബങ്ങളിലെ ഊഷ്മളതയ്ക്കു പകരം ബന്ധങ്ങളുടെ തകര്‍ച്ചയില്‍ ഉടലെടുക്കുന്ന ദുരന്തവാര്‍ത്തകളാണ് ഇന്നേറെയും.
ശിഥിലമാകുന്ന കുടുംബം
പെറ്റമ്മ തന്നെ പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന രീതിയിലേക്ക് സമൂഹം അധഃപതിച്ചുകൊണ്ടിരിക്കുന്നതിന്റെ കാരണങ്ങള്‍ തേടുമ്പോള്‍ ബോധ്യമാകുന്നത് ഞെട്ടിക്കുന്ന വസ്തുതകളാണ്. ജീവിതത്തിലേക്ക് പിച്ചവയ്ക്കും മുന്‍പെ ഉറ്റവരുടെ കൈകളാല്‍ മരണത്തെ പുല്‍കേണ്ടി വരുന്ന ഈ കുഞ്ഞുങ്ങള്‍ സമൂഹത്തിനു മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും നാളെയുടെ പൗരന്മാരെ മുളയിലേ നുള്ളാതിരിക്കാനും ആരോഗ്യമുള്ള ജനതയെ വാര്‍ത്തെടുക്കാനുമെല്ലാം ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയേ മതിയാകൂ. നൊന്തുപെറ്റ മാതാവിന്റെ കൈകളില്‍ കുഞ്ഞുങ്ങളുടെ രക്തം പുരളുന്ന സാഹചര്യം സമൂഹത്തിന്റെ അധഃപതനത്തിന് വലിയ തെളിവാണ് നല്‍കുന്നത്. പരിഷ്‌കൃതവും പുരോഗമനപരവും സദാചാര സമ്പന്നരുമൊക്കെയെന്ന് സ്വയം അവകാശപ്പെട്ട് മതിമറക്കുന്ന സമൂഹത്തിന്റെ പൊള്ളത്തരത്തിലേക്കാണ് ഈ കുഞ്ഞുങ്ങളുടെ നിലവിളികള്‍ അസ്വസ്ഥതയുണ്ടാക്കുന്നത്.
തലയിലും താഴത്തും വയ്ക്കാതെ ആറ്റുനോറ്റുണ്ടായ കുഞ്ഞുങ്ങളെ വളര്‍ത്തിയ മാതാപിതാക്കളുടെ കഥ പുതുതലമുറയ്ക്ക് പഴങ്കഥയാകുമോയെന്ന ഭീതി ഏവരിലുമുണ്ട്. ഇതിനു അടിവരയിടുന്നതാണ് ഈയിടെ പത്രങ്ങളില്‍ വന്ന മറ്റൊരു വാര്‍ത്ത.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ നാലിരട്ടി വര്‍ധനയുണ്ടായിട്ടുണ്ടെന്ന് ആ കണക്കു പറയുന്നു. രക്ഷിതാക്കള്‍, ബന്ധുക്കള്‍ എന്നിവരില്‍ നിന്നാണ് കൂടുതല്‍ കുട്ടികളും പീഡനങ്ങള്‍ക്കിരകളാകുന്നത്. ഈ വര്‍ഷം മാത്രം 17 കുഞ്ഞുങ്ങളെയാണ് രക്ഷിതാക്കളോ ബന്ധുക്കളോ കൊലപ്പെടുത്തിയത്. കുടുംബകലഹങ്ങളുടെ രക്തസാക്ഷികളായിരുന്നു ഈ കുട്ടികളില്‍ ഭൂരിഭാഗവും. സഹനങ്ങളുടെ തണല്‍മരമായും കാരുണ്യത്തിന്റെ നിറകുടമായും മക്കളെ നെഞ്ചോടുചേര്‍ത്തു വളര്‍ത്തിയ വാത്സല്യനിധികള്‍ എന്തുകൊണ്ടാണ് ഒരു സുപ്രഭാതത്തില്‍ ഭദ്രകാളികളായി മാറുന്നത്.?
