കാലവര്‍ഷം ലഭിച്ചില്ല പച്ചക്കറി രണ്ടാം വിളയിറക്കല്‍ മുടങ്ങി
പട്ടഞ്ചേരി: മഴയില്ലാത്തതിനാല്‍ പച്ചക്കറി രണ്ടാം വിളയിറക്കല്‍ മുടങ്ങി. പെരുമാട്ടി, പട്ടഞ്ചേരി, കൊല്ലങ്കോട്, എലവഞ്ചേരി, പുതനഗരം, മുതലമട എന്നി പഞ്ചായത്തുകളിലാണ് മഴയില്ലാത്തതിനാല്‍ രണ്ടാം വിളയിറക്കുവാനാകാതെ പച്ചക്കറി കര്‍ഷകര്‍ പ്രതിസന്ധിയിലായത്. തുലാവര്‍ഷം കൃത്യമായി ലഭിക്കാതായതോടെ മൂലത്തറ, മീങ്കര, ചുള്ളിയാര്‍ ഡാമുകളിലെ വെള്ളമുപയോഗിച്ചാണ് പച്ചക്കറികര്‍ഷകര്‍ ഓണത്തിനുള്ള പച്ചക്കറികള്‍ ഉല്‍പാദിപ്പിച്ചത്.
എന്നാല്‍ നിലവില്‍ ഡാമുകളില്‍ വെള്ളമില്ലാത്തതും കാലവര്‍ഷം ശക്തമാകാത്തതിനാല്‍ കുളങ്ങലില്‍ ജലനിരപ്പ് താഴ്ന്നതുമാണ് ചെറുകിടകര്‍ഷകര്‍ക്ക് രണ്ടാം വളിയിറക്കാനാകാതെ പ്രതിസന്ധിയിലായിട്ടുള്ളത്. സെപ്റ്റംബര്‍ മധ്യത്തില്‍ രണ്ടാം വിളയിറക്കല്‍ നടത്തേണ്ട 90 ശതമാനം കര്‍ഷകരും വിളയിറക്കുവാന്‍സാധിക്കാതെ പച്ചക്കറിപാടങ്ങള്‍ ഉപേക്ഷിച്ച അവസ്ഥയാണ്.
കുഴല്‍കിണറുകളും തുറന്ന കിണറുകളും ഉള്ള കര്‍ഷകരാണ് നിലവില്‍ പച്ചക്കറികൃഷി നടത്തിവരുന്നത്. മഴ ഇനിയും ഇല്ലാതായാല്‍ പ്രാദേശികമായുള്ള പച്ചക്കറി ഉല്‍പാദനം ഇത്തവണ ഇല്ലാതാകുമെന്ന് പച്ചക്കറി കര്‍ഷകനായ സുരേഷ് കുമാര്‍ പറയുന്നു.
നെല്ല് ഉള്‍പെടെ പച്ചക്കറികൃഷി രണ്ടാം വിളയിറക്കുന്നതിനായി പറമ്പിക്കുളം വെള്ളം കൂടുതലായി മൂലത്തറയിലും മീങ്കര, ചുള്ളിയാര്‍ ഡാമുകളിലും നിറച്ച് രണ്ടാം വിളയിറക്കല്‍ സാധ്യമാക്കുവാന്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിനോട് സമ്മര്‍ദ്ധം ചെലുത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."