പരിസ്ഥിതി സൗഹൃദ നഗരത്തിനായി 'ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് '
കോഴിക്കോട്: ജില്ലയെ ഹരിതാഭമാക്കുന്നതിനും മാലിന്യമുക്തമാക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജിസം ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന 'ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് ' പദ്ധതിക്കു നാളെ തുടക്കമാകും. ബഹുജന പങ്കാളിത്തത്തോടെ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കുകയും ഉറവിട മാലിന്യപരിപാലന സംവിധാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമടങ്ങുന്ന ബൃഹദ്പദ്ധതിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പരിസ്ഥിതി പ്രവര്ത്തകന് പ്രൊഫ. ടി. ശോഭീന്ദ്രന് മുഖ്യപ്രഭാഷണം നടത്തും.
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു മണ്ണോളം, നല്ല ആരോഗ്യം, ശുദ്ധജലം, നല്ല ജീവിതശൈലി, വൃത്തിയുള്ള പരിസരം, മാലിന്യ സംസ്കരണം എന്നീ പഞ്ചശീലങ്ങളിലൂന്നി കുടുംബശ്രീ സംസ്ഥാന മിഷന് ആവിഷ്കരിച്ച പദ്ധതികളും ജിസം ഫൗണ്ടേഷന് നടപ്പാക്കുന്ന ഹരിത പുരസ്കാരം പദ്ധതിയും സംയോജിപ്പിച്ചതാണ് 'ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് '. പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ നട്ടു പരിപാലിക്കുന്ന വൃക്ഷത്തൈകളുടെ ഫോട്ടോ ജിസം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്നവയില്‍ നിന്ന് ഓരോ മാസവും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കു സ്വര്‍ണനാണയങ്ങള്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."