ഭീതിജനകമായ കണക്കുകള്‍
2013 ജനുവരിയില്‍ മാത്രം 17 സംഭവങ്ങളിലായി 22 കുഞ്ഞുങ്ങളെയായിരുന്നു മാതാപിതാക്കള്‍ കൊലപ്പെടുത്തിയത്. ഒന്‍പത് അമ്മമാരാണ് ജീവിതത്തെ തോല്‍പ്പിച്ചത്. കൊല്ലപ്പെട്ട കുട്ടികളുടെ പ്രായം പത്തിനും ആറുമാസത്തിനുമിടയിലായിരുന്നു. 17 കുട്ടികളെ കൊലപ്പെടുത്തിയത് അമ്മമാര്‍ തനിച്ച്. അഞ്ച് പേരെ പിതാവും. എന്നാല്‍ ഫെബ്രുവരിയിലെത്തുമ്പോഴും ആ സംഭവങ്ങള്‍ക്കറുതിയായില്ല. ആദ്യത്തെ മൂന്നാഴ്ചക്കിടയില്‍ അഞ്ച് സംഭവങ്ങളിലായി ഏഴ് കുഞ്ഞുങ്ങളെയാണ് ചവിട്ടിയരച്ചത്. എല്ലാം മാതാപിതാക്കള്‍ തന്നെ. ഫെബ്രുവരി രണ്ടാം വാരത്തില്‍ തുടങ്ങി മാര്‍ച്ച് 31 ആകുമ്പോള്‍ പിന്നെയും പതിനൊന്ന് കുഞ്ഞുങ്ങള്‍ കൂടി കൊല്ലപ്പെട്ടു. ആറു പേരെ കൊലപ്പെടുത്തിയത് പിതാക്കളും നാലുപേരുടെ ജീവന്‍ അവസാനിപ്പിച്ചത് പെറ്റമ്മമാരുമായിരുന്നു.
2004ല്‍ റിപ്പോര്‍ട്ട് ചെയ്ത 17 കൂട്ട ആത്മഹത്യകളില്‍ കൊല്ലപ്പെട്ടത് 46 പേര്‍. ഇവരില്‍ കുഞ്ഞുങ്ങളുടെ എണ്ണം 36. ഇവരെയും അമ്മമാരാണ് കൊലപ്പെടുത്തിയത്. 2007ലെ 39 കൂട്ട മരണ കേസുകളില്‍ 155 പേരും മരണപ്പെട്ടു. ഇതില്‍ 72 കുട്ടികളെ കൊലപ്പെടുത്തിയതും മാതാപിതാക്കള്‍ തന്നെ. 2008 ല്‍ 71 കേസുകളുടെ ചരിത്രവും ഇതുതന്നെ സാക്ഷ്യപ്പെടുത്തുന്നു. വര്‍ഷം തോറും ഇത്തരം സംഭവങ്ങളുടെ എണ്ണം കൂടുന്നുവെന്നാണ് ഈ കണക്കുകള്‍ പറയുന്നത്.
ആധുനികതയില്‍
കാലിടറുന്നു
സ്‌നേഹക്കുറവ് കൊണ്ടാണ് അമ്മമാര്‍ മക്കളെ കൊല്ലുന്നതെന്നു കരുതിയെങ്കില്‍ തെറ്റി. സ്‌നേഹം കൂടിയതുകൊണ്ടാണ് അവരീ കൃത്യം ചെയ്യുന്നതത്രെ. ജീവിത പ്രശ്‌നങ്ങളില്‍ നിന്ന് സ്വയം അരങ്ങൊഴിയുമ്പോള്‍ സ്വന്തം മക്കളെ കൂടി ഈ ലോകത്തു നിന്ന് കൊണ്ടുപോകുകയാണ് അവര്‍. കാരണം തങ്ങള്‍ക്ക് ലഭിക്കാത്ത സുരക്ഷിതത്വം ആ കുട്ടികള്‍ക്ക് ഇല്ലാതെ പോകുമെന്നും ജീവിതത്തില്‍ അവര്‍ ഒറ്റപ്പെടില്ലേ എന്നുമെല്ലാം ഇവര്‍ ആശങ്കപ്പെടുന്നുണ്ട്. ആത്മഹത്യയുടെ ഗണത്തില്‍ നിന്ന് കരുതിക്കൂട്ടിയുള്ള കൊലപാതകത്തിലേക്ക് മാറുകയാണ് മിക്ക സംഭവങ്ങളും. പുതിയ തലമുറക്ക് പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാനോ പ്രതിസന്ധികളെ പ്രതിരോധിക്കാനോ കഴിയുന്നില്ല. പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രാപ്തിയും തന്റേടവും ഇല്ലാത്തതാണ് മിക്ക സ്ത്രീകളേയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഘടകങ്ങളെന്ന് ഇതുസംബന്ധിച്ച സര്‍വേകളും പഠനങ്ങളും സാക്ഷി പറയുന്നു. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങളും മദ്യാസക്തിയും സ്ത്രീധന സമ്പ്രദായവുമെല്ലാം ഇതിന്റെ കാരണങ്ങളില്‍പ്പെടുന്നവയാണ്.
