'നന്മ'യിലെ കുട്ടികളെ ബാലാവകാശ കമ്മിഷന്‍ കൊണ്ടുപോയി 'മക്കളെ' നഷ്ടപ്പെട്ട വേദനയില്‍ സുമതിയമ്മ
സ്വന്തം ലേഖിക
കോഴിക്കോട്: വര്‍ഷങ്ങളായി കണ്ണിലെ കൃഷ്ണമണി പോലെ താന്‍ കാത്തുസൂക്ഷിച്ച കുട്ടികളെ സര്‍ക്കാര്‍ ബാലാവകാശ കമ്മിഷന്‍ അധികൃതര്‍ കൊണ്ടുപോയപ്പോള്‍ ഒന്നു കരയാന്‍ പോലും സുമതിയമ്മയ്ക്കായില്ല. നിയമത്തിനു മുന്നില്‍ നിശ്ചലയായി നില്‍ക്കാനേ അവര്‍ക്കു കഴിഞ്ഞുള്ളൂ. ആരുമില്ലാത്തവര്‍ക്കു ദൈവം തുണയാകുമെന്ന സുമതിയമ്മയുടെ പ്രതീക്ഷയും അതോടെ ഇല്ലാതായി. കൈക്കുഞ്ഞുങ്ങളായതു മുതല്‍ സുമതിയമ്മ സംരക്ഷിക്കുന്ന കുട്ടികളെയാണ് ഇന്നലെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ അധികൃതര്‍ സര്‍ക്കാര്‍ മന്ദിരത്തിലേക്കു മാറ്റിയത്.
വര്‍ഷങ്ങളായി പറമ്പില്‍ബസാറില്‍ സ്ഥിതി ചെയ്യുന്ന നന്മ ട്രസ്റ്റിലെ കുട്ടികളെയാണ് ലൈസന്‍സില്ലാത്തതിനെ തുടര്‍ന്ന് അധികൃതര്‍ മാറ്റിയത്. നാലു പെണ്‍കുട്ടികളും ആറ് ആണ്‍കുട്ടികളുമടക്കം പത്തുപേരെയാണ് അധികൃതര്‍ ഇടപെട്ടു മാറ്റിയത്. ആണ്‍കുട്ടികളെ ഫ്രീബേഡ്‌സിലേക്കും പെണ്‍കുട്ടികളെ സെന്റ് വിന്‍സന്റ് ഹോമിലേക്കുമാണു കൊണ്ടുപോയത്. 18 വയസു തികഞ്ഞ മൂന്നുകുട്ടികള്‍ മാത്രമാണ് ഇപ്പോള്‍ സുമതിയമ്മയുടെ കൂടെയുള്ളത്.
പറമ്പില്‍ബസാറിലെ വാടകക്കെട്ടിടത്തിലാണു നന്മ പ്രവര്‍ത്തിച്ചിരുന്നത്. പശുവിനെയും ആടിനെയും വളര്‍ത്തിയും കൃഷി ചെയ്തും തയ്യല്‍ യൂനിറ്റ് നടത്തിയുമാണ് സുമതിയമ്മ കുട്ടികളെ വളര്‍ത്തിയത്. സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ ഏറെക്കാലമായി സുമതിയമ്മ പ്രശ്‌നത്തിലായിരുന്നു. സ്വന്തമായി സ്ഥലം വാങ്ങി അതില്‍ കെട്ടിടം നിര്‍മിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണു സര്‍ക്കാര്‍ നടപടി. ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട സുമതിയമ്മ ഉറ്റവരും ഉടയവരുമില്ലാത്ത കുട്ടികള്‍ക്കായി ജീവിതം സമര്‍പ്പിക്കാനായാണ് നന്മ ട്രസ്റ്റ് ആരംഭിച്ചത്. തന്റെ കുഞ്ഞുങ്ങളില്ലാതെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയിലാണ് ഇപ്പോള്‍ സുമതിയമ്മ. സര്‍ക്കാര്‍ തന്നോടു കനിവു കാണിക്കുമെന്നു തന്നെയാണ് ഇപ്പോഴും ഈ വൃദ്ധയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."