ദേശീയ ശരാശരിയുടെ പത്തുശതമാനത്തോളമാണ് കേരളത്തിലെ വിവാഹ മോചനങ്ങള്‍. വിവാഹമോചനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 12 സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളത്തിന്റെ സ്ഥാനം ഒന്നാമതാണെന്നതും നമ്മുടെ കുടുംബങ്ങളിലെ ആഭ്യന്തരസുരക്ഷയുടെ പാളിച്ചകള്‍ വെളിപ്പെടുത്തുന്നു. അണു കുടുംബങ്ങളുടെ വ്യാപനവും കൂട്ടു കുടുംബങ്ങളുടെ ശിഥിലീകരണവും ഇതിന് ആക്കം കൂട്ടിയിട്ടുമുണ്ട്.
അധികം പിന്നോട്ടു പോകാത്ത ഭൂതകാലത്തുള്ള അമ്മമാരും ആധുനിക അമ്മമാരും തമ്മില്‍ വലിയ അന്തരമുണ്ട്. സങ്കടങ്ങളുടെ പേമാരികള്‍ക്കിടയിലും അരവയറിന്റെ സമൃദ്ധിമാത്രം സ്വപ്നം കണ്ട അവര്‍ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും മാതൃത്വത്തിന്റെ മഹിത സന്ദേശം ലോകത്തിനു മുന്നില്‍ തെളിയിച്ചവരായിരുന്നു. എന്നാല്‍ അമ്മിഞ്ഞപ്പാലിനൊപ്പം കുഞ്ഞുങ്ങള്‍ക്ക് വിഷം പുരട്ടി നല്‍കുന്ന മാതൃത്വമാണ് ഇന്ന് വാര്‍ത്തകളില്‍ നിറയുന്നതെന്നത് മാറുന്ന ജീവിതസാഹചര്യങ്ങളുടെ പരിഛേദമാണ്.
തോറ്റു പോകരുത്
ജീവിതം വഴിമുട്ടുമ്പോള്‍ ആത്മഹത്യ മാത്രമെ പോംവഴിയുള്ളൂ എന്ന് കരുതുന്നവരാണ് കുഞ്ഞുങ്ങളേയുമെടുത്ത് ജീവിതം അവസാനിപ്പിക്കാന്‍ തുനിയുന്നവരില്‍ ഏറെയും. മാനസിക വൈകല്യങ്ങളായ പോസ്റ്റുപാര്‍ട്ടം ഡിപ്രഷനും ഡിപ്രഷന്‍ ബ്ലൂവുമൊക്കെ കാരണമാകുന്ന കേസുകളുമുണ്ട്. കാരണങ്ങള്‍ എന്താണെങ്കിലും ഈ പ്രവണത മുന്നോട്ടുവയ്ക്കുന്ന ആശങ്ക സാംസ്‌കാരിക സമൂഹത്തിന്റെ മുഖം വികൃതമാക്കും. ഇത്തരം ചിന്തകളില്‍ മാറ്റം വരാത്തിടത്തോളം കാലം പിഞ്ചുകുഞ്ഞുങ്ങള്‍ ഇരകളാകുന്ന കാഴ്ചകള്‍ക്ക് അവസാനമുണ്ടാകില്ലെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍. ജീവിതമെന്തെന്നും അത് പൂര്‍വികര്‍ എങ്ങനെ കൈകാര്യം ചെയ്തുവെന്നും ചിന്തിക്കുന്നവര്‍ക്ക് ഇത്തരം പ്രതിസന്ധികളില്‍ കരുത്തേറും. പ്രാര്‍ഥനയിലൂടെയും സല്‍കര്‍മങ്ങളിലൂടെയും മറ്റും മന:ശാന്തിയും ദൈവിക ചൈതന്യവും നേടിയെടുക്കുന്നതും ജീവിത പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഊര്‍ജം പകരുമെന്നതില്‍ സംശയമില്ല. ഓരോ മനുഷ്യനും സ്വന്തമായി ജീവിക്കുക എന്നതില്‍ കവിഞ്ഞ് ഈ ഭൂമിയില്‍ ദൗത്യങ്ങളുണ്ടെന്ന ചിന്തയും നമുക്കിടയില്‍ നിന്ന് അന്യംപോയതും ഇറക്കുമതി ചെയ്യപ്പെട്ട സംസ്‌കാരങ്ങളുടെ തെറ്റും ശരിയും നോക്കാതെ ജീവിതത്തില്‍ പകര്‍ത്തിയതുമെല്ലാമാണ് നമ്മുടെ പരാജയം.
തിരികെ വരാം ജീവിതത്തിലേക്ക്
ഇത്തരം ആത്മഹത്യകളില്‍ ഏറിയ പങ്കും ഒഴിവാക്കാമെന്ന് സൈക്കോളജിസ്റ്റുകള്‍ പറയുന്നു. ജീവിതത്തില്‍ കാലിടറുന്ന അമ്മമാര്‍ക്ക് സംരക്ഷണം നല്‍കുന്നതിനുള്ള സ്റ്റേ ഹോമുകള്‍ സര്‍ക്കാര്‍ തലത്തില്‍ കുറവാണെന്നതും പ്രതിസന്ധിക്ക് ഇടയാക്കുന്നു.
കഴിഞ്ഞമാസം മാത്രം കുഞ്ഞുങ്ങളോടൊപ്പം മരണത്തിലേക്ക് നടന്നിട്ടും എട്ട് അമ്മമാര്‍ ജീവിതത്തിലേക്കുതന്നെ തിരികെയെത്തി. പക്ഷെ അപ്പോഴേക്കും അവര്‍ക്ക് കൈവിട്ടുപോയത് സ്വന്തം ജീവിതവും പൊന്നു മക്കളേയുമാണ്. കുടുംബാംഗങ്ങളും ഭര്‍തൃവീട്ടുകാരുമെല്ലാം അവരുടെ ശത്രുപക്ഷത്താണിന്ന്. അടുത്ത കാലത്തുണ്ടായ നാല്‍പതിലേറെ കുഞ്ഞുങ്ങളുടെ ഘാതകര്‍ അമ്മമാര്‍ തന്നെയായിട്ടും അതിന്റെ കാരണങ്ങള്‍ അന്വേഷിക്കാന്‍ മലയാളികള്‍ ഒരുക്കമായിട്ടില്ല. ഭൂമിയില്‍ ജനിക്കുന്ന ഏതൊരാള്‍ക്കും അന്തസ്സോടെ ജീവിക്കാനുള്ള അവകാശമുണ്ട്. വലിയ മനുഷ്യാവകാശ ലംഘനങ്ങളാണ് സാമൂഹിക വിപത്തായ ഇത്തരം കൊലപാതകങ്ങള്‍. കാരണങ്ങള്‍ കണ്ടെത്തി ബോധവല്‍ക്കരണം നടത്താനും സുദൃഢമായ സമൂഹത്തെ തിരികെ കൊണ്ടുവരാനും സര്‍ക്കാരിനും ഏജന്‍സികള്‍ക്കും പൊതു സംഘടനകള്‍ക്കും കഴിയണം. മാനസിക പ്രശ്‌നമുള്ളവര്‍ക്ക് കൗണ്‍സിലിങ് നല്‍കാനും ഇരകള്‍ക്ക് പുനരധിവാസത്തിനുള്ള സംവിധാനവും ഒരുക്കണം. മലയാളി ഇനിയും കാണാതെ പോകരുത് വര്‍ധിച്ചുവരുന്ന ഇത്തരം സംഭവങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."